Connect with us

Kerala

വനിതാ എം എല്‍ എമാര്‍ ഗവര്‍ണര്‍ക്കും പോലീസിനും തിങ്കളാഴ്ച പരാതി നല്‍കും

Published

|

Last Updated

തിരുവനന്തപുരം: ബജറ്റ് സമ്മേളനത്തിനിടെ നിയമസഭയിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ വനിതാ അംഗങ്ങള്‍ തിങ്കളാഴ്ച പോലീസിനും, ഗവര്‍ണര്‍ക്കും പരാതി നല്‍കും. എന്നാല്‍ മന്ത്രി ഷിബുബേബിജോണിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ ഇ എസ് ബിജിമോള്‍ എം എല്‍ എ. ഡി ജി പി ബാല സുബ്രഹ്മണ്യത്തിന് പരാതി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ വിവാദ പരാമര്‍ശങ്ങളുമായി രംഗത്തുവന്ന സാഹചര്യത്തിലാണ് ബിജിമോള്‍ കോഴിക്കോട് ഡി സി സി അധ്യക്ഷന്‍ കെ സി അബു, മന്ത്രി ഷിബു ബേബി ജോണ്‍, എം എ വാഹിദ് എം എല്‍ എ എന്നിവര്‍ക്കെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് രേഖാമൂലം പരാതി നല്‍കിയത്. വാര്‍ത്താസമ്മേളനമത്തിലും, പൊതുപരിപാടിയിലും, തനിക്കെതിരെ അപമാനകരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് കെ സി അബുവിനെതിരെയും എം എ വാഹിദിനെതിരെയും പരാതി. നിയമസഭയിലെ ബഹളത്തിനിടെയുണ്ടായ ഷിബു ബേബി ജോണിന്റെ പ്രവൃത്തി ലൈംഗീകാതിക്രമമാണെന്ന് അബുവിന്റെ പ്രസ്താവനയോടെ വ്യക്തമായെന്ന് പരാതിയില്‍ പറയുന്നു. ഇതിനാല്‍ മന്ത്രിഉള്‍പ്പെടെയുള്ളവര്‍ക്കതിരെ 354ാം വകുപ്പ് പ്രകാരം ലൈംഗിക അതിക്രത്തിന് കേസെടുക്കണമെന്നാണ് ആവശ്യം. അതേസമയം, നിയമസഭയില്‍ ഭരണപക്ഷ അംഗങ്ങള്‍ വനിതാ എം എല്‍ എമാരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ എം എല്‍ എമാര്‍ തിങ്കളാഴ്ച പോലീസിന് പരാതി നല്‍കും. ഇതുസംബന്ധിച്ച് ദേശീയ വനിതാ കമ്മീഷന് പ്രതിപക്ഷം പരാതി നല്‍കിയിരുന്നു.

പ്രതിപക്ഷ വനിതാ അംഗങ്ങളെ കെ കെ ലതിക, ജമീല പ്രകാശം, കെ എസ് സലീഖ, ഗീത ഗോപി, ഇ എസ് ബിജിമോള്‍ എന്നിവരായിരിക്കും പരാതി നല്‍കുക. സംഭവം നടന്ന ദിവസം തന്നെ പരാതി ലഭിച്ചിട്ടും സഭയുടെ പരമാധികാരിയായ സ്പീക്കര്‍ നിയമപരമായ ഉത്തരവാദിത്തം നിറവേറ്റിയില്ലെന്ന യാഥാര്‍ഥ്യം പരാതിയില്‍ ഉന്നയിച്ചേക്കും.
നിയമസഭക്കുള്ളില്‍ കെ ശിവദാസന്‍ നായര്‍, എം എ വാഹിദ്, എ ടി ജോര്‍ജ്, ഡൊമിനിക് പ്രസന്റേഷന്‍, ഷിബു ബേബി ജോണ്‍ തുടങ്ങിയവര്‍ നടത്തിയത് സ്ത്രീത്വത്തെ അപമാനിക്കലും ലൈംഗികാക്രമണവുമാണെന്ന് വനിതാ എം എല്‍ എമാര്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് കേസുമായി മുന്നോട്ട് പോകാന്‍ പ്രതിപക്ഷം ആലോചിക്കുന്നത്. വനിതാ എം എല്‍ എമാര്‍ക്കെതിരെ ലൈംഗികാതിക്രമമാണ് ഭരണപക്ഷ അംഗങ്ങള്‍ നടത്തിയത് എന്ന നിലയിലാകും തുടര്‍ നടപടികളുമായി മുന്നോട്ടുപോകുക. അതേസമയം പ്രതിപക്ഷം കേസുമായി മുന്നോട്ടുപോയാല്‍ ഭരണപക്ഷ അംഗങ്ങള്‍ക്കെതിരെ ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ വ്യവസ്ഥചെയ്യുന്ന വകുപ്പുകള്‍ ചുമത്തി കേസെടുക്കേണ്ടി വരും.
ലൈംഗികാതിക്രമത്തെക്കുറിച്ച് സ്ത്രീകള്‍ പരാതി നല്‍കിയാല്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യവസ്ഥയുള്ളതിനാല്‍ യു ഡി എഫ്. എം എല്‍ എമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് നിര്‍ബന്ധിതമായേക്കും. എന്നാല്‍, വനിതാ എം എല്‍ എമാര്‍ പരാതിയില്‍ ഉന്നയിക്കുന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഏതൊക്കെ വകുപ്പുകള്‍ ചുമത്തണമെന്ന് തീരുമാനിക്കുക.

Latest