Connect with us

Malappuram

വികസനം കാത്ത് കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷന്‍

Published

|

Last Updated

വളാഞ്ചേരി: ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളിലൊന്നായ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ വെയില്‍ കൊള്ളാതെ ഒന്നിരിക്കണമെങ്കില്‍ കോണിക്കൂട്ടിലെ കമ്പികള്‍ തന്നെ ആശ്രയം.
കാലങ്ങളായി വികസനമെന്നത് ഈ റെയില്‍വേ സ്റ്റേഷന് അന്യമാണ്. ട്രെയിന്‍ കാത്തിരിക്കുന്ന യാത്രക്കാര്‍ക്ക് ആവശ്യമായ ഇരിപ്പിടങ്ങള്‍ ഇവിടെയില്ല. ഉള്ള ഇരിപ്പിടങ്ങള്‍ക്ക് മേല്‍കൂരയില്ലാത്ത അവസ്ഥയിലാണ് അധികവും. അതിനാല്‍ ട്രെയിന്‍ കാത്ത് മടുത്ത പലരും റെയില്‍വേ ട്രാക്കിന് മുകളിലൂടെയുള്ള കോണിയുടെ അടിയിലെ കമ്പികളിലിരുന്ന് ആശ്വാസം നേടും. വെയില്‍ കൊള്ളാതെയിരിക്കാം എന്നതാണ് ഇവിടത്തെ പ്രത്യേകത.
വെയിലും മഴയും കൊണ്ട് വേണം പ്ലാറ്റ്‌ഫോം രണ്ടില്‍ യാത്രക്കാര്‍ക്ക് നില്‍ക്കാന്‍. രാത്രിയായല്‍ ആവശ്യമായ വെളിച്ചവും ഇവിടെയില്ല. അതുകാരണം പ്ലാറ്റ്‌ഫോം രണ്ടില്‍ ഇഴജന്തുക്കളുടെ ശല്യം ഉണ്ടാവാറുണ്ട്.
തൊട്ടടുത്ത പൊന്തകാടില്‍ നിന്നും പലതവണ പാമ്പുകള്‍ പ്ലാറ്റ്‌ഫോമില്‍ കയറുകയും യാത്രക്കാര്‍ക്ക് ഭീഷണിയുയര്‍ത്തുകയും ചെയ്തിരുന്നു. യാത്രക്കാര്‍ക്ക് സുരക്ഷിതമായി ട്രെയിന്‍ കാത്തു നില്‍ക്കാനാകാത്ത അവസ്ഥയാണിവിടെയുള്ളത്. ഇഴജന്തുക്കളുടെ ശല്യമില്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നാവശ്യം ശക്തമായിട്ടുണ്ട്. ആയിരകണക്കിന് യാത്രക്കാരാണ് ഇവിടെ നിത്യവും ട്രെയിന്‍ കയറിയിറങ്ങുന്നത്. എന്നാല്‍ യാത്രക്കാരുടെ സൗകര്യങ്ങളോ സുരക്ഷിതത്വമോ ഇവിടെ മാനിക്കപ്പെടാറില്ല. മാറി വരുന്ന കേന്ദ്ര സര്‍ക്കാരുകളുടെ റെയില്‍വേ ബജറ്റില്‍ നിന്നും കുറ്റിപ്പുറം എന്നും പുറത്താണ്. കാലങ്ങളായി വികസനത്തിന് കാത്തിരിക്കുകയാണ് കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനും യാത്രക്കാരും.