Connect with us

National

മധ്യപ്രദേശ് മന്ത്രിയെ ട്രെയിനില്‍ കൊള്ളയടിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: മധ്യപ്രദേശ് ധനമന്ത്രി ജയന്ത് മലിയയെയും ഭാര്യ സുധ മലിയയെയും ജബല്‍പൂര്‍- നിസാമുദ്ദീന്‍ എക്‌സ്പ്രസ് ട്രെയിന്‍ യാത്രക്കിടയില്‍ തോക്കുചൂണ്ടി കൊള്ളയടിച്ചു. വ്യാഴാഴ്ച മഥുരക്കടുത്ത് വെച്ചാണ് സംഭവം. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ എ സി കമ്പാര്‍ട്ട്‌മെന്റിലാണ് കവര്‍ച്ച നടന്നത്. ദമോഹയില്‍ നിന്ന് ഡല്‍ഹിക്ക് യാത്ര ചെയ്യുകയായിരുന്നു മന്ത്രിയും ഭാര്യയും. ഇവരില്‍ നിന്ന് സ്വര്‍ണമാല, മോതിരം, പണം എന്നിവയാണ് കവര്‍ച്ച നടത്തിയത്. മന്ത്രി സഞ്ചരിച്ച കമ്പാര്‍ട്ട്‌മെന്റിലെ മറ്റു യാത്രക്കാരും കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്.
ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെ ഇവര്‍ യാത്ര ചെയ്തിരുന്ന കൂപ്പെയുടെ വാതിലില്‍ മുട്ടുന്നതുകേട്ട് ഭാര്യ സുധ വാതില്‍ തുറന്നു. കഠാരയേന്തിയ ഒരാള്‍ക്കൊപ്പം മറ്റ് നാല് പേര്‍ ബലംപ്രയോഗിച്ച് അകത്തു കടക്കുകയായിരുന്നുവെന്ന് സുധ പറഞ്ഞു. തന്റെ പക്കല്‍ നിന്ന് പഴ്‌സ് പിടിച്ചുപറിച്ചു. മാലയും മോതിരവും അഴിച്ചുമാറ്റി. മധ്യപ്രദേശിലെ ധനമന്ത്രി കൂടിയായ ഭര്‍ത്താവിന്റെ പഴ്‌സില്‍ നിന്ന് പണമെടുത്ത കൊള്ളക്കാര്‍ തന്റെ ഇടത് കൈവിരലില്‍ കിടന്ന മറ്റൊരു മോതിരം ഊരാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അപ്പോള്‍ വിരല്‍ മുറിക്കുമെന്നായി ഭീഷണി. പക്ഷേ, മോതിരം ഊരിയെടുക്കാനായില്ല. ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തി ആര്‍ പി എഫുകാര്‍ എത്തിയപ്പോഴേക്കും കൊള്ളക്കാര്‍ രക്ഷപ്പെട്ടുവെന്ന് സുധ പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് അന്വേഷണത്തിന് റെയില്‍വേ ഉത്തരവിട്ടു. ട്രെയിനില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന മൂന്ന് റെയില്‍വേ സംരക്ഷണ സേനാംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തതായി റെയില്‍വേ വക്താവ് അനില്‍ സക്‌സേന അറിയിച്ചു. ബി ജെ പി അംഗമായ പ്രഹ്ലാദ് പട്ടേല്‍ വിഷയം പാര്‍ലിമെന്റിലും ഉന്നയിച്ചു.

Latest