Connect with us

Kozhikode

ജനസമ്പര്‍ക്ക പരിപാടി: അപേക്ഷകളില്‍ ഒരാഴ്ചക്കകം നടപടിയെടുക്കണം- കലക്ടര്‍

Published

|

Last Updated

കോഴിക്കോട്: ഏപ്രില്‍ 27 ന് കോഴിക്കോട്ട് നടക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ലഭിക്കുന്ന അപേക്ഷകളില്‍ ഒരാഴ്ചക്കകം തന്നെ ബന്ധപ്പെട്ട വകുപ്പ് തലവന്‍മാര്‍ പരമാവധി കക്ഷിക്കനുകൂലമായി തീര്‍പ്പ് കല്‍പ്പിച്ച് ഓണ്‍ലൈനായിത്തന്നെ റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് നിര്‍ദേശിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല ഓഫീസര്‍മാരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കേണ്ട അപേക്ഷകളില്‍ അതാത് ഓഫീസര്‍മാര്‍ അപേക്ഷകളുടെ പ്രിന്റ്ഔട്ട് എടുത്ത് രേഖകള്‍ സഹിതം സര്‍ക്കാറിന് സമര്‍പ്പിക്കണം. ഈ വിവരം ഓണ്‍ലൈനായി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും വേണം.
ശാരീരികമായി അവശതയനുഭവിക്കുന്ന അപേക്ഷകരെ ജനസമ്പര്‍ക്ക പരിപാടി വേദിയിലേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ ഇവരെ നേരില്‍ സന്ദര്‍ശിച്ച് ആവശ്യമെങ്കില്‍ ഫോട്ടോ സഹിതം കലക്ടറേറ്റില്‍ റിപ്പോര്‍ട്ട് നല്‍കണം. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജനസമ്പര്‍ക്ക പരിപാടി ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയുടെ നേതൃത്വത്തിലുള്ള സംഘം ഇത്തരം അപേക്ഷകരെ വീണ്ടും നേരില്‍ കാണുന്നതാണെന്നും കലക്ടര്‍ പറഞ്ഞു. എല്ലാ ജില്ലാ ഓഫീസര്‍മാരും തങ്ങളുടെ വകുപ്പുകളുമായി ബന്ധപ്പെട്ട് ആകെ ലഭിച്ച അപേക്ഷകള്‍, നടപടിയെടുത്തവ, അവശേഷിക്കുന്നവ എന്നിവയെക്കുറിച്ച് ഓരോ ശനിയാഴ്ചയും പുരോഗതി റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് നല്‍കണം. ജനസമ്പര്‍ക്ക പരിപാടിയെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഓഫീസ് പരിസരങ്ങളില്‍ ബാനറുകള്‍ പ്രദര്‍ശിപ്പിക്കണം.
മാര്‍ച്ച് 28 വരെയാണ് അപേക്ഷ സ്വീകരിക്കുക. ഇതിനകം 852 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ലഭിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട വകുപ്പ് തലവന്‍മാര്‍ക്ക് അയച്ചുതുടങ്ങിയിട്ടുണ്ട്. ഓരോ വകുപ്പ് തലവന്‍മാര്‍ക്കും അനുവദിച്ച യൂസര്‍ ഐ ഡിയും പാസ്‌വേഡും ഉപയോഗിച്ച് ജനസമ്പര്‍ക്ക പരിപാടി വെബ്‌സൈറ്റായ ംംം.ഷുെ.സലൃമഹമ.ഴീ്.ശി വഴി അപേക്ഷ പരിശോധിക്കണം. തങ്ങളുടെ വകുപ്പുമായി ബന്ധമില്ലാത്ത അപേക്ഷകള്‍ ലഭിക്കുന്ന പക്ഷം അവ ഓണ്‍ലൈനായി ജില്ലാ കലക്ടര്‍ക്ക് തിരികെ അയക്കണമെന്നും കലക്ടര്‍ അറിയിച്ചു.
യോഗത്തില്‍ എ ഡി എം കെ രാധാകൃഷ്ണന്‍, സിറ്റി പോലിസ് കമ്മീഷണര്‍ പി എ വല്‍സന്‍, റൂറല്‍ എസ് പി പി എച്ച് അഷ്‌റഫ്, ഫിനാന്‍സ് ഓഫീസര്‍ ജെ സി ഹെലന്‍ ഹമീദ്, ജനസമ്പര്‍ക്ക പരിപാടി സ്‌പെഷ്യല്‍ ഓഫീസര്‍ കെ ഹിമ, ഡെപ്യൂട്ടി കലക്ടര്‍മാരായ ഷാമിന്‍ സെബാസ്റ്റ്യന്‍, സി മോഹനന്‍, എം വിശ്വനാഥന്‍, ജില്ലാതല ഓഫീസര്‍മാര്‍ പങ്കെടുത്തു.

Latest