എസ് എസ് എ അടിസ്ഥാന സൗകര്യ വികസന ഫണ്ട് എയ്ഡഡ് മേഖലക്ക് അപ്രാപ്യം

Posted on: March 21, 2015 11:34 am | Last updated: March 21, 2015 at 11:34 am
SHARE

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായുളള സര്‍വ്വ സിക്ഷാ അഭിയാന്‍ പദ്ധതിയില്‍ എയ്ഡഡ് സ്‌കൂളുകളെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം ശക്തമാവുന്നു.
രാജ്യത്ത് വിദ്യാഭ്യാസ അവകാശ സംരക്ഷണ നിയമം പ്രാബല്യത്തില്‍ വന്നതോടുകൂടി വിദ്യാര്‍ത്ഥികള്‍ക്ക് ഭൗതികവും വിദ്യാഭ്യാസപരവുമായുളള സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. നിലവില്‍ എയ്ഡഡ് മേഖലയിലെ വിദ്യാലയങ്ങള്‍ക്ക് സര്‍ക്കാറില്‍ നിന്നും മെയിന്റനന്‍സ് ഗ്രാന്റ് മാത്രമാണ് നല്‍കുന്നത്. എസ് എസ് എയുടെ വിവിധ ഫണ്ടുകളില്‍ ഭൂരിഭാഗവുംസര്‍ക്കാര്‍ മേഖലയിലെ വിദ്യാലയങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുകയാണ്. വര്‍ഷം തോറും വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലുണ്ടാവുന്ന കുറവും ഇതുമൂലമുണ്ടാവുന്ന തസ്തിക നഷ്ടവുമെല്ലാം ചൂണ്ടിക്കാട്ടി പല എയ്ഡഡ് സ്‌കൂളുകളിലും അടിസ്ഥാന സൗകര്യ വികസനം മുരടിച്ചിരിക്കുകയാണ്. ചുരുക്കം ചില സ്‌കൂളുകള്‍ മാത്രമാണ് അടിസ്ഥാന സൗകര്യ വികസനത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്നത്. ദേശീയ തലത്തില്‍ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടുകൊണ്ട് നടപ്പാക്കിയ പദ്ധതിയാണ് എസ് എസ് എ
ഇതിന്റെ ഫണ്ട് ചെലവഴിക്കുന്നതില്‍ സംസ്ഥാനത്ത് മാത്രമാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നത്. മറ്റുസംസ്ഥാനങ്ങളില്‍ വിഭിന്നമായി വിദ്യാഭ്യ.ാസ മേഖലയില്‍ എയ്ഡഡ് സ്‌കൂളുകള്‍ കൂടി ശക്തമായി നിലനില്‍ക്കന്നതാണ് കാരണം. എസ് എസ് എയുടെ ദേശീയ തല കാഴ്ച്ചപ്പാടനുസരിച്ച് ഫണ്ട് സര്‍ക്കാര്‍ മേഖലകളിലേക്ക് മാത്രമാണ് അനുവദിക്കാന്‍ കഴിയുക. സാമ്പത്തിക പരാധീനതമൂലം അടിസ്ഥാന സൗകര്യ വികസനത്തില്‍ പിന്നോക്കം നില്‍ക്കുന്ന സ്‌കൂളുകളാണെങ്കില്‍ പോലും എസ് എസ് എ ഫണ്ട് ലഭിക്കാത്ത അവസ്ഥയാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്ലാത്ത പലമേഖലകളിലും യു പി, ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് സാമ്പത്തികമായും മറ്റും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്നത് എയ്ഡഡ് വിദ്യാലയങ്ങളെയാണ്. അതുകൊണ്ട് തന്നെ എസ് എസ് എയുടെ അടിസ്ഥാന സൗകര്യ വികസനത്തിനുളള ഫണ്ട് ഇത്തരം വിദ്യാലയങ്ങള്‍ക്കുകൂടി ലഭ്യമാക്കുന്നതില്‍ അപാകതയില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവില്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അധ്യാപക പരിശീലനം, പാഠപുസ്തകങ്ങള്‍, പരീക്ഷാ നടത്തിപ്പ്, ടീച്ചേഴ്‌സ് ഗ്രാന്റ് എന്നിവയാണ് എസ് എസ് എ നല്‍കുന്നത്.