മലയോര മേഖലയിലെ വയലേലകളില്‍ ബംഗാളി ഞാറ്റുപാട്ടിന്റെ ഈണം

Posted on: March 20, 2015 11:40 am | Last updated: March 20, 2015 at 11:40 am
SHARE

മുക്കം: വൈറ്റ് കോളര്‍ ജോലിമാത്രം സ്വപ്‌നം കണ്ട് കഴിയുന്ന മലയാളികള്‍ക്കിടയില്‍ തരിശായി കിടക്കുന്ന നെല്‍വയലുകള്‍ കൃഷിയോഗ്യമാക്കാന്‍ അന്യ സംസ്ഥാന തൊഴിലാളികള്‍. ബംഗാളി ഞാറ്റു പാട്ടിന്റെ ഈണം നെല്‍വയലുകളില്‍ നിന്നുയരുമ്പോള്‍ പ്രോത്സാഹനവുമായി മലയാളികളുണ്ട് കൂടെ. നേരത്തെ നിര്‍മാണ ജോലിക്കായിരുന്നു അന്യ സംസ്ഥാന തൊഴിലാളികള്‍ എത്തിയിരുന്നതെങ്കില്‍ ക്രമേണ അത് ബാര്‍ബര്‍ മേഖലയിലും നാടന്‍ തൊഴിലിലും കൃഷി മേഖലയിലും എത്തിയിട്ടുണ്ട്. ഇതോടൊപ്പം സംസ്ഥാനത്തെ മിക്ക വയലുകളിലും ഇപ്പോള്‍ കേള്‍ക്കുന്നത് ബംഗാളി ഈണമാണ്.
ബംഗാളില്‍ നിന്നാണ് സംസ്ഥാനത്തേക്ക് നെല്‍കൃഷി ജോലിക്കായി ഇവരെത്തുന്നത്. സീസണാകുമ്പോള്‍ നെല്‍കൃഷിക്കും മറ്റു സമയങ്ങളില്‍ നിര്‍മാണ പ്രവൃത്തികള്‍ക്കും ഇവര്‍ പോകുന്നു. തങ്ങളുടെ സംസ്ഥാനത്ത് നൂറില്‍ താഴെ മാത്രമാണ് വേതനമെന്നും ഇവിടെ 500 രൂപയാണ് ദിവസക്കൂലി ലഭിക്കുന്നതെന്നും ബംഗാളില്‍ നിന്നെത്തിയ സുദേവ് ഗാംഗുലി പറഞ്ഞു. 30 ദിവസവും തൊഴിലുള്ളതിനാല്‍ പതിനായിരം രൂപയെങ്കിലും മിച്ചം പിടിച്ച് നാട്ടിലേക്ക് അയക്കാനാകും.
കമ്മീഷന്‍ ഏജന്റുമാരാണ് ബംഗാളില്‍ നിന്ന് തൊഴിലാളികളെ നാട്ടിലെത്തിക്കുന്നത്. ഏതായാലും മലയാളി കൃഷി നിര്‍ത്തിയാലും നാട്ടിലെ പച്ചപ്പ് മായാതിരിക്കാന്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ വിയര്‍പ്പൊഴുക്കുമെന്നാശ്വസിക്കാം.