മഹല്ലുകളുടെ പാരമ്പര്യം തിരിച്ചുപിടിക്കാന്‍ കൂട്ടായ പരിശ്രമം വേണം: സമസ്ത പ്രസിഡന്റ്

Posted on: March 20, 2015 11:17 pm | Last updated: March 20, 2015 at 11:17 pm
SHARE

കാസര്‍കോട്: മഹല്ലുകളില്‍ കഴിഞ്ഞ കാലങ്ങളില്‍ നിലനിന്ന ആത്മീയ ഔന്നിത്യവും വിജ്ഞാന വിതരണവും പുനഃസ്ഥാപിക്കുന്നതിന് സംഘടനാ നേതൃത്വവും മഹല്ല് കാരണവരും ഒന്നായി പരിശ്രമിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. സമസ്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ജില്ലയിലെത്തിയ അദ്ദേഹത്തിന് ദേളി ജാമിഅ സഅദിയ്യയില്‍ നല്‍കിയ സ്വീകരണത്തിനു മറുപടി പറയുകയായിരുന്നു സുലൈമാന്‍ ഉസ്താദ്.
ഭൗതികതയുടെ അതിപ്രസരം സമൂഹത്തെ മലീമസമാക്കിക്കൊണ്ടിരിക്കുന്നു. നാട്ടിന്‍പുറങ്ങള്‍ കേന്ദ്രീകരിച്ചു നടന്നിരുന്ന പള്ളിദര്‍സുകള്‍ ഒരുകാലത്ത് യുവസമൂഹത്തെ വല്ലാതെ സ്വാധീനിച്ചിരുന്നു. ഇതിലൂടെ വളര്‍ന്നുവന്ന ഒരു തലമുറ ഇന്ന് അസ്മതിച്ചുകൊണ്ടിരിക്കുകയാണ്. ദര്‍സുകളുടെ പുനഃസ്ഥാപനം സമൂഹം ബാധ്യതയായി ഏറ്റെടുക്കണം.
ഭൗതിക വിദ്യ നേടുന്നവര്‍ക്ക് ആത്മീയ ശിക്ഷണത്തിനു കൂടി മാര്‍ഗം ഉണ്ടാക്കണം. സുന്നി പ്രസ്ഥാനത്തിനു കീഴില്‍ വളര്‍ന്നുവരുന്ന മതസ്ഥാപനങ്ങള്‍ വലിയ പ്രതീക്ഷയാണ്.
സഅദിയ്യ സെക്രട്ടറി മാണിക്കോത്ത് അബ്ദുല്ല മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര ഉപാധ്യക്ഷന്‍ എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കെ കെ ഹുസൈന്‍ മുസ്‌ലിയാര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, മജീദ് ഫൈസി, എം പി അബ്ദുല്ല ഫൈസി, സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമി, സയ്യിദ് ഹാമിദ് അഹ്ദല്‍ തങ്ങള്‍, കൊട്ടില ലത്വീഫ് സഅദി, ശറഫുദ്ദീന്‍ സഅദി, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, പാറപ്പള്ളി ഇസ്മാഈല്‍ സഅദി സംബന്ധിച്ചു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി നന്ദിയും പറഞ്ഞു.
നേരത്തെ സമസ്ത പ്രസിഡന്റായിരുന്ന നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ ഖബറിടത്തില്‍ പ്രാര്‍ഥന നടത്തിയശേഷം ജുമുഅ നിസ്‌കാരത്തിന് സഅദിയ്യ ജുമാ മസ്ജിദില്‍ സംബന്ധിച്ചു.