ഇസില്‍ യൂറോപ്പിന് ഭീഷണിയെന്ന് ലിബിയന്‍ സൈനിക മേധാവി

Posted on: March 20, 2015 11:34 pm | Last updated: March 20, 2015 at 11:34 pm
SHARE

isisട്രിപ്പോളി: ഭീകര സംഘടനയായ ഇസില്‍ യൂറോപ്പിന് തന്നെ ഭീഷണിയാണെന്ന് ലിബിയയുടെ സൈനിക മേധാവി ഖലീഫ ഹഫ്താര്‍. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട ലിബിയന്‍ സര്‍ക്കാറിന്റെ സൈനിക മേധാവിയാണ് ഹഫ്തര്‍.
ലിബിയയുടെ രണ്ട് മെഡിറ്ററേനിയന്‍ തീരദേശ നഗരങ്ങള്‍ ഇപ്പോള്‍ ഇസിലിന്റെ പിടിയിലാണ്. മറ്റ് പല നഗരങ്ങളിലും ഇസിലിന്റെ സജീവ സാന്നിധ്യമുണ്ട്. സിറിയയിലും ഇറാഖിലും ഭീഷണിയായ ഈ ഭീകരവാദ സംഘടനക്ക് ഇപ്പോള്‍ യൂറോപ്പിലാകമാനം വേരോട്ടമുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം ടുണീഷ്യയില്‍ പാര്‍ലിമെന്റിന് സമീപം മ്യൂസിയത്തില്‍ ഉണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസില്‍ ഏറ്റെടുത്തിരുന്നു. സംഭവത്തില്‍ 23 പേരാണ് കൊല്ലപ്പെട്ടത്. ഇത് ഇസിലിന്റെ വ്യാപനത്തെ സൂചിപ്പിക്കുകയാണെന്ന് ഹഫ്തര്‍ പറഞ്ഞു.
‘നമുക്ക് ആവശ്യം ആയുധങ്ങളും യുദ്ധോപകരണങ്ങളും മാത്രമാണ്. സൈനിക ബലം നമുക്കുണ്ട്. ദിനം പ്രതി സൈനിക ബലം വര്‍ധിക്കുകയാണ്. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സഹായിച്ചില്ലെങ്കിലും ഭീകരതയെ നേരിടാന്‍ സൈന്യം സജ്ജമാണ്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രിപ്പോളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സമാന്തര സര്‍ക്കാറും ഐക്യരാഷ്ട്ര സഭ അംഗീകാരം നല്‍കിയ സര്‍ക്കാറും തമ്മിലുള്ള അധികാരത്തര്‍ക്കങ്ങള്‍ മുതലെടുത്താണ് ലിബിയയില്‍ ഇസില്‍ ഭീകരര്‍ കുഴപ്പങ്ങള്‍ക്ക് ശ്രമിക്കുന്നത്. ഔദ്യോഗിക സര്‍ക്കാറിന്റെ ആസ്ഥാനം സമാന്തര സര്‍ക്കാറിന്റെ നീക്കങ്ങളെ തുടര്‍ന്ന് ട്രിപ്പോളിയില്‍ നിന്ന് മാറ്റി കിഴക്കന്‍ നഗരമായ ടൊബ്രുക്കിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഫലമായി ട്രിപ്പോളിയില്‍ സമാന്തര സര്‍ക്കാറിന് ഇസില്‍ പിന്തുണ നല്‍കുകയും ചെയ്യുന്നുണ്ട്.
75000ത്തോളം ഇസില്‍ ഭീകരര്‍ രാജ്യത്തുണ്ടെന്നും ഇവരില്‍ പലരും സിറിയയില്‍ പരിശീലനം സിദ്ധിച്ചവരുമാണെന്നും സൈനിക മേധാവി പറയുന്നു. ഭീകരവാദികളെ നേരിടാന്‍ തങ്ങള്‍ക്ക് കൂടുതല്‍ ആയുധങ്ങളും പോര്‍വിമാനങ്ങള്‍ അടക്കമുള്ള യുദ്ധോപകരണങ്ങളും അനുവദിക്കണമെന്ന് കഴിഞ്ഞ മാസം നടന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയില്‍ ലിബിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.