Connect with us

Kozhikode

പോബ്‌സണ്‍ ക്രഷറില്‍ നിലവിലെ ക്യൂ സിസ്റ്റം തുടരണം

Published

|

Last Updated

മുക്കം: കൊടിയത്തൂരില്‍ പ്രവര്‍ത്തിച്ചുവരുന്ന പോബ്‌സണ്‍ ക്രഷറില്‍ നിന്ന് കെട്ടിട നിര്‍മാണ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് നിലവിലുള്ള ക്യൂ സിസ്റ്റം തന്നെ തുടരണമെന്ന് നെല്ലിക്കാപറമ്പ് മേഖലാ ലോറി ഡ്രൈവേഴ്‌സ് തൊഴില്‍ സംരക്ഷണ സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൊടിയത്തൂര്‍, കാരശ്ശേരി ഗ്രാമപഞ്ചായത്തുകളിലെ 150ലേറെ ടിപ്പര്‍ ലോറികള്‍ക്ക് 15 വര്‍ഷത്തോളമായി ഈ സംവിധാനത്തിലാണ് ലോഡ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗോതമ്പുറോഡിലെ ഏതാനും ഡ്രൈവര്‍മാര്‍ക്ക് ആദ്യലോഡുകള്‍ നല്‍കണമെന്ന പ്രാദേശിക വാദവുമായാണ് ചിലര്‍ രംഗത്തിറങ്ങിയിട്ടുള്ളത്. ഇവരുടെ വാദം അംഗീകരിച്ചാല്‍ ഏതാനുമാളുകള്‍ക്ക് യഥേഷ്ടം ലോഡുകള്‍ ലഭിക്കുകയും മറ്റു വണ്ടികള്‍ക്ക് ലോഡുകള്‍ നിഷേധിക്കപ്പെടുകയും ചെയ്യും. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാത്തതിനാല്‍ നിരവധി ക്രഷറുകള്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ച അവസ്ഥയില്‍ മൂന്ന് ക്രഷറുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചുവരുന്നത്. എല്ലാവര്‍ക്കും ലോഡ് കിട്ടുന്ന അവസ്ഥയാണ് ഉണ്ടാവേണ്ടതെന്നും നേതാക്കള്‍ പറഞ്ഞു. ജോലി സംരക്ഷിക്കുന്നതിനായി സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. നാളെ വൈകുന്നരം നാല് മണിക്ക് നെല്ലിക്കാപറമ്പില്‍ നിന്നും ഗോതമ്പറോഡിലേക്ക് തൊഴില്‍ നിഷേധത്തിനെതിരെ പ്രതിഷേധ മാര്‍ച്ചും ഗോതമ്പ് റോഡില്‍ പൊതുയോഗവും നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സമിതി ചെയര്‍മാന്‍ എം ടി അഷ്‌റഫ്, കണ്‍വീനര്‍ പി എം ഗഫൂര്‍, ശരീഫ് കണിയാത്ത്, സുനില്‍ കാരശ്ശേരി, പാറമ്മല്‍ ലത്വീഫ് പങ്കെടുത്തു.

Latest