Connect with us

Wayanad

നെല്ലാക്കോട്ട പഞ്ചായത്തില്‍ കാട്ടാന ശല്യം രൂക്ഷമായി

Published

|

Last Updated

ഗൂഡല്ലൂര്‍: നെല്ലാക്കോട്ട പഞ്ചായത്തില്‍ കാട്ടാന ശല്യം രൂക്ഷമായി. നെല്ലാക്കോട്ട, വിലങ്ങൂര്‍, സസക്‌സ്, ചോലാടി, പാക്കണ, മുക്കട്ടി, റാക്കോട്, ബിദര്‍ക്കാട്, പാട്ടവയല്‍, കുന്ദലാടി, ഓര്‍ക്കടവ് തുടങ്ങിയ സ്ഥലങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. ഒറ്റയായും കൂട്ടമായും എത്തുന്ന കാട്ടാനകള്‍ വന്‍നാശമാണ് വരുത്തുന്നത്.
ജനവാസ കേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും ഇറങ്ങി നാശം വരുത്തുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി നേരിട്ടിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
കഴിഞ്ഞ ദിവസം പാക്കണയില്‍ വൃദ്ധന്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പാക്കണ സ്വദേശി ബാപ്പുട്ടിയാണ് കൊല്ലപ്പെട്ടിരുന്നത്. വീട്ട് മുറ്റത്ത് വെച്ചാണ് ഇയാളെ കാട്ടാന ആക്രമിച്ചിരുന്നു. അത്‌പോലെ സസക്‌സ് എസ്‌റ്റേറ്റില്‍ തേയില തോട്ടത്തില്‍ ജോലിയെടുക്കുകയായിരുന്ന തൊഴിലാളികളെ കാട്ടാനക്കൂട്ടം വിരട്ടിയോടിക്കുകയും ചെയ്തിരുന്നു.
അത്‌പോലെ വ്യാഴാഴ്ച രാത്രിയില്‍ പാട്ടവയല്‍, വീട്ടിപ്പടി എന്നിവിടങ്ങളില്‍ എത്തിയ ഒറ്റയാന്‍ വന്‍നാശം വരുത്തിയിരുന്നു. ജനവാസ കേന്ദ്രത്തിലാണ് കാട്ടാന എത്തിയിരുന്നത്. ജനങ്ങള്‍ ഇപ്പോള്‍ ഭീതിയോടെയാണ് കഴിയുന്നത്. നേരം സന്ധ്യയായാല്‍ ജനം ഇപ്പോള്‍ പുറത്തിറങ്ങാന്‍ ഭയക്കുകയാണ്. എവിടെ നിന്നാണ് വന്യജീവി ആക്രമണം ഉണ്ടാവുകയെന്ന് പറയാന്‍ സാധിക്കാത്ത അവസ്ഥയാണിപ്പോള്‍.
സ്‌കൂളിലേക്കും, മദ്‌റസയിലേക്കും മറ്റും പോകുന്ന വിദ്യാര്‍ഥികളെയാണ് ഇത് ഏറെ ബാധിച്ചിരിക്കുന്നത്.
നിരന്തരം വന്യജീവികളുടെ ആക്രമണങ്ങള്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
സംഭവസമയത്ത് വനപാലകര്‍ സ്ഥലത്തെത്തി കാട്ടാനകളെ പടക്കംപൊട്ടിച്ച് വനത്തിലേക്ക് തുരത്തിയോടിക്കുമെന്നല്ലാതെ ശാശ്വതമായ പരിഹാരം കാണാന്‍ ശ്രമിക്കാറില്ല. വനാതിര്‍ത്തികളില്‍ കിടങ്ങ് നിര്‍മിക്കുകയോ സോളാര്‍ വേലികള്‍ സ്ഥാപിക്കുകയോ ചെയ്താല്‍ മാത്രമെ കാട്ടാന ശല്യത്തിന് പരിഹാരം കാണാന്‍ സാധിക്കുകയുള്ളു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപ്പെട്ട് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Latest