മുക്കത്തെ സ്വകാര്യ ഹോട്ടലില്‍ വൈന്‍, ബീര്‍ പാര്‍ലര്‍ തുടങ്ങി

Posted on: March 20, 2015 11:39 am | Last updated: March 20, 2015 at 11:39 am
SHARE

മുക്കം: പൊതുജന പ്രതിഷേധത്തെ മറികടന്ന് വിവാദ ഹോട്ടലില്‍ വൈന്‍ ബീര്‍ പാര്‍ലര്‍ തുടങ്ങി. വിവിധ സംഘടനകളുടെ കടുത്ത പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് അതീവ രഹസ്യമായി മലയോരം ഗേറ്റ്‌വേയില്‍ ഇന്നലെ രാവിലെ മുതല്‍ വൈന്‍ ബീര്‍ പാര്‍ലര്‍ പ്രവര്‍ത്തനമാരംഭിച്ചത്.
മുന്നൂറിലേറെ ബാറുകള്‍ക്ക് സര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി നിഷേധിച്ചിതിനെ തുടര്‍ന്ന് മൂന്നൂറിലേറെ ബാറുകളില്‍ വൈന്‍ ബീര്‍ പാര്‍ലര്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ മറവില്‍ മുക്കത്തെ ഹോട്ടലില്‍ ബീര്‍ പാര്‍ലര്‍ തുറന്നതാണെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
ഈ വര്‍ഷം ജനുവരി 12നാണ് മുക്കം ഗ്രാമപഞ്ചായത്ത് ഭരണസമിതി മുക്കത്തെ ഹോട്ടലില്‍ മദ്യശാലക്ക് എന്‍ ഒ സി നല്‍കാന്‍ അനുമതി നല്‍കിയത്. നേരത്തെ ഗ്രാമപഞ്ചായത്തിന് പലതവണ ഹോട്ടലധികൃതര്‍ അപേക്ഷ നല്‍കിയെങ്കിലും ഗ്രാമപഞ്ചായത്തംഗങ്ങള്‍ ഒറ്റക്കെട്ടായി ഇതിനെ എതിര്‍ത്തിരുന്നു. ജനുവരി 12ലെ യോഗത്തില്‍ ഭരണകക്ഷിയായ സി പി എമ്മിലെ 10 അംഗങ്ങളും കോണ്‍ഗ്രസിലെ നാലില്‍ മൂന്ന് അംഗങ്ങളും മദ്യശാലക്ക് എന്‍ ഒ സി നല്‍കുന്നതിനെ അനുകൂലിക്കുകയായിരുന്നു.
ഏപ്രില്‍ ഒന്ന് മുതല്‍ മാത്രമാണ് പുതിയ ബീര്‍ പാര്‍ലറുകള്‍ തുറക്കേണ്ടത്. എന്നാല്‍ ഹോട്ടലുടമകള്‍ ഇവിടെ ബീര്‍ പാര്‍ലര്‍ തുറന്നതില്‍ അവ്യക്തതയുണ്ട്. ഇന്നലെ രാവിലെ മുതല്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടും മുക്കത്തെ പരിസരങ്ങളിലെയോ പൊതുജനങ്ങളോ ഇതിനെ എതിര്‍ക്കുന്ന ബാര്‍ വിരുദ്ധ ആക്ഷന്‍ കമ്മിറ്റിയോ സംഭവം അറിഞ്ഞിട്ടല്ല.