ബൊക്കോ ഹറാം ദുര്‍ബലമാകുന്നു: നൈജീരിയ

Posted on: March 20, 2015 11:03 pm | Last updated: March 20, 2015 at 11:43 pm
SHARE

bokoharamഅബുജ: ബൊക്കോ ഹറാം പിടിമുറുക്കിയ പ്രദേശങ്ങളെല്ലാം ഒരു മാസത്തിനുള്ളില്‍ തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന് നൈജീരിയന്‍ പ്രസിഡന്റ് ഗുഡ്‌ലക്ക് ജോനാഥന്‍. ദിവസങ്ങള്‍ കഴിയും തോറും ബൊക്കോ ഹറാം തീവ്രവാദ ഗ്രൂപ്പ് ദുര്‍ബലപ്പെട്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു. കാമറൂണ്‍ അടക്കമുള്ള അയല്‍ രാജ്യങ്ങളുടെ സഹായത്തോടെ, ബൊക്കോ ഹറാമിന്റെ നിയന്ത്രണത്തിലായിരുന്ന മിക്ക നഗരങ്ങളും തിരിച്ചുപിടിച്ചിട്ടുണ്ട്. അതേസമയം, വടക്കുകിഴക്കന്‍ മേഖലയില്‍ കലാപകാരികളെ നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി പ്രസിഡന്റ് സമ്മതിച്ചു. കഴിഞ്ഞ ദിവസം എന്‍ഗാല നഗരത്തില്‍ തീവ്രവാദി സംഘങ്ങള്‍ നടത്തിയ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍, വൈകാതെ ഈ നഗരവും തിരിച്ചുപിടിച്ചതായി ജോനാഥന്‍ അവകാശപ്പെട്ടു. അതേസമയം, തീവ്രവാദ ഗ്രൂപ്പുകളെ നേരിടുന്നതില്‍ പരാജയമാണെന്ന വിമര്‍ശം സര്‍ക്കാര്‍ നേരത്തേ മുതല്‍ തന്നെ അഭിമുഖീകരിക്കുന്നുണ്ട്. അടുത്തയാഴ്ച നൈജീരിയയില്‍ തിരഞ്ഞെടുപ്പ് നടക്കുമെന്നതിനാല്‍ വിമര്‍ശകരെ നേരിടുന്നതിനാണ് പുതിയ പ്രസ്താവനയുമായി പ്രസിഡന്റ് രംഗത്തെത്തിയിട്ടുള്ളത്.