ചീഫ് മാര്‍ഷലില്‍ നിന്ന് മൊഴിയെടുത്തു; വീഡിയോ പരിശോധന തുടരുന്നു

Posted on: March 20, 2015 7:09 pm | Last updated: March 21, 2015 at 12:09 am
SHARE

തിരുവനന്തപുരം: ധനമന്ത്രി മാണിയുടെ ബജറ്റവതരണം തടയുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിലുണ്ടായ അക്രമ സംഭവത്തില്‍ ചീഫ് മാര്‍ഷല്‍ ആല്‍വിന്‍ ആന്റണിയുടെ മൊഴി രേഖപ്പെടുത്തി. കന്റേണ്‍മെന്റ് അസിസ്റ്റന്റ് കമീഷനര്‍ വി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രാവിലെ നിയമസഭയില്‍ എത്തിയാണ് മൊഴിയെടുത്തത്.
കഴിഞ്ഞ 12 മുതല്‍ പിറ്റേന്ന് വൈകുന്നേരം വരെ സഭയില്‍ നടന്ന സംഭവങ്ങളെ കുറിച്ച് അന്വേഷണസംഘം ചോദിച്ചറിഞ്ഞു. സ്പീക്കറുടെ ഡയസ് തകര്‍ത്തത് ആരൊക്കെയാണ്, സ്പീക്കറെ തടഞ്ഞത് ആരെല്ലാം തുടങ്ങിയ കാര്യങ്ങളെ കുറിച്ചു വിശദമായി മൊഴിയെടുത്തു. സംഘര്‍ഷത്തിനിടെ സഭയില്‍ പരുക്കേറ്റ ആറ് വാച്ച് ആന്‍ഡ് വാര്‍ഡുമാരുടെ കൂടി മൊഴിയും രേഖപ്പെടുത്തി. ഇനി ഒരു വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിന്റെ മൊഴികൂടിയാണ് എടുക്കാനുള്ളത്. എന്നാല്‍ അവര്‍ കേസില്‍ മൊഴി നല്‍കാന്‍ വിസമ്മതിച്ചതായാണ് സൂചന. കഴിഞ്ഞ ദിവസം നിയമസഭാ സെക്രട്ടറിയില്‍ നിന്നും അന്വേഷണസംഘം മൊഴിയെടുത്തിരുന്നു. സഭയില്‍ നിന്നും കൈപ്പറ്റിയ വീഡിയോ ദൃശ്യങ്ങളുടെ പരിശോധന സിറ്റി പോലീസ് കമീഷണറുടെ ഓഫീസില്‍ പുരോഗമിക്കുകയാണ്. സൈബര്‍ പോലീസിന്റെ സഹായത്തോടെയാണ് പരിശോധന നടക്കുന്നത്. എട്ട് ക്യാമറകളിലെ ഒരു മണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള ദൃശ്യമാണ് പരിശോധിച്ച് രേഖപ്പെടുത്തുന്നത്. ഇതു പൂര്‍ത്തിയാകുന്ന മുറക്ക് വാച്ച് ആന്‍ഡ് വാര്‍ഡുമാരുടെ മൊഴിയുമായി ഒത്തുനോക്കും. വൈരുധ്യമുണ്ടെന്ന് ബോധ്യമായാല്‍ രണ്ടാംഘട്ട മൊഴിയെടുക്കല്‍ നടത്താനും ആലോചനയുണ്ട്.
ഈ ദിവസങ്ങളില്‍ നിയമസഭാ ജീവനക്കാരുടെയും ഗ്യാലറിയിലുണ്ടായിരുന്നവരുടെയും മൊഴിയെടുക്കും. അതിന് ശേഷം ഭരണപക്ഷ എം എല്‍ എമാരുടെയും ഒടുവിലായി പ്രതിപക്ഷ എം എല്‍ എമാരുടെയും മൊഴിയെടുക്കുമെന്നും പോലീസ് അറിയിച്ചു.