ബീച്ചില്‍ സ്വകാര്യ പ്രദര്‍ശനത്തിനൊരുക്കിയ പന്തല്‍ പൊളിച്ചുനീക്കാന്‍ കലക്ടറുടെ ഉത്തരവ്

Posted on: March 21, 2015 9:25 am | Last updated: March 21, 2015 at 9:25 am
SHARE

കോഴിക്കോട്: ബീച്ചില്‍ സ്വകാര്യ പ്രദര്‍ശനത്തിനായി കെട്ടിയുണ്ടാക്കിയ പന്തല്‍ പൊളിച്ചുനീക്കാന്‍ കലക്ടര്‍ എന്‍ പ്രശാന്ദ് ഉത്തരവിട്ടു. സ്വകാര്യ സംഘടനക്ക് പ്രദര്‍ശനം നടത്താന്‍ സൗകര്യമൊരുക്കിയ ഡി ടി പി സി സെക്രട്ടറി രാജീവിനെ തത്സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു.
സ്വകാര്യ വ്യക്തികള്‍ ഫീസ് വാങ്ങി നടത്തുന്ന പ്രദര്‍ശനത്തിന് ഡി ടി പി സിയുടെ പേരും മുദ്രയും ഉപയോഗിക്കാന്‍ അനുവാദം നല്‍കിയതിനാണ് സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് മാറ്റിയത്. ഡി ടി പി സിയുടെ പേര് ഉപയോഗിച്ച് പ്രദര്‍ശനം നടത്താന്‍ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് കലക്ടര്‍ പറഞ്ഞു.
തീരദേശരക്ഷാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി എന്ന സംഘടനക്കായി ഈ മാസം 27 മുതല്‍ കടപ്പുറത്ത് അന്തര്‍ദേശീയ അക്വ പെറ്റ് ഷോ നടത്താനാണ് ബീച്ചില്‍ പന്തല്‍ ഉയര്‍ത്തിയത്. കോര്‍പറേഷന്റെയും ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെയായിരുന്നു പന്തല്‍ നിര്‍മാണം. ഡി ടി പി സി സെക്രട്ടറി ലെറ്റര്‍ പാഡില്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് പോര്‍ട്ട് അധികൃതര്‍ താത്കാലികമായി പ്രദര്‍ശനം നടത്താന്‍ അനുമതി നല്‍കിയത്. ഇത് കലക്ടര്‍ റദ്ദ് ചെയ്തു.
കോസ്‌മോ പൊളിറ്റന്‍ ക്ലബിന്റെ എതിര്‍വശത്തായി കടപ്പുറത്ത് നടന്ന് പോകാന്‍ പോലും കഴിയാത്ത വിധം ഇരുമ്പു തൂണുകള്‍ സ്ഥാപിച്ചാണ് പ്രദര്‍ശന നഗരി ഒരുക്കിയത്. 150 മീറ്ററില്‍ അധികം നീളത്തില്‍ പന്തല്‍ ഉയര്‍ന്നതോടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബീച്ച് കാണാനെത്തുന്നവര്‍ക്കും പ്രഭാത സവാരിക്കെത്തുന്നവര്‍ക്കും തടസ്സമായി. ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ വരികയും പ്രതിഷേധം ഉയരുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കലക്ടറുടെ നടപടി.