Connect with us

Wayanad

തിരുനെല്ലി ഭവനരഹിതരില്ലാത്ത പഞ്ചായത്താകും

Published

|

Last Updated

മാനന്തവാടി: തിരുനെല്ലി പഞ്ചായത്ത് ഭവന രഹിതരില്ലാത്തവരുടെ നാടാകും. 2015-16 വര്‍ഷ ബഡ്ജറ്റിലാണ് 400 വീടുകള്‍ നിര്‍മ്മിച്ച് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി നടപ്പിലാക്കുവാന്‍ ലക്ഷ്യമിടുന്നത്. ഏഴുകോടി രൂപയാണ് പാര്‍പ്പിട പദ്ധതിക്ക് മാത്രം ചെലവഴിക്കുക. ജനസംഖ്യയില്‍ 40ശതമാനവും പട്ടിക വര്‍ഗ്ഗ-പട്ടിക ജാതി വിഭാഗങ്ങളിലുളവര്‍ താമസിക്കുന്ന പഞ്ചായത്താണ് തിരുനെല്ലി. പാര്‍പ്പിട പദ്ധതി നടപ്പിലാകുന്നതോടെ ഈ വിഭാഗങ്ങളിലുള്ളവരുടെ സ്വപ്‌നമാണ് സാക്ഷാല്‍കരിക്കുക.
20.43 കോടിരൂപ വരവും 19.60കോടിരൂപ ചിലവും 83.31 ലക്ഷം രൗപ മിച്ചവുമുള്ള ബഡ്ജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എലിസബത്ത് നാരായണന്‍ അവതരിപ്പിച്ചു. പ്രസിഡന്റ് ഒ ആര്‍ കേളു അധ്യക്ഷനായി. പചഞായത്തിലെ അഭ്യസ്ഥവിദ്യരായ പട്ടികവര്‍ഗ്ഗ പട്ടിക ജാതി വിഭാഗങ്ങളിലെ യുവതികള്‍ക്ക് ആയൂര്‍വേദ നേഴ്‌സിംഗ് പരിശീലനത്തിനും നിര്‍മ്മാണമേഖലയില്‍ പരിശീലനത്തിനുമായി 27 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുക.
കായിക താരങ്ങളുടെ മികച്ച പരിശീലനത്തിന് സൗകര്യമൊരുക്കുന്നതിന് സ്‌റ്റേഡിയം നിര്‍മ്മിക്കും. സ്‌റ്റേഡിയം കം ഷോപ്പിംഗ് കോപ്ലക്‌സിന് 90 ലക്ഷം രൂപയാണ് നീക്കിവച്ചത്. വൃദ്ധ, വികലാംഗ, വനിതാ ക്ഷേമപദ്ധതികള്‍ക്കായി 1.20കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും. വിദ്യാലയങ്ങളിലെ കാഴിഞ്ഞുപോക്ക് തടയുന്നതിനായി 4.44ലക്ഷംരൂപയാണ് നീക്കിവച്ചത്.
തിരുനെല്ലിയെ മാലിന്യമുക്തമാക്കാന്‍ ശുചിത്വമിഷനുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കും. ഉറവിടത്തില്‍ തന്നെ മാലിന്യനിര്‍മാര്‍ജ്ജനമാണ് ലക്ഷ്യമിടുന്നത്. ഇതിനായി 45 ലക്ഷം രൂപയാണ് മാറ്റിവെച്ചത്. ആധുനിക അറവുശാല നിര്‍മ്മിക്കാന്‍ 5ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
കാര്‍ഷിക മേഖലയില്‍ ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ ജലസേചനത്തിനും മണ്ണൊലിപ്പ് തടയുന്നതിനും മീന്‍വളര്‍ത്തലിനുമായി 12 ലക്ഷം രൂപചെലവഴിക്കും. പശ്ചാത്തല വികസനത്തിനും ബഡ്ജറ്റ് നല്ലപരിഗണന നല്‍കിയിട്ടുണ്ട്. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ അനന്തന്‍ നമ്പ്യാര്‍, സി ആര്‍ ഷീല, കെ സിജിത്ത്, ജില്ലാ പഞ്ചാത്തംഗം എ എന്‍ ശുശീല, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ കെ ജയഭാരതി, ഫാത്തിമത് അഷറഫ്, സെക്രട്ടറി കെ രാജീവന്‍, എം കെ ഹമീദലി തുടങ്ങിയവര്‍ സംസാരിച്ചു.

Latest