എസ് എസ് എല്‍ സി പരീക്ഷ അവസാനിച്ചു; ഫലം ഏപ്രില്‍ 16ന്

Posted on: March 22, 2015 10:46 am | Last updated: March 22, 2015 at 11:01 am
SHARE

002തിരുവനന്തപുരം: ഐ ടി പരീക്ഷയോടെ അവസാനിച്ച ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയുടെ മൂല്യനിര്‍ണയം വേഗത്തില്‍ പൂര്‍ത്തിയാക്കാനാവശ്യാമായ നടപടികള്‍ പൂര്‍ത്തിയായി. പരീക്ഷാഫലം ഏപ്രില്‍ 16 ന് പ്രഖ്യാപിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങളാണ് പുര്‍ത്തിയാക്കിയിരിക്കുന്നത്. നേരത്തെ ഈ മാസം 28ന് നിശ്ചയിച്ചിരുന്ന എസ് എസ് എല്‍ സി മൂല്യനിര്‍ണയക്യാമ്പ് ഈ മാസം 31ലേക്ക് മാറ്റിയിരുന്നെങ്കിലും മൂല്യനിര്‍ണയ നടപടികള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ 16ന് തന്നെ എസ് എസ് എല്‍ സി ഫലം പ്രഖ്യാപിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

54 ക്യാമ്പുകളിലാണ് മൂല്യനിര്‍ണയ നടപടികള്‍ പൂര്‍ത്തീകരിക്കുക. മൂല്യനിര്‍ണയത്തിന് 12,500 പേരെ നിയമിക്കും. മേയില്‍ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്ത് ജൂണ്‍ ആദ്യവാരം തന്നെ പ്ലസ്‌വണ്‍ പ്രവേശനത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
മൂല്യനിര്‍ണയം നടത്തിയ ഉത്തരക്കടലാസുകളുടെ സ്‌ക്രൂട്ടിനി, ഫോട്ടോകോപ്പി, പുനര്‍മൂല്യനിര്‍ണയം എന്നിവക്കായി പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി അഞ്ച് ദിവസത്തിനകം ഓണ്‍ലൈന്‍വഴി അപേക്ഷിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
അപേക്ഷയുടെ പ്രിന്റൗട്ട് പരീക്ഷ എഴുതിയ സെന്ററിലെ പ്രധാനാധ്യാപകന് നല്‍കണം. എസ് എസ് എല്‍ സി പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടാനാകാത്ത റഗുലര്‍ വിദ്യാര്‍ഥികള്‍ക്കായി മെയ് മാസം സേവ് എ ഇയര്‍ പരീക്ഷ നടത്തും. ഫലം പ്രഖ്യാപിച്ച് അഞ്ച് ദിവസത്തിനകമാണ് ഇതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇതുസംബന്ധിച്ച് പ്രത്യേക വിജ്ഞാപനം പരീക്ഷാ ഫലത്തോടൊപ്പം പുറപ്പെടുവിക്കും. സംസ്ഥാനത്ത് 2,964 സ്‌കൂളുകളിലായി 4,68,495 കുട്ടികളാണ് എസ് എസ് എല്‍ സി പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്തിരുന്നത്. ഗള്‍ഫില്‍ ഒമ്പത് സ്‌കൂളുകളില്‍നിന്ന് 465 പേരും ലക്ഷദ്വീപില്‍ ഒമ്പത് സ്‌കൂളില്‍നിന്ന് 1,128 പേരുമാണ് എസ് എസ് എല്‍ സി പരീക്ഷ എഴുതിയത്. ഈമാസം ഒമ്പതിന് ആരംഭിച്ച ഈ വര്‍ഷത്തെ പരീക്ഷ ചെറിയ പരാതികളൊഴിച്ചാല്‍ വലിയ വിവാദങ്ങളൊന്നുമില്ലാതെയാണ് പൂര്‍ത്തിയാകുന്നത്. പതിവിന് വിപരീതമായി ശനിയാഴ്ചക്ക് പകരം വെള്ളിയാഴ്ചയാണ് പരീക്ഷക്ക് അവധി നല്‍കിയിരുന്നത്.
പാഠഭാഗത്തിന്റെ പുറത്ത് നിന്ന് 20 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ കണക്ക് പരീക്ഷയെക്കുറിച്ചായിരുന്നു വ്യാപകമായ പരാതി ഉയര്‍ന്നിരുന്നത്. സമര്‍ഥരായ വിദ്യാര്‍ഥികളെ പോലും കണക്ക് ചോദ്യപേപ്പര്‍ ബുദ്ധിമുട്ടിച്ചിരുന്നു. ഇതെ തുടര്‍ന്ന് പ്ലസ്ടു കണക്ക് പരീക്ഷാ മൂല്യനിര്‍ണയത്തിനുള്ള സ്‌കീം പോലെ ഫൈനലൈസേഷനില്‍ ഉദാരസമീപനം സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എസ് എസ് എല്‍ സി ഇംഗ്ലീഷ് മീഡിയം സാമൂഹിക ശാസ്ത്രം ചോദ്യപേപ്പറില്‍ ചന്ദ്രക്കലയും നക്ഷത്രവും അച്ചടിച്ചുവന്നതായിരുന്നു മറ്റൊരു വിവാദം. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടിരിക്കുകയാണ്.
ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വി എച്ച് എസ് ഇ പരീക്ഷകള്‍ ഈമാസം 30ന് സമാപിക്കും. കേരളം, ഗള്‍ഫ്, ലക്ഷദ്വീപ്, മാഹി എിവിടങ്ങളിലെ 2008 പരീക്ഷാ കേന്ദ്രങ്ങളിലായി 9,04,382 വിദ്യാര്‍ഥികളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ ആറുമുതല്‍ സംസ്ഥാനത്തെ 52 കേന്ദ്രളില്‍ ആരംഭിക്കും.
ഫലം മുന്‍വര്‍ഷത്തെക്കാള്‍ നേരത്തെ പ്രസിദ്ധപ്പെടുത്തുന്നതിന് മുഴുവന്‍ ജില്ലകളിലും ഓണ്‍ലൈന്‍ ടാബുലേഷന്‍ നടപടികള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.