Connect with us

Malappuram

കരിപ്പൂര്‍ വിമാനത്താവള വികസനം;ഭൂമി ഏറ്റെടുക്കാന്‍ അനുവദിക്കില്ലെന്ന് പ്രദേശവാസികള്‍

Published

|

Last Updated

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള വികസനങ്ങള്‍ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കാന്‍ അനുവദിക്കില്ലെന്ന് പ്രദേശവാസികള്‍.
നിരവധി തവണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി വിട്ടു നല്‍കിയ പ്രദേശവാസികളെ ഇനിയും കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ ജനകീയമായി പ്രതിരോധിക്കും. പള്ളിക്കല്‍ ഗ്രാമ പഞ്ചായത്തില്‍ നിന്ന് 137 ഏക്കര്‍ സ്ഥലവും പള്ളിക്കല്‍, നെടിയിരുപ്പ് കൊണ്ടോട്ടി പഞ്ചായത്തുകളില്‍ നിന്നായി 248. 3 ഏക്കറുമാണ് വിമാനത്താവള വികസനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ പോകുന്നത്. എന്നാല്‍ 100 കോടി രൂപ ചെലവില്‍ ഭൂമി ഏറ്റെടുക്കാതെ തന്നെ പുതിയ ടെര്‍മിനലിനെന്ന പേരില്‍ ഇത്രയും ഭൂമി ഏറ്റെടുക്കുന്നത് മറ്റു ചില ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ്. മാത്രമല്ല ഭൂമി ഏറ്റെടുത്ത് കഴിഞ്ഞാല്‍ നിലവിലെ റണ്‍വെയുടെ നിരപ്പിലേക്ക് പ്രദേശത്തെ ഉയര്‍ത്തി വരിക എന്നത് ദുഷ്‌കരമാണ്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കുന്നതിന് വേണ്ടി അഡ്വ. കെ എന്‍ എ ഖാദിര്‍ എം എല്‍ എ ചെയര്‍മാനായ ഉപസമിതിക്ക് എയര്‍പോര്‍ട്ട് ഉപദേശക സമിതി രൂപം നല്‍കിയിരുന്നു. 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട ഈ ഉപസമിതി ഒന്നരവര്‍ഷം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. ആയതിനാല്‍ ഉപസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രദേശവാസികളെ അങ്ങേയറ്റം നിരാശപ്പെടുത്തുന്നതാണ്. ഭൂമിയേറ്റെടുക്കലില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും എയര്‍പോര്‍ട്ട് ഏരിയ കുടിയൊഴിപ്പിക്കല്‍ പ്രതിരോധ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.