Connect with us

National

ജമ്മു കാശ്മീരില്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു; ആറ് മരണം

Published

|

Last Updated

ജമ്മു: ജമ്മു കാശ്മീരിലെ കത്വവ ജില്ലയില്‍ പോലീസ് സ്റ്റേഷന് നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരടക്കം ആറ് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സാധാരണക്കാരനും രണ്ട് പേര്‍ തീവ്രവാദികളുമാണ്. പത്ത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെയാണ് സൈനിക വേഷമണിഞ്ഞ തീവ്രവാദികള്‍ രാജ്ബാഗ് പോലീസ് സ്റ്റേഷന് നേരെ ആക്രമണം നടത്തിയത്.
ഏറ്റുമുട്ടല്‍ ഉച്ചവരെ നീണ്ടുനിന്നതായി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭയെ അറിയിച്ചു. തീവ്രവാദികളെ സൈന്യം ധീരമായി ചെറുത്തുവെന്ന് ജമ്മു ഐ ജി ദനീഷ് റാണ പറഞ്ഞു. പോലീസ് പരിശോധനക്കെന്ന വ്യാജേന തടഞ്ഞുനിര്‍ത്തിയ ജീപ്പ് തട്ടിയെടുത്താണ് തീവ്രവാദികള്‍ എത്തിയതെന്ന് പരുക്കേറ്റ സി ആര്‍ പി എഫ് കോണ്‍സ്റ്റബിള്‍ പറഞ്ഞു. ജീപ്പില്‍ സൈനിക യൂനിഫോമില്‍ എത്തിയ തീവ്രവാദികള്‍ സ്റ്റേഷന്‍ സെന്‍ട്രിയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ഗ്രനേഡ് വര്‍ഷിക്കുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. പരുക്കേറ്റവരില്‍ ഏഴ് സി ആര്‍ പി എഫുകാരും ഒരു പോലീസുകാരനും സാധാരണക്കാരനും ഉള്‍പ്പെടും.
തീവ്രവാദി ആക്രമണം ജമ്മു കാശ്മീര്‍ നിയമസഭയിലും ചര്‍ച്ചയായി. മാര്‍ച്ച് ഒന്നിന് സംസ്ഥാനത്ത് പി ഡി പി – ബി ജെ പി മുന്നണി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടക്കുന്ന വലിയ തീവ്രവാദി ആക്രമണമാണിത്.