Connect with us

National

കസബ് ബിരിയാണി ആവശ്യപ്പെട്ടുവെന്നത് ഞാന്‍ കെട്ടിച്ചമച്ചത്: ഉജ്ജ്വല്‍ നിഗം

Published

|

Last Updated

ജയ്പൂര്‍: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതി അജ്മല്‍ കസബ് വിചാരണക്കിടെ ബിരിയാണി ആവശ്യപ്പെട്ടുവെന്നത് കള്ളമായിരുന്നുവെന്ന് അന്നത്തെ പബ്ലിക് പ്രോസക്യൂട്ടര്‍ ഉജ്ജ്വല്‍ നിഗം. അത്തരമൊരു കഥയുണ്ടാക്കി താന്‍ തന്നെയാണ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചതെന്നും കസബിന് അനുകൂലമായ വൈകാരിക തരംഗം രൂപപ്പെടുന്ന ഘട്ടത്തിലാണ് അങ്ങനെ ചെയ്തതെന്നും നിഗം പറഞ്ഞു. ജയ്പൂരില്‍ തീവ്രവാദവിരുദ്ധ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
അജ്മല്‍ ബിരിയാണി ആവശ്യപ്പെടുകയോ സര്‍ക്കാര്‍ നല്‍കുകയോ ചെയ്തിട്ടില്ല. മാധ്യമങ്ങള്‍ കസബിന്റെ ശരീരഭാഷ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഒരു ദിവസം കസബ് തല കുനിച്ച് നിന്ന് വിതുമ്പി. കണ്ണീര്‍ തുടക്കുകയും ചെയ്തു. നിമിഷങ്ങള്‍ക്കകം ചാനലുകള്‍ ബ്രേക്കിംഗ് ന്യൂസ് നല്‍കി. “കസബ് കണ്ണീര്‍ വാര്‍ത്തു”. അന്നൊരു രക്ഷാ ബന്ധന്‍ ദിനമായിരുന്നു. അതിന്റെ ചുവട് പിടിച്ച് ചാനല്‍ ചര്‍ച്ചയും തുടങ്ങി. തന്റെ സഹോദരിയെ ഓര്‍ത്താണ് കസബ് കരഞ്ഞതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കസബിന് അനുകൂലമായ വൈകാരിക സാഹചര്യം സൃഷ്ടിക്കപ്പെടുകയായിരുന്നു. ഈ അന്തരീക്ഷം പൊളിക്കണമായിരുന്നു. അതിന് വേണ്ടിയാണ് കസബ് ജയിലില്‍ മട്ടന്‍ ബിരിയാണി ആവശ്യപ്പെട്ടുവെന്ന കളവ് ഞാന്‍ മാധ്യമങ്ങളോട് പറഞ്ഞത്- ഉജ്ജ്വല്‍ നിഗാം പറഞ്ഞു.
പിന്നെ ചര്‍ച്ച മുഴുവന്‍ അതിന്റെ പിറകേ ആയെന്നും അദ്ദേഹം പറഞ്ഞു. 2008ലെ മുംബൈ ആക്രമണത്തില്‍ പിടിക്കപ്പെട്ട ഏക തീവ്രവാദി അജ്മല്‍ കസബിനെ 2012 നവംബറിലാണ് തൂക്കിലേറ്റിയത്.