Connect with us

Kozhikode

തിരുവങ്ങൂരില്‍ കമ്പ്യൂട്ടര്‍വത്കൃത കാലിത്തീറ്റ ഫാക്ടറി ഉദ്ഘാടത്തിനൊരുങ്ങുന്നു

Published

|

Last Updated

കോഴിക്കോട്: തിരുവങ്ങൂര്‍ നാളികേര കോംപ്ലക്‌സ് നിലനിന്ന സ്ഥലത്ത് കേരള ഫീഡ്‌സിന്റെ കാലിത്തീറ്റ ഫാക്ടറി നിര്‍മാണം അവസാനഘട്ടത്തിലേക്ക്. പ്രതിദിനം 300 മെട്രിക് ടണ്‍ ഉത്പാദനശേഷിയുള്ള അത്യാധുനിക കമ്പ്യൂട്ടര്‍ നിയന്ത്രിത കാലിത്തീറ്റ ഫാക്ടറിയാണ് തിരുവങ്ങൂരില്‍ ഒരുങ്ങുന്നത്.

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ സെപ്തംബര്‍ ഏഴിന് ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും. ഏപ്രില്‍ ആദ്യവാരത്തോടെ ഉദ്ഘാടനം നടത്താനാകുന്ന തരത്തിലാണ് പ്രവൃത്തികള്‍ പുരോഗമിക്കുന്നത്. വൈദ്യുതീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്നതോടെ ഉദ്ഘാടനം നടത്താമെന്നാണ് കിറ്റ്‌കോ അധികൃതര്‍ പറയുന്നത്. നാളികേര വികസന കോര്‍പറേഷന്‍ വിട്ടുനല്‍കിയ 10.8 ഏക്കര്‍ സ്ഥലത്താണ് ഒട്ടേറെ തൊഴിലവസരങ്ങളും കാര്‍ഷികമേഖലയില്‍ മുന്നേറ്റവും സാധ്യമാക്കുന്ന കാലിത്തീറ്റ നിര്‍മാണ ഫാക്ടറി ഉദ്ഘാടനത്തിനൊരുങ്ങുന്നത്.
57.30 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ഫാക്ടറിയില്‍ 25,924 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫിനിഷ്ഡ് പ്രൊഡക്ട് ഗോഡൗണ്‍ നിര്‍മാണം നേരത്തെ പൂര്‍ത്തിയായിരുന്നു. പഴയ നാളികേര കോംപ്ലക്‌സിന്റെ ഭാഗമായിരുന്ന 38,493 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഗോഡൗണിന്റെ നിര്‍മാണവും പൂര്‍ത്തിയായി.
സീസണുകളില്‍ ലഭ്യമാകുന്ന അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിക്കാന്‍ 700 ടണ്‍ സംഭരണശേഷിയുള്ള 10 സൈലോകള്‍ തുര്‍ക്കിയില്‍ നിന്ന് ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇവ സ്ഥാപിക്കുന്നതിനായി വിദഗ്ധ എന്‍ജിനീയര്‍മാരുടെ സഹായവും ലഭ്യമാക്കിയിട്ടുണ്ട്. മില്ലിംഗ്, മിക്‌സിംഗ്, കുക്കിംഗ്, പെല്ലറ്റിംഗ് ടെക്‌നോളജിയില്‍ കാലിത്തീറ്റ നിര്‍മിക്കുന്നതിന് 35 മീറ്റര്‍ ഉയരമുള്ള ഫീഡ്മില്‍ ടവര്‍, ഫീഡ്മില്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന കമ്പ്യൂട്ടറൈസ്ഡ് മോട്ടോര്‍ കണ്‍ട്രോള്‍ സെന്റര്‍ എന്നിവയുടെ നിര്‍മാണവും പൂര്‍ത്തീകരിച്ചു. 32 ലക്ഷം സംഭരണശേഷിയുള്ള മഴ വെള്ളസംഭരണി, 60,40 ടണ്‍ ശേഷിയുള്ള രണ്ട് വെയിംഗ് ബ്രിഡ്ജുകള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 1010 കിലോവാട്‌സ് ജനറേറ്റര്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള യന്ത്രസാമഗ്രികളും പൂര്‍ണമായി കമ്പ്യൂട്ടര്‍വത്കരിച്ച ഉത്പാദനപ്രക്രിയയും ഇവിടെയുണ്ടാകും.
കാലിത്തീറ്റ നിര്‍മാണത്തോടൊപ്പം 60 ടണ്‍ ആട് തീറ്റയും നാളികേര എക്‌സ്ട്രാക്ട് യൂനിറ്റും ഇവിടെ തയ്യാറായിക്കഴിഞ്ഞു. പുതുതായി അംഗീകാരം ലഭിച്ച നവീകരിച്ച ലാബ് കം അഡ്മിന്‍ ബ്ലോക്കിന്റെ നിര്‍മാണവും പുരോഗമിക്കുകയാണ്.
നാളികേര വികസന കോര്‍പറേഷന്റെ കീഴിലുണ്ടായിരുന്ന തിരുവങ്ങൂര്‍ നാളികേര കോംപ്ലക്‌സിന് കെ എസ് ഇ ബി, ബി എസ് എന്‍ എല്‍ തുടങ്ങിയ വിഭാഗങ്ങളിലേക്ക് ലക്ഷങ്ങളുടെ കുടിശ്ശിക അടച്ചുതീര്‍ക്കാനുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ 100 ദിന കര്‍മപരിപാടിയിലുള്‍പ്പെടുത്തി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിപ്രകാരം ഈ കുടിശ്ശിക കേരള ഫീഡ്‌സ് അടച്ചുതീര്‍ത്തു. തുടര്‍ന്നാണ് ഫാക്ടറിയുടെ നിര്‍മാണം തുടങ്ങിയത്.