ബിജിമോളുടെ പരാതിയില്‍ മന്ത്രിക്കെതിരെ കേസെടുക്കാം

Posted on: March 21, 2015 1:10 pm | Last updated: March 22, 2015 at 11:32 am
SHARE

BIJIMOL_DSC_0660-2

തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിനിടെ നിയമസഭയില്‍ വെച്ച് തന്നെ അപമാനിച്ചെന്ന ഇ എസ് ബിജിമോള്‍ എം എല്‍ എയുടെ പരാതിയില്‍ മന്ത്രി ഷിബു ബേബിജോണിനെതിരെ കേസെടുക്കാമെന്ന് പോലീസിന് നിയമോപദേശം. കേസെടുത്ത് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് തടസ്സമില്ലെന്നാണ് ജില്ലാ ഗവ. പ്ലീഡര്‍ എ സന്തോഷ്‌കുമാര്‍ ഡി ജി പി. കെ എസ് ബാലസുബ്രഹ്മമണ്യത്തിന് നിയമോപദേശം നല്‍കിയത്. ആവശ്യമെങ്കില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കണമെന്നും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതിന്റെ പേരില്‍ ഉടന്‍ അറസ്റ്റ് ചെയ്യേണ്ടതില്ലെന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.

എന്നാല്‍, ലൈംഗിക അതിക്രമമെന്ന ഇ എസ് ബിജിമോള്‍ എം എല്‍ എയുടെ പരാതിയില്‍ പോലീസ് ഉടന്‍ നടപടിയെടുത്തേക്കില്ല. അഡ്വക്കറ്റ് ജനറല്‍ ആസിഫ് അലിയുടെ നിയോമപദേശം കൂടി ലഭിച്ചതിന് ശേഷം കേസെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്താല്‍ മതിയെന്നാണ് പോലീസ് നിലപാട്.
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിന്മേല്‍ ആക്ഷേപകരമായ പരാമര്‍ശം നടത്തിയ എം എ വാഹിദിനെതിരെയും കെ സി അബുവിനെതിരെയും കേസെടുക്കാമെന്നാണ് ഗവ. പ്ലീഡര്‍ നിയമോപദേശം നല്‍കിയത്. ലൈംഗികാതിക്രമത്തിന് ഇരയായെന്ന് സ്ത്രീ പരാതിപ്പെട്ടാല്‍ കേസെടുക്കണമെന്ന സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശം നിലനില്‍ക്കെ, കേസെടുക്കുകയല്ലാതെ പോലീസിന് മറ്റു പോംവഴിയില്ലെന്നും കേസെടുത്തില്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടാകുമെന്നും നിയമോപദേശത്തില്‍ പറയുന്നു.
ലളിതാകുമാരി കേസിലെ സുപ്രധാന പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ഷിബു ബേബിജോണ്‍, എം എ വാഹിദ്, കെ സി അബു എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ നിയമോപദേശം നല്‍കിയത്. കേസെടുത്ത ശേഷം സ്പീക്കറുമായി കൂടിയാലോചിച്ച് അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാമെന്നും നിയമോപദേശത്തിലുണ്ട്.
ലൈംഗിക സ്വഭാവത്തോടെ തടഞ്ഞുവെന്നാണ് ഷിബുവിനെതിരെയുളള ആരോപണം. നിയമസഭയിലെ സംഭവ വികാസങ്ങള്‍ക്കു ശേഷം നവമാധ്യമങ്ങള്‍ തന്നെ ‘സെക്‌സ് സിംബലാ’യി ചിത്രീകരിച്ചുവെന്നും നിയമസഭയിലും പുറത്തും ഇപ്പോള്‍ തന്റെ അവസ്ഥ ഇതാണെന്നും ബിജിമോള്‍ പറഞ്ഞിരുന്നു. ലൈംഗികചുവയുള്ള പരാമര്‍ശം നടത്തിയ വാഹിദിനും അബുവിനുമെതിരെ കേസെടുക്കണമെന്നും ബിജിമോള്‍ പരാതിയില്‍ ആവശ്യപ്പെടുന്നു. ഒരു സമരത്തിന്റെ ഭാഗമായി മന്ത്രി തന്നെ കായികമായി തടയുകയാണെന്നാണ് കരുതിയത്. എന്നാല്‍, ലൈംഗിക ഉദ്ദേശ്യത്തോടെയാണ് തടഞ്ഞതെന്ന് അബുവിന്റെ പ്രസ്താവനയിലൂടെ വ്യക്തമായി. മന്ത്രിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 354ാം വകുപ്പ് പ്രകാരം കേസെടുക്കണമെന്നാണ് ഡി ജി പിക്ക് നല്‍കിയ പരാതിയില്‍ ബിജിമോള്‍ ആവശ്യപ്പെട്ടത്. പരാതിയില്‍ അന്വേഷണത്തിനായി തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ എച്ച് വെങ്കിടേഷിന് കൈമാറിയിട്ടുണ്ട്.
അതേസമയം, സങ്കീര്‍ണമായ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കെ എം മാണിയെ പിന്തുണക്കാനാണ് മുന്നണിയുടെ തീരുമാനം. തെറ്റു ചെയ്യാത്ത മാണിയെ ബലികൊടുക്കില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന ഇതാണ് വ്യക്തമാക്കുന്നത്. ഇപ്പോള്‍ മാണിക്കെതിരായ നിലപാട് സ്വീകരിച്ചാല്‍ സര്‍ക്കാറിന്റെ നിലനില്‍പ്പ് പ്രതിസന്ധിയിലാക്കി മാണി ഗ്രൂപ്പ് കടുത്ത നിലപാടെടുക്കുമോ എന്ന ആശങ്കക്ക് പുറമെ, പ്രതിപക്ഷത്തിന് കീഴടങ്ങുകയാണെന്ന നിലയും വരും. അങ്ങനെ വന്നാല്‍ അത് പ്രതിപക്ഷത്തിന് രാഷ്ട്രീയമായി ഏറെ ഗുണം ചെയ്യും. അരുവിക്കര ഉപതിരഞ്ഞെടുപ്പും തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ മുന്നണിയെ പ്രതികൂലമായി ബാധിക്കുമെന്നും മുന്നണി വിലയിരുത്തുന്നുണ്ട്.