കൈക്കൂലി ആരോപണം: കോണ്‍ഗ്രസ് നേതാവ് രേണുകാ ചൗധരിക്കെതിരെ കേസെടുത്തു

Posted on: March 21, 2015 3:08 pm | Last updated: March 22, 2015 at 11:33 am
SHARE

renuka-chaudharyഹൈദരാബാദ്: കൈക്കൂലി ആരോപണത്തില്‍ കോണ്‍ഗ്രസ് എം പിയും മുന്‍ കേന്ദ്ര മന്ത്രിയുമായ രേണുകാ ചൗധരിക്കെതിരെ പൊലീസ് കേസെടുത്തു. വഞ്ചനാ കുറ്റത്തിനും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതിനുമാണ് കേസ്. തിരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്ത് 1.10 കോടി രൂപ വാങ്ങിയെന്നാണ് ആരോപണം. തെലങ്കാനയിലെ ഖമ്മം പൊലീസാണ് കേസെടുത്തത്. തെലങ്കാനയിലെ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് രാംജി നായിക്കിനെ കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വൈറ മണ്ഡലത്തില്‍ മത്സരിക്കാമെന്ന് പറഞ്ഞാണ് പണം വാങ്ങിയതെന്ന് പരാതിയില്‍ പറയുന്നു.
എന്നാല്‍ സീറ്റ് നല്‍കിയില്ല. രാംജി പിന്നീട് മരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യ പണം തിരികെ ചോദിച്ചപ്പോള്‍ രേണുകാ ചൗധരി അവരെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും പരാതിയില്‍ പറയുന്നു. രാംജിയുടെ ഭാര്യ ബി കലാവതിയാണ് പരാതി നല്‍കിയത്. കലാവതിയുടെ പരാതിയില്‍ കേസെടുക്കാന്‍ ഹൈദരാബാദ് ഹൈക്കോടതിയാണ് ഉത്തരവിട്ടത്. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അധിക്ഷേപം തടയല്‍ വകുപ്പു പ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് ഖമ്മം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീധര്‍ പറഞ്ഞു.
എന്നാല്‍ ആരോപണം കെട്ടിച്ചമച്ചതാണെന്നും നിയമപരമായി നേരിടുമെന്നും രേണുകാ ചൗധരി പറഞ്ഞു.
‘തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണമാണ് ഇത്. രാഷ്ട്രീയ പ്രേരിതവുമാണ്. കലാവതിയെന്ന സ്ത്രീയെ ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ല. അത് ഞാന്‍ ആണയിട്ട് പറയുന്നു. രാഷ്ട്രീയത്തില്‍ ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടാകു’മെന്നും രേണുക പറഞ്ഞു.