ഭര്‍തൃമതിയെ പൊള്ളിച്ച കേസ്: പ്രത്യേക അന്വേഷണസംഘം ചെന്നൈയിലേക്ക്

Posted on: March 21, 2015 11:59 am | Last updated: March 21, 2015 at 11:59 am
SHARE

കാഞ്ഞങ്ങാട്: കൂളിയങ്കാല്‍ സ്വദേശിനിയും മൂന്ന് മക്കളുടെ മാതാവുമായ നസിയ (30) യെ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി മര്‍ദിക്കുകയും ഇസ്തിരിപ്പെട്ടി കൊണ്ട് ദേഹമാസകലം പൊള്ളിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതിയായ ഭര്‍ത്താവ് നീലേശ്വരം പേരോലിലെ ഫൈസലിനെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ഫൈസലിനെ പിടികൂടാന്‍ നീലേശ്വരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ ഇ പ്രേമരാജന്‍, നീലേശ്വരം പ്രിന്‍സിപ്പല്‍ എസ് ഐ. പി ജെ ജോസ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ചെന്നൈയിലേക്ക് വ്യാപിപ്പിച്ചു. ഫൈസലിനെ കണ്ടെത്താന്‍ കഴിഞ്ഞദിവസം രാത്രി ഫൈസലിന്റെ പിതാവിന്റെ പഴയങ്ങാടി മാട്ടൂലിലുള്ള മൂന്നോളം ബന്ധുവീടുകളില്‍ സി ഐയുടെ നേതൃത്വത്തില്‍ റെയ്ഡ് നടന്നു. ഫൈസല്‍ മാട്ടൂല്‍ മേഖലയില്‍ ഉണ്ടെന്ന് കരുതിയാണ് പോലീസ് ഈ ഭാഗത്ത് അന്വേഷണം നടത്തിയത്.
ഇതിനു മുമ്പ് പരപ്പയിലും ഒഴിഞ്ഞവളപ്പിലും തീര്‍ഥങ്കരയിലുമുള്ള ബന്ധുവീടുകളിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഈ കേസില്‍ ഫൈസലിനു പുറമെ സഹോദരി തൃക്കരിപ്പൂര്‍ ഗവ. ഹോമിയോ മെഡിക്കല്‍ ആശുപത്രിയിലെ ഡോ. നാദിറ, ഇവരുടെ മാതാവ് ഫാത്തിബി എന്നിവരും പ്രതികളാണ്.
ഡോ. നാദിറ കേസില്‍പ്പെട്ട ഉടന്‍ മംഗലാപുരത്തെത്തുകയും അവിടെ നിന്ന് ചെന്നെയിലേക്ക് കടക്കുകയും ചെയ്തതായാണ് പോലീസിന് കിട്ടിയ സൂചന. നാദിറയുടെ ഭര്‍ത്താവായ ചെന്നൈയിലെ ഡോക്ടര്‍ മംഗലാപുരത്ത് എത്തിയാണ് നാദിറയെ കാണാറുള്ളത്. നാദിറ സാധാരണയായി ചെന്നൈയിലേക്ക് പോകാറില്ലെങ്കിലും കേസില്‍പ്പെട്ടതിനാല്‍ രക്ഷപ്പെടാന്‍ ചെന്നെയില്‍ ഭര്‍ത്താവിനെ അഭയം തേടിയതാണെന്ന് പോലീസ് കരുതുന്നു.
അതിനിടെ, ഫൈസലിന്റെ മാതൃസഹോദരിയുടെ മകനും മറ്റൊരു മാതൃസഹോദരിയുടെ മകന്റെ ഭാര്യയും ജില്ലാ ആശുപത്രി പേവാര്‍ഡിലെത്തി നസിയയെ ഭീഷണിപ്പെടുത്തിയും മറ്റും അനുനനയിപ്പിക്കാന്‍ ശ്രമം നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ പോലീസ് നിരീക്ഷണത്തിലാണ്.