Connect with us

Kozhikode

പരിശീലനത്തോടൊപ്പം മികച്ച തൊഴില്‍ പദ്ധതി; കുടുംബശ്രീ 75 പഞ്ചായത്തുകളില്‍ ഒരു ലക്ഷത്തിലേറെ പേരില്‍ സര്‍വേ നടത്തി

Published

|

Last Updated

കോഴിക്കോട്: ഗ്രാമീണ മേഖലയിലെ യുവതീ യുവാക്കള്‍ക്ക് മികച്ച തൊഴില്‍ മേഖലകളില്‍ സൗജന്യ പരിശീലനവും ജോലിയും നല്‍കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിശ്കരിച്ച ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജനയുടെ പ്രചാരണാര്‍ഥം ജില്ലയിലെ 12 കേന്ദ്രങ്ങളില്‍ കുടുംബശ്രീ ബോധവത്കരണ കലാജാഥകള്‍ സംഘടിപ്പിക്കുന്നു. ജാഥയുടെ ഉദ്ഘാനം ഈ മാസം 27 ന് വൈകുന്നേരം മൂന്ന് മണിക്ക് ഫറോക്കില്‍ നടക്കുമെന്ന് കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ മുഹമ്മദ് ഇസ്മാഈല്‍ അറിയിച്ചു.

31 ന് കുറ്റിയാടിയിലാണ് സമാപനം. ബി പി എല്‍ വിഭാഗത്തില്‍പ്പെട്ട 15നും 35 നുമിടയില്‍ പ്രായമുള്ളവരും തൊഴിലുറപ്പ് പദ്ധതിയില്‍ മൂന്ന് വര്‍ഷത്തിനിടയില്‍ 35 ദിവസമെങ്കിലും ജോലി ചെയ്തവരും അവരുടെ മക്കളുമാണ് (എ പി എല്‍ ഉള്‍പ്പടെ) പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഭിന്നശേഷിയുള്ളവര്‍ക്കും ഗോത്രവിഭാഗങ്ങള്‍ക്കും 45 ആണ് പ്രായപരിധി.
ഗുണഭോക്താക്കളുടെ താത്പര്യവും അഭിരുചിയും അനുസരിച്ചുള്ള തൊഴില്‍ മേഖലകളിലാണ് പരിശീലനം നല്‍കുക. അതോടൊപ്പം ഇംഗ്ലീഷ് ഭാഷയിലും വ്യക്തിത്വ വികസനത്തിലും ട്രെയിനിംഗ് നല്‍കും. വിദഗ്ധ പരിശീലന സ്ഥാപനങ്ങളുടെ സഹായത്തോടെ വിവിധ തൊഴിലുടമകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്ന 75 ശതമാനം പേര്‍ക്ക് മാസവേതനാടിസ്ഥാനത്തിലുള്ള തൊഴില്‍ ഉറപ്പുനല്‍കുന്നുണ്ടെന്നതാണ് ഇതിന്റെ സവിശേഷത.
കമ്മ്യൂണിക്കേഷന്‍, മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍, കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍, ഓട്ടോമൊബൈല്‍സ്, ഹോസ്പിറ്റാലിറ്റി, സെയില്‍സ്, പ്ലംബിംഗ്, ഇലക്ട്രിക്കല്‍സ്, എംബ്രോയിഡറി, കണ്‍സ്ട്രക്ഷന്‍, ലോജിസ്റ്റിക്‌സ്, ബ്യൂട്ടീഷന്‍, ബി പി ഒ, കസ്റ്റമര്‍ സര്‍വീസ്, ഷെഫ്, വെബ് ഡിസൈനിംഗ്, അക്കൗണ്ടിംഗ് തുടങ്ങിയ മേഖലകളിലാണ് പരിശീലനവും ജോലിയും നല്‍കുക. മൂന്ന് മാസത്തെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 6000 രൂപ മുതല്‍ ഒരു വര്‍ഷത്തെ പരിശീലനം നേടുന്നവര്‍ക്ക് 15000 രൂപ വരെ ശമ്പളമുള്ള ജോലികളാണ് വാഗ്ദാനം. അപ്പോളോ മെഡ് സ്‌കില്‍സ്, കഫേ കോഫി ഡേ, എന്‍ ഐ ഐ ടി, കാപ്‌സ്റ്റോണ്‍ ഫെസിലിറ്റീസ്, ഐ ടി സി ഒ ടി കണ്‍സല്‍ട്ടന്‍സി, ടീം ലീസ് സര്‍വീസ്, റെഡോക്‌സ് ലാബറട്ടറീസ് ഇന്ത്യ, എ സി ഇ സ്‌കില്‍സ്, ശ്രീ ടെക്‌നോളജീസ്, എസ് ബി ഗ്ലോബല്‍, കിറ്റെക്‌സ്, തോലണ്‍സ് നോളജ് മാനേജ്‌മെന്റ്, സിന്‍ക്രോസെര്‍വ് ഗ്ലോബല്‍ സൊല്യൂഷന്‍സ് തുടങ്ങിയ സ്ഥാപനങ്ങളാണ് വ്യത്യസ്ത മേഖലകളിലായി പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി ജില്ലയിലെ 75 പഞ്ചായത്തുകളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഇതിനകം സര്‍വേ നടത്തി 1,60,000 പേരില്‍ നിന്ന് അടിസ്ഥാന വിവരങ്ങള്‍ ശേഖരിച്ചുകഴിഞ്ഞതായി പദ്ധതിയുടെ ജില്ലാ കണ്‍സല്‍ട്ടന്റ് ജെന്‍സണ്‍ പറഞ്ഞു. പരിശീലനം സൗജന്യമാണെന്നതിനു പുറമെ, ജില്ലയിലെ തിരഞ്ഞെടുക്കപ്പെടുന്ന പരിശീലന കേന്ദ്രത്തിലേക്കുള്ള യാത്രാബത്തയും ഗുണഭോക്താക്കള്‍ക്ക് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

Latest