പദ്ധതി നിര്‍വഹണത്തില്‍ മലപ്പുറം ഒന്നാമത്

Posted on: March 21, 2015 9:54 am | Last updated: March 21, 2015 at 9:54 am
SHARE

മലപ്പുറം: 2014-15 വര്‍ഷത്തെ വികസന ഫണ്ടിന്റെ നിര്‍വഹണ പുരോഗതിയില്‍ 58 ശതമാനവുമായി ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒന്നാം സ്ഥാനത്ത്. സംസ്ഥാന ശരാശരിയേക്കാള്‍ 18.48 ശതമാനമാണ് ജില്ലയിലെ പദ്ധതി പുരോഗതി.
ജില്ലാ പഞ്ചായത്തുകളില്‍ 62.69 ശതമാനത്തോടെ മലപ്പുറം ജില്ലാ പഞ്ചായത്ത് ഒന്നാമതെത്തി. നഗരസഭകളിലും ജില്ലക്കാണ് ഒന്നാം സ്ഥാനം- 59.61 ശതമാനം.
ബ്ലോക്ക് പഞ്ചായത്തുകളില്‍ മൂന്നാം സ്ഥാനത്തുള്ള ജില്ലയിലെ ബ്ലോക്കുകള്‍ 60.49 ശതമാനവും ഗ്രാമപഞ്ചായത്തുകള്‍ 56.57 ശതമാനവും നിര്‍വഹണ പുരോഗതി നേടിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം വിലയിരുത്തി.
ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ പെരുമ്പടപ്പ് (70.18 ശതമാനം), കാളികാവ് (68.49 ശതമാനം) ബ്ലോക്കുകളാണ് മികച്ച പുരോഗതി കൈവരിച്ചത്. സംസ്ഥാന തലത്തില്‍ യഥാക്രമം അഞ്ച്, 10 റാങ്കുകളാണ് ഈ ബ്ലോക്കുകള്‍ക്കുള്ളത്. നഗരസഭകളില്‍ മലപ്പുറം 70.44, പെരിന്തല്‍മണ്ണ 65.3, മഞ്ചേരി 63.41, കോട്ടക്കല്‍ 60.64, നിലമ്പൂര്‍ 60.15, തിരൂര്‍ 58.62, പൊന്നാനി 49.28 ശതമാനം നിര്‍വഹണ പുരോഗതി നേടി.
സംസ്ഥാന തലത്തില്‍ ആദ്യ 10 സ്ഥാനങ്ങളിലെത്തിയ നഗരസഭകളില്‍ ആറെണ്ണം മലപ്പുറത്തേതാണ്. ഗ്രാമപഞ്ചായത്തുകളില്‍ അങ്ങാടിപ്പുറം(80.35 ശതമാനം) സംസ്ഥാനതലത്തില്‍ ഒന്നാംസ്ഥാനവും പുലാമന്തോള്‍ (79.22 ശതമാനം) രണ്ടാം സ്ഥാനവും നേടി. ജില്ലയിലെ 33 ഗ്രാമപഞ്ചായത്തുകള്‍ 60 ശതമാനത്തിന് മുകളില്‍ പദ്ധതി നിര്‍വഹണ പുരോഗതി കൈവരിച്ചിട്ടുണ്ട്. 24 ഗ്രാമപഞ്ചായത്തുകളുടെ നിര്‍വഹണ പുരോഗതി 50 ശതമാനത്തില്‍ താഴെയാണ്.
അഞ്ച് ബ്ലോക്ക് പഞ്ചായത്തുകള്‍, 34 ഗ്രാമപഞ്ചായത്തുകള്‍, നിലമ്പൂര്‍- കോട്ടക്കല്‍- മലപ്പുറം നഗരസഭകള്‍ എന്നിവയുടെയും ജില്ലാ പഞ്ചായത്തിന്റെയും പദ്ധതി ഭേദഗതി നിര്‍ദേശങ്ങള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. പെരുമണ്ണ ക്ലാരി, പുലാമന്തോള്‍ ഗ്രാമപഞ്ചായത്തുകളുടെ 2015-16 വാര്‍ഷിക പദ്ധതിക്കും തിരൂര്‍ നഗരസഭയുടെ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആക്ഷന്‍ പ്ലാനിനും അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി. ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അടുത്ത ഡി പി സി യോഗം ഈമാസം 26ന് ഉച്ചക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരും.