വക്താക്കള്‍ക്ക് കെ പി സി സിയുടെ മൂക്കുകയര്‍; പാര്‍ട്ടി നയത്തിന് വിരുദ്ധമായി അഭിപ്രായം പാടില്ല

Posted on: March 21, 2015 12:08 am | Last updated: March 21, 2015 at 12:08 am
SHARE

kpccതിരുവനന്തപുരം: കെ എം മാണി രാജിവെക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് വക്താക്കളില്‍ നിന്ന് ഉയര്‍ന്നതിനു പിന്നാലെ വക്താക്കള്‍ക്ക് കെ പി സി സിയുടെ മൂക്കുകയര്‍.
പാര്‍ട്ടി നയങ്ങള്‍ പ്രസിഡന്റുമായും സര്‍ക്കാറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുഖ്യമന്ത്രിയുമായും ആലോചിച്ച് മാത്രമെ അഭിപ്രായം പറയാവൂവെന്ന് കെ പി സി സി വിളിച്ചുചേര്‍ത്ത വക്താക്കളുടെ യോഗത്തില്‍ നിര്‍ദേശം നല്‍കി. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോള്‍ ഒരു കാരണവശാലും പാര്‍ട്ടി നയങ്ങള്‍ക്കും സമീപനങ്ങള്‍ക്കും നിലപാടുകള്‍ക്കും വിരുദ്ധമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തരുത്.
ഒരേ ചാനലില്‍ ചിലപ്പോഴെങ്കിലും രണ്ട് വക്താക്കള്‍ പങ്കെടുക്കുകയും വ്യത്യസ്ത അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അങ്ങനെ സംഭവിക്കാന്‍ പാടില്ല. പാര്‍ട്ടി നിലപാടിനെക്കുറിച്ച് മാധ്യമങ്ങളുമായി സംസാരിക്കുന്നതിന് മുമ്പ് പാര്‍ട്ടിയോട് നിര്‍ദേശങ്ങള്‍ ആരായുന്നതാണ് അഭികാമ്യമെന്ന് യോഗത്തിന് ശേഷം പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. എല്ലാവരും പാര്‍ട്ടിയിലെ പ്രധാനയാളുകളും എത്രയോകാലമായി പാര്‍ട്ടിയില്‍ നില്‍ക്കുന്നവരുമാണ്. അതുകൊണ്ട് പാര്‍ട്ടിയുടെ നിലപാട് ശക്തമായി അവതരിപ്പിക്കുകയാണ് വേണ്ടത്. സര്‍ക്കാര്‍ കാര്യങ്ങള്‍ പറയാനാണെങ്കില്‍ മുഖ്യമന്ത്രിയോടോ മന്ത്രിമാരോടോ നിര്‍ദേശങ്ങള്‍ ആരായുന്നതും നല്ലതാണ്. മറിച്ചെന്തെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ പറയാന്‍ പാര്‍ട്ടി ഫോറങ്ങളുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിന്റെ എല്ലാ ഫോറങ്ങളിലും ഉത്തരവാദപ്പെട്ട പ്രവര്‍ത്തകര്‍ക്ക് അഭിപ്രായം പറയുന്നതിന് യാതൊരു വിലക്കുമില്ലെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.
പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാത്ത വിഷയങ്ങളെക്കുറിച്ച് ചാനലുകളില്‍ ചര്‍ച്ച ചെയ്യുന്ന ചില നിര്‍ഭാഗ്യകരമായ അനുഭവങ്ങളുമുണ്ടായിട്ടുണ്ട്. ഇത്തരം ചര്‍ച്ചകള്‍ ചാനലുകള്‍ ഒഴിവാക്കണമെന്നാണ് തന്റെ അഭ്യര്‍ഥനയെന്നും സുധീരന്‍ പറഞ്ഞു. പാര്‍ട്ടിയിലെ ഏതെങ്കിലും ഒരാള്‍ വിചാരിച്ചാല്‍ പോലും മാധ്യമങ്ങളില്‍ തെറ്റായ ചര്‍ച്ചകള്‍ വരുമെന്നതാണ് അവസ്ഥയെന്നും കെ പി സി സി പ്രസിഡന്റ് ചൂണ്ടിക്കാട്ടി. വക്താക്കളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് വിലക്കുണ്ടോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഒന്നിനും ഒരു വിലക്കോ നിയന്ത്രണമോ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും എങ്കിലും എല്ലാത്തിലും ഔചിത്യം പാലിക്കുന്നതാണ് അഭികാമ്യമെന്നും സുധീരന്‍ മറുപടി നല്‍കി. സ്വയം മിതത്വം പാലിക്കുന്നതാണ് നേതാക്കള്‍ ചെയ്യേണ്ടത്. പാര്‍ട്ടിക്കും സര്‍ക്കാറിനും ദോഷമുണ്ടാകുന്ന ഒരു നിലപാടും നേതാക്കളില്‍ നിന്ന് ഉണ്ടാകില്ലെന്നും സുധീരന്‍ പറഞ്ഞു.