Connect with us

Articles

ബജറ്റുകള്‍ കോര്‍പ്പറേറ്റ് സേവയുടെ നയരേഖയാകുന്ന കാലം

Published

|

Last Updated

നമ്മുടെ രാജ്യത്തിന്റെ ബജറ്റുകള്‍ ആരെയാണ് സേവിക്കുന്നത്? 2015-16 വര്‍ഷത്തേക്കുള്ള അരുണ്‍ജയ്റ്റ്‌ലിയുടെ ബജറ്റ് നോക്കൂ. സമ്പൂര്‍ണമായി കോര്‍പ്പറേറ്റ് ദാസ്യത്തിന്റെ നയരേഖയാണത്. കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി കുറച്ച ബജറ്റ് നിര്‍ദേശങ്ങളിലുടനീളം നാടനും വിദേശിയുമായ കുത്തകകള്‍ക്കുള്ള ആനുകൂല്യങ്ങളും സൗജന്യങ്ങളുമാണ് പ്രഖ്യാപിച്ചത്. പാവപ്പെട്ടവരെ ബാധിക്കുന്ന പരോക്ഷനികുതി 23,000 കോടി രൂപ വര്‍ധിപ്പിച്ചപ്പോള്‍ കോര്‍പ്പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കും 8,315 കോടി രൂപയുടെ നികുതി ഇളവുകളാണ് ബജറ്റിലുള്ളത്. യു പി എയുടെ ജനദ്രോഹനയങ്ങള്‍ക്കെതിരായ ജനവികാരത്തെ മുതലെടുത്താണ് മോദി അധികാരത്തിലെത്തിയത്. എന്നാല്‍ ഒന്‍പത് മാസക്കാലത്തെ ഭരണംകൊണ്ടുതന്നെ മോദിസര്‍ക്കാര്‍ യു പി എക്കാള്‍ കോര്‍പ്പറേറ്റുകളുടെയും അതിസമ്പന്നരുടെയും സംരക്ഷകരാണെന്ന് തെളിഞ്ഞു. അധികാരത്തിലെത്തിയയുടനെ ഇന്‍ഷ്വറന്‍സ്, പ്രതിരോധം തുടങ്ങിയ രാജ്യത്തിന്റെ മര്‍മപ്രധാന മേഖലകള്‍ വിദേശ മൂലധനനിക്ഷേപത്തിനായി തുറന്നുകൊടുക്കുകയായിരുന്നല്ലോ. ഒന്നാമത്തെ ബജറ്റിലൂടെതന്നെ അന്താരാഷ്ട്ര കുത്തകകളുടെയും വന്‍കിട ബിസിനസ്സുകാരുടെയും സംരക്ഷകനാണ് താനെന്ന് മോദി സംശയലേശമില്ലാതെ തെളിയിച്ചു. റെയില്‍വെമേഖലയില്‍ 100 ശതമാനം എഫ് ഡി ഐ കൊണ്ടുവരാനാണ് ഒന്നും രണ്ടും ബജറ്റുകളിലൂടെ മോദിസര്‍ക്കാര്‍ ലക്ഷ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. പി പി പി വഴി റെയില്‍വെയുടെ സമ്പൂര്‍ണമായ സ്വകാര്യവത്കരണമാണ് ഉന്നംവെക്കുന്നത്.
കോര്‍പ്പറേറ്റുകള്‍ക്കും ഉപരിവര്‍ഗങ്ങള്‍ക്കും സൗജന്യങ്ങള്‍ പ്രദാനം ചെയ്യുന്ന ബജറ്റിന്റെ ദിശ ദരിദ്രരുടെ ചെലവില്‍ കോര്‍പ്പറേറ്റുകളുടെ വളര്‍ച്ചയാണ്. ഓഹരിവില്‍പന, പി പി പിയിലൂടെ സമ്പദ്ഘടനയുടെ സ്വകാര്യവത്കരണം, ചെലവുകള്‍ വെട്ടിക്കുറച്ച് ജനങ്ങളെ ഞെക്കിപ്പിഴിഞ്ഞ് ധനക്കമ്മി നിയന്ത്രിക്കാനുള്ള നടപടികള്‍ തുടങ്ങി ദരിദ്ര ജനവിഭാഗങ്ങള്‍ക്കും ദേശീയതാത്പര്യങ്ങള്‍ക്കുമെതിരായ നിര്‍ദേശങ്ങളാണ് ബജറ്റിന്റെ ഉള്ളടക്കം. 73,000 കോടി രൂപയുടെ വിഭവസമാഹരണമാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പനയിലൂടെ ബജറ്റ് ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ 43,425 കോടി രൂപയുടെ ഓഹരി വിറ്റഴിക്കാനുള്ള തീരുമാനമാണുണ്ടായിരുന്നത്. ഇതിന്റെ തുടര്‍ച്ചയിലാണ് ഒ എന്‍ ജി സിയുടെയും മിനറല്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെയും ഹൈഡ്രോപവര്‍ കോര്‍പ്പറേഷന്റെയും കോള്‍ഇന്ത്യയുടെയും ഓഹരിവില്‍പന ത്വരിതഗതിയിലായത്. ഒ എന്‍ ജി സിയുടെ 19,000 കോടിരൂപയുടെ ഓഹരിയും കോള്‍ഇന്ത്യയുടെ 23,000 കോടി രൂപയുടെ ഓഹരിയും ഹൈഡ്രോപവര്‍ കോര്‍പ്പറേഷന്റെ മൂവായിരത്തില്‍ പരം കോടിരൂപയുടെ ഓഹരിയും വിറ്റഴിക്കാനുള്ള നടപടികളാരംഭിച്ചു. പൊതുമേഖല വിറ്റുതുലക്കുന്ന അപനിക്ഷേപവത്ക്കരണമാണ് ബജറ്റ് ലക്ഷ്യമിടുന്നത്. നമ്മുടെ വിഭവസ്രോതസ്സുകളും റെയില്‍വെ, ടെലികമ്യൂണിക്കേഷന്‍, വൈദ്യുതി ഉത്പാദനം തുടങ്ങിയ തന്ത്രപ്രധാനമായ മേഖലകളും സ്വകാര്യമൂലധനശക്തികള്‍ക്ക് അടിയറവെക്കുകയാണ്.
കാര്‍ഷികമേഖലയും വ്യവസായിക മേഖലയും അഭൂതപൂര്‍വമായ മുരടിപ്പ് നേരിടുമ്പോഴാണ് ബജറ്റ് വളര്‍ച്ചാ നിരക്കിനെക്കുറിച്ച് മേനിനടിക്കുന്നത്. ബജറ്റിലെ കണക്കനുസരിച്ച് 2014-15ലെ സാമ്പത്തിക വളര്‍ച്ചാനിരക്ക് 7.4 ശതമാനം ആണ്. അടുത്തവര്‍ഷം ധനമന്ത്രി പ്രതീക്ഷിക്കുന്ന വളര്‍ച്ചാനിരക്ക് 8.5 ശതമാനവും. യഥാര്‍ഥത്തില്‍ പ്രഥമ ദ്വിതീയ മേഖലകള്‍ മുരടിക്കുകയും മൂന്നാം മേഖലയിലെ അതായത് സേവനമേഖല വളര്‍ച്ചയാണ് ബജറ്റ് ഉദ്ധരിക്കുന്ന 7.4 ശതമാനാണ് വളര്‍ച്ചാനിരക്ക്. കാര്‍ഷികരംഗത്ത് 1.3 ശതമാനം മാത്രമാണ് വളര്‍ച്ചാനിരക്ക്. വ്യവസായ രംഗത്ത് 2.2 ശതമാനവും. സാമ്പത്തിക അവലോകന റിപ്പോര്‍ട്ടനുസരിച്ച് നിര്‍മാണ മേഖലയില്‍ യാതൊരുവിധ വളര്‍ച്ചാപുരോഗതിയുമില്ല. അരുണ്‍ജയ്റ്റ്‌ലി ഉത്പാദനമേഖലകളുടെ തകര്‍ച്ചയെ മറച്ചുപിടിച്ചാണ് റിയല്‍എസ്റ്റേറ്റ് ഊഹക്കച്ചവട മേഖലയിലെ വളര്‍ച്ചയെ സാമ്പത്തിക വളര്‍ച്ചാനിരക്കായി സാമാന്യവത്കരിച്ച് അവതരിപ്പിക്കുന്നത്.
ബജറ്റ് ഉല്‍പാദന മേഖലയോട് അങ്ങേയറ്റം നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചത്. കാര്‍ഷികരംഗത്തെ ബജറ്റിലെ വകയിരുത്തല്‍ 17,400 കോടി രൂപമാത്രമാണ്. കഴിഞ്ഞ വര്‍ഷമിത് 19,000 കോടിയായിരുന്നു. ഈ പ്രാവശ്യം 1600 കോടി രൂപയുടെ കുറവ്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം കാര്‍ഷിക മേഖല സംരക്ഷിക്കാന്‍ ഒരു നടപടിയുമുണ്ടായില്ല എന്നതാണ് യാഥാര്‍ഥ്യം. കാര്‍ഷിക പ്രതിസന്ധിക്ക് കാരണമായ യു പി എ സര്‍ക്കാറിന്റെ നയങ്ങള്‍ തീവ്രഗതിയിലാക്കുകയായിരുന്നു പുതിയ സര്‍ക്കാര്‍. കടക്കെണിയും വിലത്തകര്‍ച്ചയും ഇന്ത്യന്‍ കര്‍ഷകരെ വേട്ടയാടുമ്പോള്‍ കൃഷിയെ കോര്‍പ്പറേറ്റുവത്കരിച്ച് കര്‍ഷക ജനസാമാന്യത്തെ കൃഷിയിടങ്ങളില്‍ നിന്ന് ആട്ടിയോടിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഡബ്ലിയു ടി ഒവിന്റെ ബാലിവട്ടം ചര്‍ച്ചകളില്‍, ഇന്ത്യയുടെ ഭക്ഷ്യസുരക്ഷയും കര്‍ഷകര്‍ക്കുള്ള താങ്ങുവില സമ്പ്രദായത്തെയും പൊതുവിതരണം സാര്‍വത്രികമാക്കുന്നതിനെയും പ്രതിസന്ധിയിലാക്കുമെന്ന് അറിഞ്ഞുകൊണ്ട് മോദിസര്‍ക്കാര്‍ കീഴടങ്ങുകയാണുണ്ടായത്.
മോദി അധികാരത്തിലെത്തിയതോടെ വ്യാവസായിക ഉത്പാദനം കുറഞ്ഞുവരികയാണ്. 2014 മെയ് മാസത്തില്‍ ഖനനത്തിന്റെ സൂചകം 125.6 ആയിരുന്നത് ജൂണ്‍ മാസമാകുമ്പോഴേക്കും അത് 121.5 ആയികുറഞ്ഞു. ഉത്പാദനത്തിന്റെ സൂചകം 2014 മെയില്‍ 188.3 ആയിരുന്നുവെങ്കില്‍ ജൂണ്‍ ആകുമ്പോഴേക്കും 181.6 ആയി കുറഞ്ഞു. കോര്‍പ്പറേറ്റ്‌വത്കരണമല്ലാതെ ഉത്പാദനമേഖലയില്‍ ഒരു ഉണര്‍വുമുണ്ടാക്കാന്‍ മോദിസര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. മെയ്ക്ക് ഇന്ത്യ, ട്രാന്‍സ്‌ഫോമിംഗ് ഇന്ത്യ പോലുള്ള ശബ്ദമുദ്രകളിലൂടെ വിദേശ കുത്തകകള്‍ക്കും ഇന്ത്യന്‍ കുത്തകകള്‍ക്കും വിഭവങ്ങളും സമ്പത്തും കൈയടക്കാന്‍ സൗകര്യമൊരുക്കിക്കൊടുക്കുകയാണ് ബജറ്റ് നിര്‍ദേശങ്ങളുടെ ലക്ഷ്യംതന്നെ. സാമൂഹിക സേവന മേഖലകളുടെയും ഉത്പാദന മേഖലകളുടെയും സമ്പൂര്‍ണമായ സ്വകാര്യവത്കരണം, എഫ് ഡി ഐ, പൊതുമേഖലാ ഓഹരികളുടെ വില്‍പന, തൊഴില്‍ നിയമഭേദഗതി, വനാവകാശ നിയമവും ഭൂമി ഏറ്റെടുക്കന്‍ നിയമവും കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമാക്കി മാറ്റല്‍ തുടങ്ങിയ കാര്യങ്ങളാണ് മോദി ഭരണത്തിന് കീഴില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. വ്യവസായ മേഖലയെ ശക്തിപ്പെടുത്താന്‍ നടപടികളില്ലെന്നു മാത്രമല്ല പൊതുമേഖലയുടെ സ്വകാര്യവത്കരണവും അപനിക്ഷേപവത്കരണവുമാണ് ബജറ്റ് ലക്ഷ്യമിടുന്നത്.
പാവപ്പെട്ടവരെ പിഴിഞ്ഞൂറ്റുന്ന പരോക്ഷനികുതിയും സേവനനികുതിയും വര്‍ധിപ്പിച്ച ബജറ്റ് സമ്പന്നരെ നികുതിയില്‍ നിന്നൊഴിവാക്കുകയും ഇളവുകള്‍ നല്‍കി തടിച്ചുകൊഴുപ്പിക്കുകയുമാണ്. 2008-2009 മുതല്‍ 2013-14 വരെ 30,00,000 കോടിയോളം രൂപയുടെ നികുതിയിളവാണ് കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയത്. അതേസമയം ബജറ്റ് ആരോഗ്യ കുടുംബക്ഷേമത്തിനുള്ള വിഹിതം കഴിഞ്ഞ വര്‍ഷം 35,143 കോടിയുണ്ടായിരുന്നത് ഈ വര്‍ഷം 29,533 കോടിരൂപയായി കുറച്ചു. 5,610 കോടിരൂപയുടെ കുറവ്. മാനവവിഭവശേഷിക്കുള്ള വിഹിതം 27,658ല്‍ നിന്നും 26,758 കോടിരൂപയായി കുറച്ചു. 900 കോടിരൂപയുടെ കുറവ്. ഭവനരംഗത്ത് 6080 കോടിയില്‍ നിന്ന് 5480 കോടിരൂപയായി കുറച്ചു. പട്ടികജാതി വിഹിതം 17 ശതമാനത്തില്‍ നിന്ന് 8.3 ശതമാനമായി കുറച്ചു. പട്ടികവര്‍ഗവിഹിതം 5.5 ശതമാനത്തില്‍ നിന്നും 2.1 ശതമാനമായി കുറച്ചു. ഐ സി ഡി എസ് വിഹിതം 16,000 കോടിയില്‍ നിന്ന് 8,500 കോടിയായി കുറച്ചു. സാമൂഹികക്ഷേമ പദ്ധതികളെയെല്ലാം അവതാളത്തിലാക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന നിര്‍ദേശങ്ങളാണ് ബജറ്റിലുള്ളത്.
അദ്ധ്വാനിക്കുന്ന ജനങ്ങളെ കൊള്ളയടിക്കുന്ന കോര്‍പ്പറേറ്റ് മൂലധനതാത്പര്യങ്ങളെയാണ് ബജറ്റ് സംരക്ഷിക്കുന്നത്. ജനങ്ങളുടെ ജീവിതോപാധികളെയും ഭൂമിയടക്കമുള്ള വിഭവസമ്പത്തിനെയും കോര്‍പ്പറേറ്റുകള്‍ക്ക് കൈയടക്കാന്‍ അവസരമൊരുക്കുന്ന നിയോലിബറല്‍ നയമാണ് ബജറ്റ് അടിമുടി വെച്ചുപുലര്‍ത്തുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് സമസ്ത സാധനങ്ങളുടെയും വിലകൂട്ടി ജനങ്ങളെ പിഴിഞ്ഞൂറ്റാനും രാഷ്ട്രസമ്പത്ത് കൈയടക്കാനുമുള്ള നിര്‍ദേശങ്ങളാണ് ബജറ്റിന്റെ മുഖ്യ ഉള്ളടക്കം. സാധാരണക്കാര്‍ക്ക് നല്‍കുന്ന എല്ലാ സബ്‌സിഡി സഹായങ്ങളും പരിമിതപ്പെടുത്തുകയാണ്. ഭക്ഷ്യം, വളം, പാചകവാതകം തുടങ്ങി ജീവിതബന്ധിയായ സബ്‌സിഡികള്‍ കുറക്കുമ്പോള്‍ കോര്‍പ്പറേറ്റുകള്‍ക്കുള്ള ഇന്‍സെന്റീവ് സബ്‌സിഡികള്‍ കൂട്ടുകയുമാണ്. തൊഴിലുറപ്പ് പദ്ധതിപോലുള്ള പാവപ്പെട്ട സ്ത്രീപുരുഷന്മാരെ സഹായിക്കുന്ന പദ്ധതികള്‍ക്ക് നാമമാത്രമായ വര്‍ധനവ് മാത്രമാണ് ബജറ്റിലള്ളത്. മെയ്ക്ക് ഇന്ത്യയെക്കുറിച്ചുള്ള വാചകമടിക്കിടയില്‍ ഇന്ത്യയിലെ പൊതുമേഖലാസ്ഥാപനങ്ങളെയും തദ്ദേശീയ ഗവേഷണ വികസനപ്രവര്‍ത്തനങ്ങളെയും കൈയൊഴിയുകയാണ് അരുണ്‍ജയ്റ്റ്‌ലിയുടെ ബജറ്റ്. മെയ്ക്ക് ഇന്ത്യ പി പി പി ഇടപാടുകള്‍ക്കുള്ള ഒരു കോര്‍പ്പറേറ്റ് പദ്ധതിയാണ്. എല്ലാം കോര്‍പ്പറേറ്റ്മൂലധനത്തിനടിയറവെക്കുന്ന നയപരിപ്രേക്ഷ്യമാണ് ഈ ബജറ്റില്‍ അന്തര്‍ലീനമായികിടക്കുന്നത്.