Connect with us

Articles

നാണക്കേടും ഏകപക്ഷീയമാകരുത്‌

Published

|

Last Updated

കേരളാ നിയമസഭാചരിത്രം ഇനി മാര്‍ച്ച് 13ന് മുമ്പും ശേഷവുമെന്ന് രേഖപ്പെടുത്തപ്പെടും. അത്രമേല്‍ ചരിത്രപ്രാധാന്യം നേടികഴിഞ്ഞു അന്നത്തെ സംഭവ വികാസങ്ങള്‍ക്ക്. കൊടുങ്കാറ്റിനൊപ്പം വീശിയടിച്ചത് കൊണ്ടാകണം മഴ പെയ്‌തൊഴിഞ്ഞ് ദിവസങ്ങളായിട്ടും മരം പെയ്ത് തീരാത്തത്. പുതിയ പുതിയ ചോദ്യങ്ങള്‍, സംശയങ്ങള്‍, നിര്‍വചനങ്ങള്‍, വിലയിരുത്തലുകള്‍ വന്നു കൊണ്ടേയിരിക്കുന്നു. എന്തായാലും ഒരുകാര്യത്തില്‍ എല്ലാവരും യോജിക്കും. അരുതാത്ത് സംഭവിച്ചിരിക്കുന്നു. എന്നാല്‍, പ്രതിപക്ഷ പ്രതിഷേധത്തില്‍ മാത്രം അരുതാത്തത് സംശയിക്കുമ്പോഴാണ് പ്രശ്‌നം. ഇങ്ങനെയൊരു പ്രതിഷേധം എങ്ങനെ ഉണ്ടായെന്ന് കൂടി പരിശോധിക്കപ്പെടണം. അവിടെയും അരുതാത്തിന്റെ ലാഞ്ചനകള്‍ കാണണം. അല്ലെങ്കില്‍ നാണക്കേട് എന്ന വിശേഷണം ഏകപക്ഷീയമായി പോകും. പുതുതായി ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ വസ്തുതകളുടെ പിന്‍ബലത്തിലായിരിക്കണമെന്ന കാര്യം ഇതോട് ചേര്‍ത്ത് വെക്കേണ്ടതുമുണ്ട്.
ശരിതെറ്റുകള്‍ ഒരു ത്രാസില്‍ വെച്ച് തൂക്കിയെടുത്താല്‍ ഒരു പക്ഷത്തേക്ക് താഴ്ന്നുനില്‍ക്കും. പ്രതിക്കൂട്ടില്‍ പ്രതിപക്ഷവുമാകും. കാരണം അവരാണ് നിയമസഭാ പ്രവര്‍ത്തനങ്ങള്‍ അലങ്കോലമാക്കിയത്. സ്പീക്കറുടെ ഡയസില്‍ കയറിയതും സ്പീക്കറെ തടഞ്ഞതും അവരാണ്. കമ്പ്യൂട്ടറും എമര്‍ജന്‍സി ലൈറ്റും മൈക്ക് സംവിധാനവും തകര്‍ത്തതും പ്രതിപക്ഷമാണ്. സ്പീക്കറുടെ ഇരിപ്പിടം വലിച്ചെറിഞ്ഞതും അവര്‍ തന്നെ. ഭരണപക്ഷ ഡെസ്‌ക്കില്‍ കയറി നൃത്തം ചവിട്ടിയവരും മറ്റാരുമല്ല. ഈ വസ്തുതകളെല്ലാം പ്രതിപക്ഷത്തെ പ്രതികൂട്ടില്‍ നിര്‍ത്തുന്നു. എന്നാല്‍ നിയമസഭയുടെ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും ഇരുപക്ഷവും ലംഘിച്ചിട്ടുണ്ടെന്ന കാര്യവും കാണാതെ പോകാനാകില്ല. പെട്ടെന്നുണ്ടായ ഒരു പ്രകോപനത്തിന്റെ ഭാഗമായിരുന്നില്ല ബജറ്റ് ദിനത്തിലെ പ്രതിപക്ഷ പ്രതിഷേധം. തൊട്ടുതലേ ദിവസം നിയമസഭക്കുള്ളില്‍ തമ്പടിച്ച് ആവിഷ്‌കരിച്ച തന്ത്രങ്ങള്‍ക്ക് ഭരണപക്ഷം മറുതന്ത്രങ്ങള്‍ ആവിഷ്‌കരിച്ചതോടെ നടപ്പാക്കപ്പെട്ട താണ് സഭയില്‍ നടന്നതും ലോകം കണ്ടതും. കണ്ടവരെല്ലാം നാണിച്ചു. ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങളിലെല്ലാം പ്രധാനതലക്കെട്ടായി. സ്പീക്കര്‍ നിരീക്ഷിച്ചത് പോലെ ലോകത്തിന് മുന്നില്‍ മലയാളികള്‍ നാണംകെട്ടു. വിദേശ പത്രങ്ങളില്‍ വന്ന വാര്‍ത്തകളുടെ കട്ടിംഗ്‌സ് ഫെയ്‌സ് ബുക്കിലിട്ട് ഇനി എങ്ങനെ അര്‍ബാബിന്റെ മുഖത്ത് നോക്കുമെന്ന് വിദേശ മലയാളികള്‍ പരിതപിച്ചു (പരിഹസിച്ചു). സംഭവിക്കാന്‍ പാടില്ലാത്തത് തന്നെയെന്നതില്‍ ഭൂരിപക്ഷത്തിനും യോജിപ്പാണ്. കാരണം ഒരു സംഘര്‍ഷം ആഗ്രഹിക്കുന്നവരല്ല, മലയാളികള്‍.
അപ്പോഴും എന്ത് കൊണ്ട് ഇങ്ങനെ ഒരു സാഹചര്യമുണ്ടായെന്ന് പരിശോധിക്കാതെയുള്ള വിലയിരുത്തല്‍ ഏകപക്ഷീയമാകും. കെ എം മാണി ബജറ്റ് അവതരിപ്പിക്കരുതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്. അഴിമതി കേസില്‍ വിജിലന്‍സ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യം കൂടി മുന്‍നിര്‍ത്തുമ്പോഴാണ് ഈ ആവശ്യം പ്രസക്തമാകുന്നത്. ഏതെങ്കിലും വിജിലന്‍സ് കോടതിയുടെ പരിഗണനയില്‍ വന്ന ഹരജിയിന്മേലുള്ള ഉത്തരവില്‍ അല്ല, കെ എം മാണി ബാര്‍ കോഴ കേസില്‍ പ്രതിയാകുന്നത്. ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് ഉന്നയിച്ച ആരോപണത്തിന്മേല്‍ വിജിലന്‍സ് 42 ദിവസം നീണ്ടുനിന്ന പ്രാഥമിക പരിശോധനയില്‍ കേസെടുക്കാന്‍ തക്ക തെളിവുകളുണ്ടെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്.
എന്തുകൊണ്ട് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന പ്രതിപക്ഷ നിലപാടിനെ ഒരു സുപ്രീംകോടതി വിധി അടിസ്ഥാനമാക്കിയാണ് ആഭ്യന്തരമന്ത്രി പ്രതിരോധിക്കാറുള്ളത്. ലളിതകുമാരിയും ഉത്തര്‍പ്രദേശ് സര്‍ക്കാറും തമ്മില്‍ നടന്ന കേസില്‍ അഴിമതി ആരോപണം വന്നാല്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവെന്നാണ് ആഭ്യന്തരമന്ത്രിയുടെ ഭാഷ്യം. വാദത്തിന് ഇത് അംഗീകരിച്ചാല്‍ ക്വിക്ക് വെരിഫിക്കേഷന്‍ എന്തിന് 42 ദിവസം ദീര്‍ഘിപ്പിച്ചെന്ന ചോദ്യത്തിന് കൂടി ഉത്തരം നല്‍കണം.
വിശദമായ മൊഴിയെടുപ്പും തെളിവെടുപ്പും നടത്തിയ ശേഷമാണ് വിജിലന്‍സ് മാണിയെ പ്രതിചേര്‍ത്ത് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്.
ലഭ്യമായ തെളിവുകള്‍ അനുസരിച്ച് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണോ, വേണ്ടയോ എന്ന കാര്യത്തില്‍ പോലും രണ്ട് നിയമോപദേശങ്ങള്‍ സര്‍ക്കാറിന് ലഭിച്ചതാണ്. ലഭ്യമായ മൊഴികളും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും പരിശോധിച്ച ശേഷം കെ എം മാണിയെ പ്രതിചേര്‍ക്കേണ്ടതില്ലെന്ന നിയമോപദേശം സര്‍ക്കാറിന് ലഭിച്ചിട്ട് പോലും മാണിക്കെതിരെ എഫ് ഐ ആര്‍ ചുമത്താന്‍ വിജിലന്‍സ് സന്നദ്ധമായെങ്കില്‍ ഇതില്‍ പലതും ചീഞ്ഞ് നാറുന്നുണ്ടെന്ന് വ്യക്തം. ഈയൊരു പശ്ചാത്തലത്തിലാണ് കെ എം മാണി ബജറ്റ് അവതരിപ്പിക്കരുതെന്ന ആവശ്യം പ്രതിപക്ഷം മുന്നോട്ടുവെക്കുന്നത്. സര്‍ക്കാര്‍ ഇത് തള്ളിയതോടെ ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്ന് മാണിയെ തടയുമെന്ന നിലപാടിലേക്ക് പ്രതിപക്ഷം നീങ്ങി.
പ്രഖ്യാപിച്ച സമരം ഏത് വിധേനയും വിജയിപ്പിച്ചെടുക്കേണ്ടത് നേതൃത്വത്തിന്റെ ബാധ്യതായി. അഡ്ജസ്റ്റ്‌മെന്റ് സമരം എന്ന വിമര്‍ശം മുന്നണിക്കുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്ന സാഹചര്യം. സമാന ആക്ഷേപത്തിന്റെ ചുവട് പിടിച്ച് ഭരണപക്ഷം നിരന്തരം നടത്തിയ വെല്ലുവിളി. നയപ്രഖ്യാപന ചര്‍ച്ചയില്‍ പങ്കെടുത്ത ഘട്ടത്തില്‍ ഇരുപക്ഷവും പരസ്പരം നടത്തിയ പോര്‍വിളി. ഇതിനെല്ലാം പുറമെ സി പി എമ്മിന്റെയും സി പി ഐയുടെയും നേതൃതലത്തില്‍ വന്ന മാറ്റം. എല്ലാം കൂടി ചേര്‍ന്നതിന്റെ ബാക്കി പത്രമായിരുന്നു മാര്‍ച്ച് 13. സമരം ഏത് വിധേനയും വിജയിപ്പിച്ചിടുക്കുകയെന്ന തലത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയതോടെ മാര്‍ഗം ഏതും ആകാമെന്ന നിലപാടിലേക്ക് പ്രതിപക്ഷം എത്തുകയായിരുന്നു. അല്ലെങ്കില്‍ എത്തിക്കുകയായിരുന്നു. കാരണം, സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജിയും ജുഡീഷ്യല്‍ അന്വേഷണവും ആവശ്യപ്പെട്ട് നടത്തിയ സമരം അവസാനിപ്പിച്ചതിനെ ചൊല്ലി അത്രമേല്‍ പഴി കേട്ടിട്ടുണ്ട് സി പി എം നേതൃത്വം.
സംഭവങ്ങളുടെ തുടര്‍ചലനം ദിവസം ചെല്ലും തോറും ശക്തിപ്പെടുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ ഉയര്‍ന്ന് കൊണ്ടിരിക്കുന്ന വിവാദം. അഞ്ച് പേരെ സസ്‌പെന്‍ഡ് ചെയ്ത് സഭ അച്ചടക്കത്തിന്റെ വാള്‍ ഉയര്‍ത്തി. പൊതുമുതല്‍ നശിപ്പിച്ചതിന് നിയമസഭാസെക്രട്ടറി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇ പി ജയരാജന്‍, ഡോ. കെ ടി ജലീല്‍, കെ അജിത്ത്, വി ശിവന്‍കുട്ടി, കെ കുഞ്ഞമ്മദ് മാസ്റ്റര്‍ എന്നിവരാണ് നടപടിക്ക് വിധേയരായവര്‍. മുഖ്യമന്ത്രി പറയുന്നത് പോലെ എങ്ങനെ നടപടി കുറച്ച് പേരില്‍ ഒതുക്കാമെന്നാണ് സര്‍ക്കാര്‍ നോക്കിയത്. ഈ വാദം ശരി തന്നെ. കാരണം സ്പീക്കറുടെ ഡയസില്‍ കയറിയതിന് മാത്രം സഭ നേരത്തെ അച്ചടക്ക നടപടിയെടുത്തിട്ടുണ്ട്.
അതേമാനദണ്ഡം അനുസരിച്ചായിരുന്നെങ്കില്‍ വി എസ് അച്യുതാനന്ദന്‍ ഒഴികെ മറ്റുള്ളവരെയെല്ലാം നടപടിക്ക് വിധേയരാക്കേണ്ടി വരുമായിരുന്നുവെന്നതും നേര്. എന്നാല്‍, അങ്ങനെയൊരു മാനദണ്ഡത്തിലൂടെ കാര്യങ്ങള്‍ പോയിരുന്നെങ്കില്‍ നടപടി പ്രതിപക്ഷത്തില്‍ മാത്രം ഒതുക്കാന്‍ കഴിയില്ലായിരുന്നുവെന്ന വസ്തുത കൂടിയുണ്ട്. വി ഡി സതീശനും വി ടി ബല്‍റാമും എം വി ശ്രേയാംസ്‌കുമാറും ഉമ്മന്‍ ചാണ്ടിയും ഒഴികെയുള്ള ഭരണപക്ഷ നിരയിലെ ആരും സ്വന്തം ഇരിപ്പിടത്തിലായിരുന്നില്ല. കെ എം മാണിക്കും മുഖ്യമന്ത്രിക്കും കവചം തീര്‍ക്കുകയായിരുന്നു അവര്‍. സുരക്ഷയൊരുക്കാന്‍ അഞ്ഞൂറോളം വാച്ച് ആന്റ് വാര്‍ഡ് സഭക്കുള്ളില്‍ ഉണ്ടായിരുന്നപ്പോഴാണ് ഈ സമാന്തര സുരക്ഷ. തകര്‍ത്താടിയിരുന്ന പ്രതിപക്ഷത്തെ നോക്കി ചിലര്‍ വെല്ലുവിളിച്ചു. കെ എം മാണിക്ക് സിന്ദാബാദ് വിളിച്ചു മറ്റുചിലര്‍. ബജറ്റ് മേശപ്പുറത്ത് വെച്ചതിന് പിന്നാലെ ലഡു വിതരണം ചെയ്ത് കൊണ്ടുള്ള ആഹ്ലാദാരവവും. നിയമസഭാ ചട്ടലംഘനത്തിന്റെ പരിധിയില്‍ വരുന്നതാണിതെന്ന കാര്യം വിസ്മരിക്കാനാകില്ല.
ഏറ്റവുമൊടുവില്‍ കത്തി നില്‍ക്കുന്ന വിവാദം വനിതാസമാജികരെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയാണ്. വനിതാസമാജികരെ മര്‍ദിച്ചെന്ന പരാതി മാര്‍ച്ച് 13ന് തന്നെ ഉയര്‍ന്നതാണ്. എന്നാല്‍, അത് ലൈംഗികപീഡന ശ്രമമായി മാറുമ്പോള്‍ പുതിയ മാനം കൈവരുന്നു. ദേഹോപദ്രവവും ജാതി പറഞ്ഞുള്ള അധിക്ഷേപവും ആണ് ഉദ്ദേശിച്ചതെങ്കില്‍ ശരി. ലൈംഗിക പീഡനത്തിന്റെ പരിധിയിലേക്ക് ഇതെല്ലാം വരുമോയെന്ന് കാലം തെളിയിക്കട്ടെ.
എന്തായാലും വനിതാ എം എല്‍ എമാര്‍ പോലീസിനെ സമീപിക്കുകയാണ്. പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പോലീസ് തെളിവെടുപ്പ് തുടങ്ങുകയും ചെയ്തു. ഇവിടെയൊരു പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കപ്പെടുന്നു. സവിശേഷ അധികാരങ്ങള്‍ ഏറെയുള്ള ഭരണഘടനാസ്ഥാപനമാണ് നിയമ നിര്‍മ്മാണ സഭകള്‍. പോലീസിന്റെയും കോടതികളുടെയും പരിധിക്ക് പുറത്താണ്. അത് കൊണ്ടാണ് നിയമസഭക്കുള്ളില്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ നിയമക്കുരുക്കിലേക്ക് പോകാതിരിക്കുന്നത്. സ്പീക്കറാണ് ഈ സ്ഥാപനത്തിന്റെ പരമാധികാരി. ചോദ്യം ചെയ്യാനും ശിക്ഷിക്കാനുമെല്ലാം സ്പീക്കര്‍ക്ക് അധികാരമുണ്ട്. അതെല്ലാം ഒരു എസ് ഐയുടെ അധികാരത്തിലേക്ക് കൈമാറുമ്പോള്‍ വി എസ് അച്യുതാനന്ദന്‍ പറഞ്ഞത് പോലെ സ്പീക്കര്‍ സ്വയം ചെറുതാകുകയാണ്. അങ്ങനെയൊരു കീഴ്‌വഴക്കമുണ്ടാക്കുന്നത് നല്ലതല്ല. സവിശേഷ അധികാരം ഉപയോഗിച്ച് നടപടിയെടുക്കാന്‍ സ്പീക്കര്‍ക്ക് തന്നെ കഴിയണം.

Latest