രാജ്യസഭയിലേക്ക് 16ന് തിരഞ്ഞെടുപ്പ്; സീറ്റ് മോഹികള്‍ കരുനീക്കം തുടങ്ങി

Posted on: March 21, 2015 12:39 am | Last updated: March 21, 2015 at 12:39 am
SHARE

rajyasbhaതിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഒഴിവു വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് ഏപ്രില്‍ 16ന് തിരഞ്ഞെടുപ്പ്. എം പിമാരായ വയലാര്‍ രവി, പി രാജീവ്, എം പി അച്യുതന്‍ എന്നിവരുടെ കാലാവധിയാണ് അവസാനിക്കുന്നത്. ഈ ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഈ മാസം മുപ്പതിന് വിജ്ഞാപനം പുറപ്പെടുവിക്കും. നിയമസഭയിലെ അംഗബലം അനുസരിച്ച് ഒരാളെ എല്‍ ഡി എഫിനും രണ്ട് പേരെ യു ഡി എഫിനും വിജയിപ്പിക്കാന്‍ കഴിയും. യു ഡി എഫിന് ലഭിക്കുന്ന രണ്ട് സീറ്റില്‍ ഓരോന്ന് വീതം കോണ്‍ഗ്രസും മുസ്‌ലിം ലീഗും എടുക്കും. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇരു മുന്നണികളും ഉടന്‍ സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകളിലേക്ക് കടക്കും.
കഴിഞ്ഞ തവണ ഒഴിവു വന്ന ഘട്ടത്തില്‍ കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കിയപ്പോള്‍ തന്നെ അടുത്ത തവണ ലീഗിന് നല്‍കുമെന്ന് വാഗ്ദാനം നല്‍കിയതാണ്. കോണ്‍ഗ്രസിന് ലഭിക്കുന്ന ഒരു സീറ്റില്‍ നിലവിലുള്ള വയലാര്‍ രവി തന്നെ സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ തനിക്ക് ഒരിക്കല്‍ കൂടി അവസരം നല്‍കണമെന്ന് രവി ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ദീര്‍ഘകാലമായി പാര്‍ലിമെന്ററി രംഗത്തുനിന്ന് വിട്ടുനില്‍ക്കുന്ന യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന് സീറ്റ് നല്‍കണമെന്നാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം. വയലര്‍ രവിയെ മാറ്റണമെന്ന് സംസ്ഥാന നേതൃത്വത്തിനും അഭിപ്രായമുണ്ടെങ്കിലും ഹൈക്കമാന്‍ഡ് പിന്തുണയോടെ അദ്ദേഹത്തിന് തന്നെ നറുക്ക് വീഴുമെന്നാണ് സൂചന. ഗവര്‍ണര്‍ പദവിയില്‍ നിന്ന് രാജിവെച്ച കെ ശങ്കരനാരായണനും വക്കം പുരുഷോത്തമനും രാജ്യസഭാ സീറ്റില്‍ നോട്ടമുണ്ട്. എം എം ഹസന്‍ മുതല്‍ പന്തളം സുധാകരന്‍ വരെയുള്ളവര്‍ വേറെയും.
മുസ്‌ലിം ലീഗിന് ലഭിക്കുന്ന സീറ്റിന് വേണ്ടി മുന്‍ എം പി അബ്ദുല്‍ വഹാബ് നേരത്തെ മുതല്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും രാജ്യസഭയിലേക്ക് പരിഗണിക്കാമെന്ന വാഗ്ദാനം തനിക്ക് നേരത്തെ നല്‍കിയിട്ടുണ്ടെന്നാണ് വഹാബിന്റെ വാദം.
എല്‍ ഡി എഫിന് ജയിക്കാവുന്ന ഒരു സീറ്റ് സി പി എം ഏറ്റെടുക്കും. എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് വി ശിവദാസന്‍ മുതല്‍ കൈരളി ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് വരെയുള്ളവരുടെ പേരുകള്‍ സി പി എം കേന്ദ്രങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്.