ലളിത പാഠങ്ങളുമായി സാക്ഷരതാമിഷന്റെ പ്ലസ് ടു തുല്യത കോഴ്‌സ് വരുന്നു

Posted on: March 21, 2015 12:01 am | Last updated: March 21, 2015 at 12:47 am
SHARE

കണ്ണൂര്‍: ആര്‍ക്കും ഏതു പ്രായത്തിലും പഠിച്ച് ജയിക്കാമെന്ന് തെളിയിച്ചു കൊടുത്ത സംസ്ഥാന സാക്ഷരതാ മിഷന്‍ പ്ലസ് ടു തുല്യതാ കോഴ്‌സിലൂടെ പുതിയ ചരിത്രത്തിന് തുടക്കമിടുന്നു. രാജ്യത്താദ്യമായി ഏതു പ്രായത്തിലുള്ളവര്‍ക്കും ഉന്നത പഠനത്തിന് വഴിയൊരുക്കുന്ന തുല്യതാ പഠന സമ്പ്രദായമൊരുക്കിയാണ് വിദ്യാഭ്യാസ രംഗത്തെ പുതിയ കേരളാ മോഡലിന് സാക്ഷരതാ മിഷന്‍ ആരംഭം കുറിക്കുന്നത്. 32000 പഠിതാക്കളുമായി അടുത്ത മാസം തുടങ്ങുന്ന സാക്ഷരതാ മിഷന്റെ പ്ലസ് ടു കോഴ്‌സ് ആര്‍ക്കും എളുപ്പം പഠിച്ചെടുക്കാവുന്ന വിധത്തിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. മിഷന്റെ പത്താം തരം തുല്യതാ പരീക്ഷ പാസായ ആര്‍ക്കും പ്രായഭേദമന്യേ കോഴ്‌സിന് ചേരാനാകും. പത്താം ക്ലാസ് തുല്യതാ കോഴ്‌സ് പാസായവര്‍, ഔപചാരിക എസ് എസ് എല്‍ സി വിജയിച്ച ശേഷം പഠനം നിര്‍ത്തിയവര്‍, ഔപചാരിക തലത്തില്‍ പ്രീ ഡിഗ്രി, പ്ലസ് ടു പരീക്ഷ തോറ്റവര്‍ എന്നിവര്‍ക്കു കോഴ്‌സില്‍ ചേരാന്‍ കഴിയും. ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളിലാരംഭിക്കുന്ന കോഴ്‌സിന്റെ കാലാവധി രണ്ട് അധ്യയന വര്‍ഷമാണ്. 1950 രൂപയാണ് ഒരു വര്‍ഷത്തേക്കുള്ള കോഴ്‌സിന്റെ ഫീസായി നിശ്ചയിച്ചിട്ടുള്ളത്. ആറ് വിഷയങ്ങളിലാണ് പഠനം. കോമേഴ്‌സ് ഗ്രൂപ്പില്‍ ഇംഗ്ലീഷ്, മലയാളം, ബിസിനസ് സ്റ്റഡീസ്, എക്കൗണ്ടന്‍സി, പൊളിറ്റിക്കല്‍ സയന്‍സ്, എക്കണോമിക്‌സ് എന്നീ വിഷയങ്ങളാണുണ്ടാവുക. ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ ബിസിനസ് സ്റ്റഡീസിനും എക്കൗണ്ടന്‍സിക്കും ബദലായി ഹിസ്റ്ററിയും സോഷ്യോളജിയും പഠന വിഷയമായുണ്ടാകും.

അടുത്ത മാസം ഒന്നിന് തുടങ്ങുന്ന കോഴ്‌സിലേക്കുള്ള അപേക്ഷകരെ നേരത്തെ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തില്‍ 32,000 പേരാണ് ഇതിനകം വിവിധ തുടര്‍ വിദ്യാകേന്ദ്രങ്ങള്‍ വഴി പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തുടക്കത്തിലായതിനാല്‍ 20,000 പേര്‍ക്കു മാത്രമായി കോഴ്‌സ് ചുരുക്കാനായിരുന്നു സാക്ഷരതാമിഷന്റെ തീരുമാനം. എന്നാല്‍ പ്രതീക്ഷിച്ചതിലുമപ്പുറം അപേക്ഷര്‍ കോഴ്‌സിന് ചേരാന്‍ താത്പര്യപ്പെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ പേര്‍ക്ക് പഠിക്കാന്‍ അവസരമൊരുക്കുകയായിരുന്നു.
പാഠപുസ്തകങ്ങള്‍, അധ്യാപക സഹായികള്‍ എന്നിവ കോഴ്‌സ് ആരംഭിക്കുമ്പോള്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ നേരിട്ട് തന്നെയാണ് വിതരണം ചെയ്യുക. പഠിതാക്കള്‍ക്കായി സമ്പര്‍ക്ക ക്ലാസുകള്‍ നടത്തും. സ്വയം പഠന രീതിക്കാണ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. എല്ലാ ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമായിരിക്കും ക്ലാസ് നടക്കുക. ഒരു വിഷയത്തിന് വര്‍ഷം 40 മണിക്കൂര്‍ എന്ന നിലയിലാണ് ക്ലാസ് ഉണ്ടാകുക. 1950 രൂപ പ്രതി വര്‍ഷ കോഴ്‌സ് ഫീസായി പഠിതാവ് നല്‍കണം. കോഴ്‌സിന്റെ പരീക്ഷാ നടത്തിപ്പ്, മൂല്യ നിര്‍ണയം, സര്‍ട്ടിഫിക്കറ്റ് നിര്‍ണയം എന്നിവയെല്ലാം ഹയര്‍ സെക്കന്‍ഡറി ബോര്‍ഡാണ് ഏറ്റെടുത്ത് നടത്തുക. എല്ലാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും അവധി ദിവസങ്ങളില്‍ ക്ലാസിന് സൗകര്യമേര്‍പ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളത്. എളുപ്പം വായിച്ചു മനസ്സിലാക്കാന്‍ പറ്റുന്ന രീതിയിലാണ് പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുള്ളതെന്നതാണ് കൂടുതല്‍ പേരെ പ്ലസ് ടു തുല്യതാ കോഴ്‌സിലേക്കാകര്‍ഷിക്കാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പഠിതാക്കളായെത്തുന്നവരില്‍ ഏറെയും മധ്യവയസ്‌കരാണെന്നതാണ് മറ്റൊരു പ്രത്യേകത. കേരള സാക്ഷരതാ മിഷനു കീഴില്‍ നാലാം തരം, ഏഴാം തരം, പത്താം തരം തുല്യതാ പരീക്ഷകള്‍ ഇപ്പോള്‍ നിലവിലുണ്ട്.