Connect with us

National

ഖനി- ധാതു ബില്‍ പാര്‍ലിമെന്റ് പാസ്സാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: ഖനി- ധാതു ബില്‍ പാര്‍ലിമെന്റ് പാസ്സാക്കി. മൈന്‍സ് ആന്‍ഡ് മിനറല്‍സ് (ഡെവലപ്‌മെന്റ് ആന്‍ഡ് റഗുലേഷന്‍) ഭേദഗതി ബില്‍ രാവിലെ രാജ്യസഭ പാസ്സാക്കി. ഇതിന് പിന്നാലെയാണ് ലോക്‌സഭയും ബില്‍ പാസ്സാക്കിയത്. നേരത്തെ ലോക്‌സഭ പാസ്സാക്കിയ ബില്‍ പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് രാജ്യസഭാ സെലക്ട് കമ്മിറ്റിക്ക് വിടുകയായിരുന്നു. സെലക്ട് കമ്മിറ്റി അംഗീകരിച്ച ഒരു ഭേദഗതി സര്‍ക്കാര്‍ അംഗീകരിച്ചാണ് രാജ്യസഭയില്‍ ബില്‍ പാസ്സാക്കിയത്. ലോക്‌സഭ പാസ്സാക്കിയ ബില്‍ രാജ്യസഭ ഭേദഗതികളോടെ പാസ്സാക്കിയ സാഹചര്യത്തിലാണ് വീണ്ടും ലോക്‌സഭയില്‍ എത്തിയത്. സി പി എം അംഗം പി രാജീവ് അവതരിപ്പിച്ച ഭേദഗതി പ്രമേയം സഭ വോട്ടിനിട്ട് തള്ളി. വ്യാഴാഴ്ച ബില്‍ പരിഗണനക്ക് എടുത്തെങ്കിലും പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെക്കുകയും ബില്‍ പരിഗണിക്കുന്നത് ഇന്നലത്തേക്ക് മാറ്റിവെക്കുകയുമായിരുന്നു.
കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ഒഴികെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയില്‍ ബില്ലിനെ അനുകൂലിച്ചു. ജെ ഡി യു അംഗങ്ങള്‍ വോട്ടെടുപ്പിന് മുമ്പ് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ബില്ലിനെ അനുകൂലിച്ച് 117 അംഗങ്ങളും എതിര്‍ത്ത് 69 അംഗങ്ങളും വോട്ട് ചെയ്തു. ഖനി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ആണ് രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചത്.
ബില്‍ വേണ്ടവിധം പരിശോധിക്കാനുള്ള സമയം സെലക്ട് കമ്മിറ്റിക്ക് ലഭിച്ചില്ലെന്നും അതുകൊണ്ട് വീണ്ടും സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും സി പി എമ്മിലെ പി രാജീവ് വ്യാഴാഴ്ച സഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഏഴ് ദിവസം മാത്രമാണ് സെലക്ട് കമ്മിറ്റിക്ക് ലഭിച്ചതെന്നും ഖനി- ധാതു മേഖലയുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെയും വകുപ്പുകളുടെയും അഭിപ്രായം തേടാന്‍ സെലക്ട് കമ്മിറ്റിക്ക് സാധിച്ചിട്ടില്ലെന്നുമായിരുന്നു രാജീവ് സഭയില്‍ അവതിരിപ്പിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇക്കാര്യം ഇന്നലെ ചര്‍ച്ച ചെയ്തു. പ്രതിപക്ഷം വ്യത്യസ്ത ചേരികളിലായതോടെ ഭേദഗതി പരാജയപ്പെട്ടു. പ്രതിപക്ഷ കക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍ സി പി, എസ് പി, ബി എസ് പി, ബി ജെ ഡി, എ ഐ എ ഡി എം കെ, ഡി എം കെ, ജെ എം എം എന്നീ കക്ഷികള്‍ സര്‍ക്കാറിനെ പിന്തുണച്ചു. 68നെതിരെ 112 വോട്ടുകള്‍ക്കാണ് ഭേദഗതി തള്ളിയത്.

Latest