തൃത്താലയില്‍ പുലിയിറങ്ങി; മയക്കുവെടിയില്‍ കുടുങ്ങി

Posted on: March 21, 2015 2:44 am | Last updated: March 20, 2015 at 11:46 pm
SHARE

pkd- puliകുറ്റനാട്: പാലക്കാട് തൃത്താലയില്‍ തോട്ടത്തിലിറങ്ങിയ പുലിയെ വനം വകുപ്പ് അധികൃതര്‍ മയക്കുവെടി വെച്ച് പിടികൂടി. ഇന്നലെ രാവിലെയാണ് സൗത്ത് തൃത്താലയില്‍ പരേതനായ തെക്കേലെ ഉണ്ണീന്‍കുട്ടിയുടെ തോട്ടത്തില്‍ പുലിയിറങ്ങിയതായി നാട്ടുകാര്‍ കണ്ടത്.
സമീപത്തെ വള്ളിപടര്‍പ്പുകള്‍ക്കിടയില്‍ ഒളിച്ചിരുന്ന പുലിയെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ മയക്കുവെടി വെച്ച് പിടൂകിടി. പുലിയിറങ്ങിയ വാര്‍ത്ത നാട്ടില്‍ പരന്നതോടെ ആള്‍കൂട്ടം പുലിയെ കാണാന്‍ തോട്ടത്തില്‍ തടിച്ചുകൂടി. ഇത് മനസ്സിലാക്കിയ പുലി പുറത്തുവരാതെ പതുങ്ങിയിരിക്കുകയായിരുന്നു. തോട്ടത്തിനുള്ളിലെ വലിയ പൊന്തക്കാടിനുളളിലാണ് പുലി ഒളിച്ചിരുന്നത്. വൈകീട്ട് നാലുമണിയോടെ വാളയാറില്‍ നിന്ന് ഫോറസ്റ്റ് ഓഫീസര്‍ ആശിഖിന്റെ നേതൃത്വത്തില്‍ വെറ്ററിനറി ഡോക്ടറടക്കം മുപ്പതോളം വനപാലകര്‍ എത്തിയതിന് ശേഷമാണ് പുലിയെ മയക്കു വെടി വെച്ച് കീഴ്‌പ്പെടുത്തിയത്.
മയക്കുവെടിയേറ്റ പുലി അല്‍പ്പദൂരം ഓടിയശേഷം ഒരുമണിക്കൂര്‍ കഴിഞ്ഞാണ് മയങ്ങിയത്. അടുത്തെങ്ങും കാടില്ലാത്തതിനാല്‍ പുലി എവിടെനിന്നുവന്നുവെന്നതിന് വ്യക്തതയില്ല. ലോറികളില്‍ കയറി വയനാട്ടില്‍ നിന്നോ മറ്റോ വന്നതാകാമെന്നാണ് വനപാലകരുടെ നിഗമനം.
അതേസമയം, ഭാരതപ്പുഴയുടെ അരികിലൂടെ വന്നതാകാനും സാധ്യതയുണ്ടെനന്ന് പാലക്കാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ രാജേഷ് രവീന്ദ്രന്‍ പറഞ്ഞു. പട്ടാമ്പി സി ഐ ജോണ്‍, എസ് ഐ സുജിത്കുമാര്‍ തുടങ്ങിയവരും പുലിയെ പിടിക്കുന്നതിന് നേതൃത്വം നല്‍കി
വൈകീട്ട് പുലിയെ വാളയാറിലേക്ക് കൂട്ടിലാക്കി വാഹനത്തില്‍ കൊണ്ടുപോയി. പുലി മയക്കംവിട്ട് ഉണര്‍ന്നെങ്കിലും ഭക്ഷണമൊന്നും കഴിക്കുന്നില്ല. പകല്‍സമയങ്ങളില്‍ ഒളിഞ്ഞിരിക്കുകയും രാത്രി പുറത്ത് വരികയുമാണ് ഇവയുടെ രീതി.ഇന്നും നാളെയും പുലിയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചശേഷം മാത്രമേ കാട്ടിലേക്കോ തൃശൂരിലെ മൃഗശാലയിലേക്കോ കൊണ്ടുപോകുന്നതിനെക്കുറിച്ച് ആലോചിക്കൂവെന്ന് വനപാലകര്‍ പറയുന്നു