ഡല്‍ഹിയില്‍ വെള്ളക്കരം വര്‍ധിപ്പിച്ചു; സാധാരണക്കാര്‍ക്ക് ഭാരമാകില്ല

Posted on: March 21, 2015 12:01 am | Last updated: March 21, 2015 at 12:59 am
SHARE

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ വെള്ളക്കരം വര്‍ധിപ്പിച്ചു. നേരത്തേ സൗജന്യമാക്കിയ 2,0000 ലിറ്ററിന് മുകളില്‍ വെള്ളം ഉപയോഗിക്കുന്നവരാണ് കൂടുതല്‍ തുക നല്‍കേണ്ടി വരിക. ഇത്തരക്കാര്‍ പ്രതിമസം പത്ത് ശതമാനം കൂടുതല്‍ നല്‍കണം. പുതിയ നിരക്ക് ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
വെള്ളത്തിന്റെ ഉപഭോഗം നിയന്ത്രിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ഡല്‍ഹി ജല ബോര്‍ഡിന് ഇതുവഴി കൂടുതല്‍ വരുമാനം ഉണ്ടാക്കാനാകുമെന്നും സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു. പ്രതിമാസം 20,000 ലിറ്റര്‍ വരെ സൗജന്യമാക്കിയതിനാല്‍ സാധാരണ കുടുംബങ്ങളെ ഈ തീരുമാനം ബാധിക്കില്ലെന്നാണ് ആം ആദ്മി വൃത്തങ്ങള്‍ പറയുന്നത്. അമിത ഉപഭോഗം വേണമെങ്കില്‍ കൂടുതല്‍ തുക നല്‍കണമെന്നത് ആര്‍ക്കും വിമര്‍ശിക്കാനാകില്ലെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ളവര്‍ പറയുന്നു. എന്നാല്‍ വെള്ളക്കരം കൂട്ടിയത് വഴി എ എ പി സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ജനങ്ങളുടെ പ്രതീക്ഷയും വിശ്വാസവും സര്‍ക്കാര്‍ തകര്‍ത്തതായും കോണ്‍ഗ്രസ് നേതാവ് അജയ് മാകന്‍ ആരോപിച്ചു.
അനധികൃത വാട്ടര്‍ കണക്ഷന്‍ എടുത്തവര്‍ക്ക് നിയമപരമായ മീറ്ററിലേക്ക് മാറാനുള്ള ചെലവ് വെട്ടിക്കുറക്കാനും കെജ്‌രിവാള്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പ്രോസസിംഗ് ഫീ 20,000ത്തില്‍ നിന്ന് 3310 രൂപയാക്കിയാണ് വെട്ടിക്കുറച്ചത്. 2011- 2014 കാലയളവില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിന്റെ കാരണങ്ങള്‍ വ്യക്തമാക്കി വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഡല്‍ഹി ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷ (ഡി ഇ ആര്‍ സി)ന് കെജ്‌രിവാള്‍ സര്‍ക്കാര്‍ കത്തെഴിതിയിട്ടുണ്ട്. അടുത്ത മൂന്ന് മാസത്തിനകം പുറത്തിറക്കാന്‍ പോകുന്ന ധവള പത്രത്തില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടിയാണ് ഈ വിവരങ്ങളെന്ന് ഡി ഇ ആര്‍ സി ചെയര്‍മാന്‍ പി ഡി സുധാകറിന് അയച്ച കത്തില്‍ പറയുന്നു. ഡി ഇ ആര്‍ സി മുന്‍ അധ്യക്ഷന്‍ ബിജേന്ദ്ര സിംഗിനെ കെജ്‌രിവാള്‍ സര്‍ക്കാറിന്റെ ഊര്‍ജ ഉപദേഷ്ടാവായി നിയോഗിച്ചിരുന്നു. വൈദ്യുതി നിരക്ക് ഗണ്യമായി കുറക്കാനാണ് സര്‍ക്കാറിന്റെ നീക്കം.