Connect with us

Palakkad

വടക്കഞ്ചേരിയില്‍ സമാധാനം; യോഗം തീരുമാനമാകാതെ പിരിഞ്ഞു

Published

|

Last Updated

വടക്കഞ്ചേരി: വടക്കഞ്ചേരിയില്‍ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ ഇന്നലെ വൈകുന്നേരം ഡി വൈ എസ് പി ഒ കെ ശ്രീരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു.
അടുത്തചര്‍ച്ച 24ന് രാവിലെ പത്തിന് സിഐ ഓഫീസില്‍ നടക്കും. ടൗണിലെ സമാധാനാന്തരീക്ഷം തകരാനുള്ള മൂലകാരണം ചുമട്ടുതൊഴിലാളികളുടെ തൊഴില്‍പ്രശ്‌നമാണെന്ന കണ്ടെത്തലിനെതുടര്‍ന്ന് തൊഴില്‍ പ്രശ്‌നം ചര്‍ച്ചചെയ്യാനാണ് 24ന് വീണ്ടും യോഗം ചേരുന്നത്.
നാട്ടില്‍ നിസ്സാര പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അത് പഠിച്ച് മാത്രം രാഷ്ട്രീയനേതാക്കള്‍ ഇടപെടണമെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും ഡിവൈഎസ്പി നേതാക്കളോട് ആവശ്യപ്പെട്ടു.
പ്രശ്‌നങ്ങളുണ്ടാക്കുന്ന പ്രവര്‍ത്തകരെ ശാസിക്കാനും അവര്‍ക്കെതിരെ നടപടി എടുക്കാനും രാഷ്ട്രീയ നേതൃത്വങ്ങള്‍് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്നലെ സമാധാനചര്‍ച്ച വിളിച്ചതിനിടെ വ്യാഴാഴ്ച രാത്രി കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി എ ടി വര്‍ഗീസ്‌കുട്ടിയെ സിപിഎമ്മുകാര്‍ ആക്രമിച്ചത് നാട്ടില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സി പി എമ്മിന് ആഗ്രഹമില്ലാത്തതുകൊണ്ടാണെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി കെ മാത്യു ചര്‍ച്ചയില്‍ പറഞ്ഞു. ഏത് അക്രമമുണ്ടായാലും ഒരു ഭാഗത്ത് സിപിഎമ്മാണെന്നും കോണ്‍ഗ്രസ് പ്രതിനിധികള്‍ ആരോപിച്ചു.
അക്രമരാഷ്ട്രീയം സി പി എമ്മിന്റെ മാര്‍ഗ്ഗമല്ലെന്ന് സി പി എം ഏരിയ സെക്രട്ടറി ടി കണ്ണനും പറഞ്ഞു.
സി ഐ എസ് പി സുധീരന്‍, വിവിധ പാര്‍ട്ടി പ്രതിനിധികളായ ഡോ. അര്‍സലന്‍ നിസ്സാം, ബാബു മാധവന്‍, കെ മോഹന്‍ദാസ്, കെ ബാലന്‍, സി തമ്പു, പി ഗംഗാധരന്‍, എന്‍ അമീര്‍, എച്ച് ഹനീഫ, എന്‍ പി വാസുദേവന്‍, അശോകന്‍, കൃഷ്ണന്‍കുട്ടി, വി എ ഇക്ബാല്‍, സലാം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.