Connect with us

Wayanad

കല്‍പ്പറ്റ ബ്ലോക്ക്പഞ്ചായത്തിന് 62.34 കോടിയുടെ ബജറ്റ്

Published

|

Last Updated

കല്‍പ്പറ്റ: 2015-16 സാമ്പത്തിക വര്‍ഷത്തിലേക്കായി 62.34 കോടിയുടെ ബജറ്റുമായി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്.
വൈത്തിരി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനത്തിനായി 15 ലക്ഷം, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകള്‍ക്കായി 25 കോടി, ഷീ ടാക്‌സിക്കായി 46.84 ലക്ഷം, അംഗവൈകല്ല്യമുള്ളവര്‍ക്ക് മുച്ചക്രവാഹനത്തിന് 21 ലക്ഷം, വൃദ്ധരുടെയും ശിശുക്കളുടെയും ക്ഷേമത്തിന് 17 ലക്ഷം, അടിസ്ഥാന വികസനത്തിന് അഞ്ചു കോടി, ഗ്രാമോത്സവത്തിന് 10 ലക്ഷം, മണ്ണ്, ജലം, ജൈവ സമ്പത്ത് സംരക്ഷണം, നെല്‍കൃഷി, അന്യം നിന്നുപോയ നെല്ലിനങ്ങള്‍ സംരക്ഷിക്കല്‍, ജൈവ പച്ചക്കറി പ്രോത്സാഹനം എന്നിവക്കായി 22 കോടി രൂപയടങ്ങുന്നതാണ് ബ്ലോക്ക് പഞ്ചായത്തിന്റെ ബജറ്റ്. സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍, കളിസ്ഥലങ്ങള്‍, ചുറ്റുമതില്‍ നിര്‍മാണം, ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലെ മുഴുവന്‍ പഞ്ചായത്തുകളിലും ഗതാഗത സൗകര്യമൊരുക്കുന്നതിനും ബജറ്റില്‍ ഊന്നല്‍ നല്‍കുന്നുണ്ട്. റോഡും പാലവും കെട്ടിടങ്ങളുമല്ലാത്ത തികച്ചും ജനോപകാരപ്രദമായ വികസനമാണ് ബ്ലോക്ക് പഞ്ചായത്ത് ബജറ്റിലൂടെ ഉയര്‍ത്തിക്കാട്ടുന്നത്.
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം, ക്ഷേമപ്രവര്‍ത്തനങ്ങള്‍, തൊഴില്‍, പരിസ്ഥിതി, മണ്ണ്, ജലം, ജൈവസമ്പത്ത്, നെല്‍കൃഷി, ജൈവപച്ചക്കറികൃഷി എന്നിവക്ക് ബജറ്റ് പ്രാധാന്യം നല്‍കുന്നു. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് മറ്റ് തദ്ദേശഭരണ സ്ഥാപനങ്ങളെ അപേക്ഷിച്ച് വരവിനങ്ങളോ, ചിലവിനങ്ങളോ ഇല്ല. സംസ്ഥാനസര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന പ്ലാന്‍ഫണ്ട്, നോണ്‍ പ്ലാന്‍ഫണ്ട്, വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളിലൂടെ ലഭിക്കുന്ന വിഹിതവും, നാമമാത്രമായ തനത് ഫണ്ടുമാണ് ബ്ലോക്ക് പഞ്ചായത്തുകളുടെ വരുമാനം. ഇതിനുള്ളില്‍ നിന്നും പരമാവധി വികസനപ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടാണ് ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്. ഭവനരാഹിത്യമെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനും ബ്ലോക്ക് പഞ്ചായത്ത് ബജറ്റില്‍ വിഭാവനം ചെയ്യുന്നുണ്ട്. കല്‍പ്പറ്റ ബ്ലോക്കിന് 2015-16 വര്‍ഷം ലഭിക്കുന്ന വികസനഫണ്ടിന്റെ 50 ശതമാനം അധികം തുക പാവപ്പെട്ടവന്റെ ഭവനനിര്‍മ്മാണത്തിനായി നീക്കിവെച്ചിട്ടുണ്ട്. ഈ വര്‍ഷം സാന്ത്വനത്തിന് മുഖ്യപരിഗണന നല്‍കി പാവപ്പെട്ട വൃക്കരോഗികള്‍ക്ക് മാത്രം 15 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. കൂടാതെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ സൗജന്യമായി ഡയാലിസിസ് ചെയ്യുന്നതിന് അഞ്ച് മെഷീനുകള്‍ ഉടന്‍ പ്രവര്‍ത്തന സജ്ജമാകും. 2015-16 വര്‍ഷം ബ്ലോക്ക് പഞ്ചായത്തിന് ആകെ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന 62.34 കോടി രൂപ സംതുലിതമായ രീതിയില്‍ എല്ലാ മേഖലകള്‍ക്കും വിതരണം ചെയ്യാന്‍ സാധിച്ചുവെന്നത് ബജറ്റിനെ വ്യത്യസ്തമാക്കുന്നു. കൂടാതെ ആകെ വരവിനേക്കാള്‍ അഞ്ച് ലക്ഷം രൂപ മിച്ചം പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. വൈസ് പ്രസിഡന്റ് റുഖിയ ടീച്ചര്‍ അവതരിപ്പിച്ചു. പ്രസിഡന്റ് പി.കെ അനില്‍കുമാര്‍ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി ഗഗാറിന്‍, സി.ടി ചാക്കോ, റംല കുഞ്ഞാപ്പ, അനിത ചന്ദ്രന്‍, റസീന കുഞ്ഞുമുഹമ്മദ്, പുഷ്പലത, അനിത ഗോവിന്ദന്‍, ഉഷ ചന്ദ്രന്‍, കെ.ബി നസീമ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ നസീര്‍ ആലക്കല്‍, ആഇശ ഹനീഫ, എം.ആര്‍ ബാലകൃഷ്ണന്‍, അംഗങ്ങളായ സലീം മേമന, ഉണ്ണികൃഷ്ണന്‍, ഷംസുദ്ധീന്‍ അരപ്പറ്റ എന്നിവര്‍ സംസാരിച്ചു.