Connect with us

National

ഐ എ എസ് ഉദ്യോഗസ്ഥന്റെ ദുരൂഹമരണം: സോണിയ ഇടപെട്ടു; കര്‍ണാടക സര്‍ക്കാര്‍ സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചേക്കും

Published

|

Last Updated

ന്യൂഡല്‍ഹി/ ബെംഗളൂരു: കര്‍ണാടകയില്‍ ഐ എ എസ് ഉദ്യോഗസ്ഥന്റെ ദുരൂഹ മരണത്തിന്റെ അന്വേഷണം സി ബി ഐക്ക് കൈമാറണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിര്‍ദേശം. കര്‍ണാടക കോണ്‍ഗ്രസിന്റെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, സി ഐ ഡി അന്വേഷണ സംഘത്തിന്റെ ഇടക്കാല പ്രാഥമിക റിപ്പോര്‍ട്ട് തിങ്കളാഴ്ച നിയമസഭയില്‍ വെച്ച ശേഷം സഭയില്‍ തന്നെ സി ബി ഐ അന്വേഷണം പ്രഖ്യാപിക്കാനാണ് സര്‍ക്കാറിന്റെ നീക്കം.
അതേസമയം, കേസ് സി ബി ഐക്ക് വിടണമെന്നാവശ്യപ്പെട്ട് വന്‍ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്. കേസിന്റെ പുരോഗതി സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നലെ രാവിലെ ഗവര്‍ണര്‍ വജുഭായ് വാലിനെ സന്ദര്‍ശിച്ച് ബോധ്യപ്പെടുത്തി. ഗവര്‍ണറെ കണ്ടതായും ഇതുവരെയുള്ള പുരോഗതിയെ കുറിച്ച് ബോധ്യപ്പെടുത്തിയതായും രാജ്ഭവനില്‍ വെച്ച് സിദ്ധരാമയ്യ പറഞ്ഞു. കേസില്‍ സി ഐ ഡിയുടെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികള്‍ മാത്രമല്ല ഐ എ എസ് ഉദ്യോഗസ്ഥന്‍ ഡി കെ രവിയുടെ കുടുംബവും സി ബി ഐ അന്വേഷണത്തിന് സമ്മര്‍ദം ചെലുത്തുന്നുണ്ട്. സി ഐ ഡിക്ക് മൊഴി നല്‍കാന്‍ രവിയുടെ കുടുംബം വിസമ്മതിച്ചിരുന്നു. സി ബി ഐക്ക് മാത്രമേ മൊഴി നല്‍കൂവെന്ന നിലപാടിലാണ് ഇവര്‍. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഇവര്‍ നിയമസഭക്ക് മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ബി ജെ പി, ജെ ഡി എസ്. എം എല്‍ എമാര്‍ വിധാന സൗധയില്‍ നിന്ന് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി കേസ് സി ബി ഐക്ക് വിടാന്‍ സര്‍ക്കാറിനെ ഉപദേശിക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു.
സി ബി ഐ അന്വേഷണത്തിന് പാര്‍ട്ടിക്ക് തുറന്ന മനസ്സാണെന്ന് എ ഐ സി സി വക്താവ് രാജീവ് ഗൗഡ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇപ്പോഴുള്ള അന്വേഷണം സി ബി ഐയെ ആവശ്യപ്പെടുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ തീര്‍ച്ചയായും നടപടി സ്വീകരിക്കണമെന്ന് സംസ്ഥാനത്ത് നിന്നുള്ള രാജ്യസഭാംഗം കൂടിയായ ഗൗഡ പറഞ്ഞു.

Latest