Connect with us

Kerala

ഡോക്ടര്‍മാര്‍ കൂട്ടത്തോടെ വിരമിക്കുന്നു; സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്

Published

|

Last Updated

കൊല്ലം: ഡോക്ടര്‍മാരുടെ കൂട്ട വിരമിക്കല്‍ പടിവാതിക്കല്‍ എത്തിയതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരടക്കം ജില്ലാ ജനറല്‍ താലൂക്ക് ആശുപത്രികളിലെ വിവിധ വകുപ്പ് മേധാവികളും മെഡിസിന്‍, സര്‍ജറി തുടങ്ങിയ സ്‌പെഷ്യലിസ്റ്റ് ഡോക്ടമാരുമടക്കം 310 പേര്‍ ഈ മാസം അവസാനം വിരമിക്കും.

ആവശ്യത്തിന് ഡോക്ടര്‍മാരില്ലാതിരിക്കുമ്പോഴാണ് ഈ കൂട്ടവിരമിക്കല്‍. പി എസ് സി പട്ടികയില്‍ നിന്ന് അഡൈ്വസ് മെമ്മോ നല്‍കിയിട്ടും വേണ്ടത്ര ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ സര്‍വീസിലേക്ക് വരാന്‍ വിമുഖത കാട്ടിയതാണ് ആരോഗ്യവകുപ്പിനെ ഈ പ്രതിസന്ധിയിലേക്ക് കൊണ്ടുചെന്നെത്തിച്ചത്. അഡൈ്വസ് മെമ്മോ ലഭിച്ചവരില്‍ 35 ശതമാനം പേര്‍ മാത്രമേ ജോലിയില്‍ പ്രവേശിച്ചിട്ടുള്ളൂ. എന്‍ട്രി കേഡറില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ നിയമിച്ച എണ്ണൂറ് ജൂനിയര്‍ ഡോക്ടര്‍മാരില്‍ ഇരുന്നൂറോളം പേര്‍ മാത്രമേ സര്‍വീസില്‍ തുടരുന്നുള്ളു. ബാക്കിയുള്ളവര്‍ ഉന്നതവിദ്യാഭ്യാസത്തിന്റെയും മറ്റും പേര് പറഞ്ഞ് വിട്ട് നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ അഭിമുഖീകരിക്കാന്‍ പോകുന്നത് ഗുരുതരപ്രതിസന്ധിയായിരിക്കും.
അതേസമയം സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കാത്തതാണ് സര്‍ക്കാര്‍ സര്‍വീസിലേക്ക് വരാന്‍ പുതിയ ഡോക്ടര്‍മാരെ പ്രേരിപ്പിക്കാത്തതെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. രണ്ട് വര്‍ഷമായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്ഥാനക്കയറ്റവും മുടങ്ങിയിരിക്കുകയാണ്. ഇതിനെതിരെ വിരമിക്കുന്ന ഒരു കൂട്ടം ഡോക്ടര്‍മാര്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. സമാനമായ പ്രതിസന്ധി കഴിഞ്ഞ വര്‍ഷവും ഉണ്ടായതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. പി കെ ജമീല അടക്കമുള്ള നൂറോളം പേരുടെ പെന്‍ഷന്‍പ്രായം രണ്ട് തവണയായി ഒരു വര്‍ഷം സര്‍ക്കാര്‍ നീട്ടി നല്‍കിയത്.
എന്നാല്‍ ഈ വര്‍ഷം അത്തരത്തിലൊരു നടപടി ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് സൂചന. വിരമിക്കല്‍ പ്രായം കൂട്ടുകയോ പകരം സംവിധാനം ഒരുക്കുകയോ ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ സാധാരണക്കാരന് മുന്നില്‍ നോക്കുകുത്തിയാകും.