Connect with us

National

ബീഫ് നിരോധിക്കാനാവില്ലെന്ന് ഗോവ മുഖ്യമന്ത്രി

Published

|

Last Updated

പനാജി: ഗോവയില്‍ മാട്ടിറച്ചി നിരോധിക്കുന്ന പ്രശ്‌നമില്ലെന്ന് മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ ലക്ഷ്മികാന്ത് പര്‍സേകര്‍. മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന തുടങ്ങിയ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ചുവട് പിടിച്ച് ദേശവ്യാപകമായി ബീഫ് നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതിനിടെയാണ് ഒരു ബി ജെ പി മുഖ്യമന്ത്രി തന്നെ അതിനെതിരെ രംഗത്ത് വന്നത്.
ബീഫ് വിഭവങ്ങള്‍ ഭക്ഷണശീലത്തിന്റെ ഭാഗമാണെന്നും അതിനാല്‍ തന്നെ ഗോവയില്‍ നിരോധം സാധ്യമല്ലെന്നും പര്‍സേകര്‍ വ്യക്തമാക്കി. സംസ്ഥാനഭരണം ബി ജെ പിയുടെ കൈയിലാണെങ്കിലും ഭക്ഷണകാര്യങ്ങളില്‍ കൈകടത്താന്‍ ഗോവ തയ്യാറല്ല. ഇവിടെ 40 ശതമാനം ജനവിഭാഗവും ന്യൂനപക്ഷത്തില്‍ പെടുന്നവരാണ്. മാട്ടിറച്ചി അവരുടെയും മറ്റുള്ളവരുടെയും ഭക്ഷണരീതിയുടെ ഭാഗമാണ്. അത് നിരോധിക്കാന്‍ പോയാല്‍ തന്റെ സര്‍ക്കാര്‍ ന്യൂനപക്ഷവിരുദ്ധമാണെന്ന പ്രതീതിയാണ് ഉണ്ടാക്കുക. കേന്ദ്ര നടപടികളെ ഇക്കാര്യത്തില്‍ പരിഗണിക്കാനാകില്ല. വര്‍ഷങ്ങളുടെ പ്രയത്‌ന ഫലമായി നേടിയെടുത്ത സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ വിശ്വാസം ബീഫ് നിരോധത്തിന്റെ പേരില്‍ തകര്‍ക്കാന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഗോവധവുമായി ബന്ധപ്പെട്ട് ഹിന്ദുക്കള്‍ക്കുള്ള വികാരം സര്‍ക്കാര്‍ കണ്ടില്ലെന്ന് നടക്കില്ലെന്ന് ആര്‍ എസ് എസിന്റെ സംസ്ഥാന ഭാരവാഹിയായിരുന്ന പര്‍സേകര്‍ പറഞ്ഞു. ഹിന്ദുക്കളെ കണക്കിലെടുത്ത് സംസ്ഥാനത്ത് ഗോവധം നടത്തുന്നില്ല. ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും മറ്റുള്ളവര്‍ക്കും ഭക്ഷണാവശ്യത്തിനായി ബീഫ് അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ നിന്ന് വാങ്ങുകയാണ്. ഈ നില തുടരുകയല്ലാതെ മാട്ടിറച്ചി നിരോധം പ്രായോഗികമല്ലെന്ന് അദ്ദേഹം വിശദീകരിച്ചു.
ബി ജെ പി ന്യൂനപക്ഷ വിരുദ്ധമാണെന്ന് ചിത്രീകരിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം നടക്കുന്നുണ്ട്. ചര്‍ച്ച് ആക്രമണവും മറ്റും ചൂണ്ടിക്കാണിച്ചാണ് ഇത് നടക്കുന്നത്. എന്നാല്‍ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമല്ല ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത്. ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കാനായത് കൊണ്ടാണ് ഗോവയില്‍ ഇതാദ്യമായി ബി ജെ പിക്ക് സ്വന്തമായി സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സാധിച്ചത്. പാര്‍ട്ടി ന്യൂനപക്ഷങ്ങള്‍ക്ക് അനുകൂലമാണ്. ക്രിസ്ത്യന്‍ സമൂഹത്തിന് കോണ്‍ഗ്രസ് നല്‍കാത്ത പല സൗജന്യങ്ങളും ഞങ്ങള്‍ നല്‍കുന്നുണ്ട്. അത് ചില സഭാധ്യക്ഷന്‍മാര്‍ പരസ്യമായി സമ്മതിച്ചിട്ടുമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Latest