കള്ളപ്പണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

Posted on: March 21, 2015 1:00 am | Last updated: March 21, 2015 at 1:00 am
SHARE

lok-sabha-ന്യൂഡല്‍ഹി: കള്ളപ്പണം നിയന്ത്രിക്കാനുള്ള ബില്‍ ലോക്‌സഭയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ചു. വിദേശത്തെ സ്വത്തുക്കളും വരുമാനവും വെളിപ്പെടുത്താത്തത് കുറ്റമാകുന്നതും പത്ത് വര്‍ഷം തടവ് അടക്കമുള്ള ശിക്ഷക്ക് വിധേയമാക്കുന്നതുമായ ‘വെളിപ്പെടുത്താത്ത വിദേശ വരുമാനവും സ്വത്തും (പുതിയ നികുതി ഏര്‍പ്പെടുത്തല്‍) ബില്‍ 2015 ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരും.
നിലവിലെ നിയമത്തിന്റെ പരിമിതിയെ പരിഗണിച്ചാണ് പുതിയ നിയമമുണ്ടാക്കുന്നതെന്ന് ബില്ലില്‍ പറയുന്നു. വിദേശത്തുള്ള വരുമാനം മനഃപൂര്‍വം മറച്ചുവെച്ചാല്‍ മൂന്ന് മുതല്‍ പത്ത് വരെ വര്‍ഷത്തെ തടവ് ശിക്ഷയും പിഴയും ബില്‍ ശിപാര്‍ശ ചെയ്യുന്നു. കുറ്റം വീണ്ടും ആവര്‍ത്തിച്ചാല്‍ മൂന്ന് മുതല്‍ പത്ത് വരെ വര്‍ഷത്തെ കഠിനതടവും 25 ലക്ഷം മുതല്‍ ഒരു കോടി വരെ രൂപ പിഴയും ലഭിക്കും. നിയമം ലംഘിക്കുന്നവര്‍ക്ക് കേസ് പരിഹരിക്കാന്‍ സെറ്റില്‍മെന്റ് കമ്മീഷനെ സമീപിക്കാന്‍ അര്‍ഹതയുണ്ടാകുകയില്ല. മറച്ചുവെച്ച സ്വത്തിന്റെയും വരുമാനത്തിന്റെയും നികുതിയുടെ 300 ശതമാനം പിഴയായി അടക്കുകയും വേണം. വിദേശത്ത് സ്വത്തുള്ളവര്‍ ആദായ നികുതി അടച്ചില്ലെങ്കില്‍ 10 ലക്ഷം രൂപയാണ് പിഴ.
എന്നാല്‍ ഒരു തവണ സ്വത്ത് വെളിപ്പെടുത്താന്‍ അവസരമുണ്ടാകും. സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യും. ഏതാനും മാസങ്ങള്‍ സ്വത്ത് പ്രഖ്യാപിക്കാന്‍ ലഭിക്കും. ഇവര്‍ 30 ശതമാനം ആദായ നികുതി അടക്കണം. പുതിയ നിയമപ്രകാരമുള്ള കര്‍ശന ശിക്ഷകളില്‍ രക്ഷപ്പെടാനുള്ള അവസരമാണ് ഈ കാലയളവ്. അജ്ഞത കാരണമോ മറ്റോ ചെറിയ തുക മാത്രമുള്ള വിദേശ അക്കൗണ്ടുള്ളവരെ ക്രിമിനല്‍ കുറ്റത്തില്‍ നിന്ന് പുതിയ നിയമം ഒഴിവാക്കുന്നുണ്ട്. പണം കണ്ടെത്താനും പരിശോധിക്കാനും വിളിപ്പിക്കാനും തെളിവ് ഹാജരാക്കാനും മറ്റ് നടപടികള്‍ക്കും ആദായ നികുതി ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടാകും.
സാമൂഹിക പുരോഗതിക്കും സാമ്പത്തിക വികസനത്തിനുമുള്ള പ്രധാന സ്രോതസ്സുകളാണ് ആദായ നികുതി വെട്ടിപ്പുകാര്‍ നഷ്ടപ്പെടുത്തുന്നതെന്ന് ബില്ലില്‍ പറയുന്നു. നികുതി വെട്ടിപ്പ് കാരണമായുണ്ടാകുന്ന വരുമാന ചോര്‍ച്ച പരിഹരിക്കുന്നതിന് സാധാരണ നികുതി അടക്കുന്നവരുടെ മേല്‍ കൂടുതല്‍ നികുതി ചുമത്തേണ്ടി വരുന്നു. ബില്ലില്‍ പറയുന്നു.
മറ്റ് രാഷ്ട്രങ്ങളുമായി കരാറില്‍ ഏര്‍പ്പെടാനും വിവരം കൈമാറാനും ഇരട്ട നികുതി ഒഴിവാക്കാനും നികുതി ഈടാക്കാനും രാജ്യത്തിന് നിയമം അധികാരം നല്‍കുന്നു.