കുരങ്ങ് പനി മൂലം മരിച്ചവര്‍ക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം: സത്യന്‍ മൊകേരി

Posted on: March 21, 2015 12:04 pm | Last updated: March 21, 2015 at 12:04 pm
SHARE

കല്‍പ്പറ്റ: കുരങ്ങ് പനി മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതമെങ്കിലും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് അഖിലേന്ത്യാ കിസാന്‍സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി സത്യന്‍ മൊകേരി ആവശ്യപ്പെട്ടു. ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള രണ്ട് ലക്ഷം രൂപയുടെ നഷ്ടപരിഹാരം തീര്‍ത്തും അപര്യാപ്തമാണ്. വയനാട്ടില്‍ കഴിഞ്ഞ വര്‍ഷം കടുവ കൊന്ന പശുക്കള്‍ക്ക് പോലും ഒരു ലക്ഷം രൂപ വരെ നഷ്ടപരിഹാരം കൊടുത്തിട്ടുണ്ട്. രണ്ട് പശുക്കളുടെ വില പോലും മനുഷ്യജീവന് കല്‍പ്പിക്കാത്ത സര്‍ക്കാര്‍ നിലപാട് തീര്‍ത്തും മനുഷ്യത്വ രഹിതമാണ്. കുരങ്ങ് പനി ബാധിച്ച് ചികില്‍സയില്‍ കഴിയുന്നവര്‍ക്കും ചികില്‍സ കഴിഞ്ഞ് ആരോഗ്യം വീണ്ടെടുക്കാന്‍ വിശ്രമിക്കുന്നവര്‍ക്കും കാല്‍ലക്ഷം രൂപ വീതമെങ്കിലും സഹായ ധനം അനുവദിക്കണം. കുരങ്ങ് പനി പ്രതിരോധ നടപടികളില്‍ കുറ്റകരമായ അനാസ്ഥയാണ് തുടരുന്നത്. ആരോഗ്യ വകുപ്പും പട്ടികവര്‍ഗ ക്ഷേമ വകുപ്പും വനം വകുപ്പുമൊന്നും തമ്മില്‍ ഇക്കാര്യത്തില്‍ ഏകോപനം ഇല്ല. ഇപ്പോഴും കുരങ്ങ്പനി ബാധിച്ച് ആളുകള്‍ ആശുപത്രിയില്‍ ചുകില്‍സ തേടുന്നുണ്ട്. രാജ്യത്ത് ഈ രോഗം മൂലം ഏറ്റവും കൂടുതല്‍ മനുഷ്യര്‍ മിച്ചത് വയനാട് ജില്ലയിലാണ്. അതിനാല്‍ കേന്ദ്രസംഘം വയനാട്ടിലെത്തണം. രോഗബാധ സ്ഥിരീകരിക്കുന്ന പരിശോധനകള്‍ക്കായി വയനാട് ജില്ലാ ആശുപത്രിയിലും ബത്തേരി താലൂക്ക് ആശുപത്രിയിലും സൗകര്യം ഏര്‍പ്പെടുത്തണം. യഥാര്‍ഥത്തില്‍ കുരങ്ങ് പനി ബാധിച്ച് ഇതുവരെ ജില്ലയില്‍ പത്ത് പേരെങ്കിലും മരിച്ചിട്ടുണ്ട്. ഇതില്‍ എട്ടും ആദിവാസി വിഭാഗങ്ങളില്‍പ്പെട്ടവരാണ്. ഏഴ് പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതില്‍ അഞ്ചും ആദിവാസികളാണ്. രോഗബാധിതരായി ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെയാണ് കുരങ്ങ് പനി പരിശോധന വേണ്ടത്. ഇതുവരെ മരിച്ച ശേഷം മാത്രം രക്തസാമ്പിള്‍ എടുത്ത് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയയ്ക്കുന്ന സ്ഥിതിയാണുള്ളത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ മൂന്നും നാലും ദിവസം വരെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച ശേഷമാണ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിട്ടുള്ളത്. ഇക്കാര്യത്തില്‍ സര്‍ക്കാറും ആരോഗ്യ വകുപ്പും തുടരുന്ന നിസാരവല്‍ക്കരണ സമീപനത്തിന്റെ ഏറ്റവും വലിയ തെളിവാണിത്. ഇത്രയും വലിയ ദുരന്തം വയനാട്ടില്‍ ഉണ്ടായിട്ടും മുഖ്യമന്ത്രി പോലും ഇവിടേയ്ക്ക് എത്താതിരുന്നതും വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കി പ്രതിരോധ നടപടികള്‍ ഫലപ്രദമാക്കാത്തതും അതീവ ഗുരുതരമായ കുറ്റമാണെന്നും സത്യന്‍ മൊകേരി ചൂണ്ടിക്കാട്ടി. കുരങ്ങ് പനി ബാധിച്ച് മരിച്ചവരുടെ വീടുകളും കൂടുതല്‍ പേര്‍ ചികില്‍സ തേടിയ ആദിവാസി കോളനികളും സത്യന്‍ മൊകേരി സന്ദര്‍ശിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. സി പി ഐ നിയമസഭാ കക്ഷിനേതാക്കളായ എം എല്‍ എമാര്‍ 22ന് കുരങ്ങ്പനി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്നും 23ന് തുടങ്ങുന്ന സഭയില്‍ ഈ വിഷയം എം എല്‍ എമാര്‍ അവതരിപ്പിക്കുമെന്നും സത്യന്‍ മൊകേരി അറിയിച്ചു.