ലീഗ് മാറി നിന്നു: ഫൗസിയ വീണ്ടും കൊണ്ടോട്ടി പഞ്ചായത്ത് പ്രസിഡന്റ്

Posted on: March 21, 2015 9:52 am | Last updated: March 21, 2015 at 9:52 am
SHARE

കൊണ്ടോട്ടി: കൊണ്ടോട്ടി പഞ്ചായത്ത്പ്രസിഡന്റായി കോണ്‍ഗ്രസിലെ വി ടി ഫൗസിയ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഒരു മാസം മുമ്പ് ലീഗ് അംഗങ്ങള്‍ പ്രസിഡന്റായിരുന്ന ഫൗസിയയെ അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു.
ഇന്നലെ ഒഴിവു വന്ന പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മറ്റാരും സ്ഥാനാര്‍ഥികളായി ഇല്ലാതിരുന്നതിനാല്‍ വോട്ടെടുപ്പില്ലാതെ തന്നെ ഫൗസിയ ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. വ്യാഴാഴ് ച നടക്കേണ്ട പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒമ്പത് ലീഗ് അംഗങ്ങള്‍ വിട്ടു നിന്നതിനാല്‍ ക്വാറം തികയാതിരുന്നതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഇന്നലേക്ക് മാറ്റി വെക്കുകയായിരുന്നു. ഇന്നലേയും ലീഗ് അംഗങ്ങള്‍ വിട്ടു നിന്നതിനാല്‍ ക്വാറം തികയാതെ തന്നെ തിരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. 17 അംഗ ഭരണ സമിതിയിലെ കോണ്‍ഗ്രസിലെ ആറ് അംഗങ്ങളും സി പി എമ്മിലെ രണ്ട് അംഗങ്ങളും തിരഞ്ഞെടുപ്പിനെത്തി. സി പി എം അംഗങ്ങള്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നു. കോണ്‍ഗ്രസിലെ മുഴുവന്‍ അംഗങ്ങളും ഫൗസിയയെ പിന്തുണച്ചു.