അങ്ങാടിപ്പുറം പൂരം: ഗതാഗതക്കുരുക്ക് രൂക്ഷമാകാന്‍ സാധ്യത

Posted on: March 20, 2015 11:38 am | Last updated: March 20, 2015 at 11:38 am
SHARE

പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരാഘോഷത്തോടനുബന്ധിച്ച് അങ്ങാടിപ്പുറത്ത് ദിവസേന നൂറ് കണക്കിനാളുകള്‍ വന്നുപോകുകയും അതനുസരിച്ച് വാഹനങ്ങളും എത്തുന്ന സാഹചര്യത്തില്‍ അങ്ങാടിപ്പുറം കേന്ദ്രീകരിച്ച് ഗതാഗത കുരുക്ക് രൂക്ഷമാകാന്‍ സാധ്യത.
അങ്ങാടിപ്പുറം മേല്‍പാല നിര്‍മാണ ആരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെ പൂരാഘോഷ പരിപാടികളാണ് അടുത്തുള്ള ദിവസങ്ങളില്‍ തുടങ്ങാനിരിക്കുന്നത്. മറ്റു പൂരങ്ങളെ പോലെ ഒന്നോ രണ്ടോ ദിവസം കൊണ്ട് കഴിയുന്ന പൂരംമല്ല മറിച്ച് 11 ദിവസം നീണ്ടുനില്‍ക്കുന്നതിനാല്‍ ഗതാഗത കുരുക്ക് രൂക്ഷമാകുമെന്നാശങ്കയിലാണ് അധികൃതര്‍. കുരുക്ക് മുറുകാതിരിക്കാന്‍ മേല്‍പാലം നിര്‍മാണം നടക്കുന്ന സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്ന പാഴ്‌വസ്തുക്കള്‍ അപ്പപ്പോള്‍ ഒഴിവാക്കി ഗതാഗതത്തിന് കൂടുതല്‍ സ്ഥലം കണ്ടെത്താനാണ് പരിപാടി. പൂരം തുടങ്ങുന്നതിന് മുമ്പായി പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ പരമാവധി തീര്‍ക്കാന്‍ മാസങ്ങള്‍ക്ക് മുമ്പുതന്നെ പദ്ധതിയിട്ടിരുന്നുവെങ്കിലും അങ്ങാടിപ്പുറം മേല്‍പാലത്തിന്റെ സ്ഥലമെടുപ്പിനനുവദിച്ച 2.73 കോടി രൂപ റവന്യൂവകുപ്പിന് ലഭിച്ചിട്ടില്ല.
തുക ധനകാര്യവകുപ്പ് അനുവദിച്ചിരുന്നുവെങ്കിലും ഈയിടെ നിയമസഭയിലുണ്ടായ പ്രശ്‌നങ്ങളും ബജറ്റവതരണവുമെല്ലാം തന്നെ തുക കൈമാറാനുള്ള കാലതാമസത്തിന് കാരണമായി പറയുന്നു. ഇത് സ്ഥലമെടുപ്പ് നടപടികളെ മന്ദഗതിയിലാക്കിയിട്ടുണ്ട്. ഫണ്ട് ലഭിച്ചാല്‍ ഉടനെ സ്ഥലം ഏറ്റെടുക്കാനാകും. സ്ഥലം ഏറ്റെടുത്ത് ആര്‍ ബി ഡി സിക്ക് ഏല്‍പ്പിച്ചുവെങ്കിലെ പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തികളും കുറ്റമറ്റ രീതിയില്‍ തുടരാനാകൂ. ഈ അഭിപ്രായം നേരത്തെ പാല നിര്‍മാണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മന്ത്രി അലി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അറിയിച്ചിരുന്നു.
സ്വകാര്യ വ്യക്തികളുടെ 42 സെന്റ് സ്ഥലമാണ് വേണ്ടത്. ഇതില്‍ നാല് സെന്റ് സ്ഥലത്തിന്റെ ഉടമസ്ഥരായ 11 പേര്‍ സ്ഥലം വിട്ട് നല്‍കുന്നതിന് സമ്മതപത്രം നല്‍കിയിരുന്നു. ഇവരുടെ പക്കലുള്ള സ്ഥലം ലഭിച്ചാല്‍ ആ സ്ഥലത്ത് റോഡ് വീതി കൂട്ടാനാകുമെന്നാണ് പ്രതീക്ഷ.