മന്‍മോഹനും കല്‍ക്കരിപ്പാടും

Posted on: March 20, 2015 6:00 am | Last updated: March 20, 2015 at 1:02 am
SHARE

manmohan singഒഡിഷയിലെ തലബിറ കല്‍ക്കരിപ്പാടം ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, മഹാനദി കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡ്, നെയ്വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ എന്നിവ ഉള്‍പ്പെടുന്ന സംയുക്ത സംരംഭത്തിന് അനുവദിച്ച് കൊടുത്തത് നിയമവിരുദ്ധമായാണെന്നും അതിന് കുറ്റകരമായ ഗൂഢാലോചന നടന്നുവെന്നും ആ ഇടപാടില്‍ അഴിമതിയുണ്ടെന്നുമാരോപിച്ചാണ് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി പി സി പരേഖ്, ഹിന്‍ഡാല്‍കോ മേധാവി കുമാര്‍ മംഗലം ബിര്‍ള എന്നിവരെ പ്രതിചേര്‍ക്കാന്‍ ഡല്‍ഹിയിലെ കോടതി ഉത്തരവിട്ടത്. ഒന്നും രണ്ടും യു പി എ സര്‍ക്കാറുകളുടെ കാലത്ത് കല്‍ക്കരിപ്പാടങ്ങള്‍ ലേലം കൂടാതെ അനുവദിച്ചതിലൂടെ ഖജനാവിന് 1,87,000 കോടി രൂപ നഷ്ടമായെന്ന കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ നിഗമനത്തോടെ ആരംഭിച്ച ആരോപണപ്രത്യാരോപണങ്ങളുടെയും നിയമ നടപടികളുടെയും തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടി.
ഒന്നാം യു പി എ സര്‍ക്കാറില്‍ കല്‍ക്കരി വകുപ്പ് കൈകാര്യം ചെയ്ത ഷിബു സോറന്‍ ക്രിമിനല്‍ കേസില്‍ കോടതിയുടെ അറസ്റ്റ് വാറണ്ടിന് വിധേയനായി രാജി സമര്‍പ്പിച്ചതോടെ 2006 മുതല്‍ 2009 വരെയുള്ള കാലത്ത് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു പ്രസ്തുത വകുപ്പ്. അക്കാലത്താണ് മഹാനദി കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡിന് 70ഉം നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷനും ഹിന്‍ഡാല്‍കോക്കും പതിനഞ്ച് വീതവും ശതമാനം ഓഹരിയുള്ള സംയുക്ത സംരംഭത്തിന് തലബിറയിലെ രണ്ടും മൂന്നും കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കപ്പെട്ടത്. തലബിറയിലെ ഒന്നാം പാടം നേരത്തെ തന്നെ ഹിന്‍ഡാല്‍കോയുടെ കൈവശമായിരുന്നു. രണ്ടും മൂന്നും പാടങ്ങള്‍ തങ്ങള്‍ക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ട് 2005ല്‍ കുമാര്‍ മംഗലം ബിര്‍ള, പ്രധാനമന്ത്രിക്ക് കത്തുകള്‍ നല്‍കിയിരുന്നു. ഇത് കല്‍ക്കരി വകുപ്പിന്റെ നിര്‍ദേശങ്ങള്‍ക്കായി അയച്ചുകൊടുക്കുകയും അവിടെ നിന്ന് ലഭിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുകയും ചെയ്തുവെന്നാണ് മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരിക്കെ സര്‍ക്കാര്‍ നല്‍കിയ ഔദ്യോഗിക വിശദീകരണം. പാടങ്ങള്‍ ഹിന്‍ഡാല്‍കോക്ക് കൈമാറുന്നതാണ് നല്ലതെന്ന നിലപാട് ഒഡിഷ സര്‍ക്കാറും സ്വീകരിച്ചിരുന്നു. ഈ നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്ന് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് പറഞ്ഞിട്ടുമുണ്ട്.
കല്‍ക്കരി വകുപ്പ് പ്രധാനമന്ത്രിയുടെ കൈവശമിരിക്കെ, ആ വകുപ്പില്‍ നിന്ന് ലഭിച്ച അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത് തീരുമാനമെടുത്തുവെന്ന വാദത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്പില്ല. വകുപ്പ് ഭരിക്കുന്നവന്റെ ഇംഗിതത്തിന് അനുസരിച്ച് നോട്ടെഴുതുന്ന ഗുമസ്തരാണ് പൊതുവില്‍ രാജ്യത്തുള്ളത്. കുമാര്‍ മംഗലം ബിര്‍ള പ്രധാനമന്ത്രിക്ക് നല്‍കിയ കത്ത്, പ്രത്യേക താത്പര്യമൊന്നുമില്ലെങ്കില്‍ അഭിപ്രായം തേടാനായി താഴേക്ക് അയക്കുകയുമില്ലല്ലോ! കിട്ടുന്ന അപേക്ഷകളൊക്കെ ചുമതലപ്പെട്ട മന്ത്രാലയത്തിന് കൈമാറുക എന്നത് സാധാരണ നടപടിക്രമം മാത്രമെന്ന് വേണമെങ്കില്‍ വാദിച്ചുനില്‍ക്കുകയും ചെയ്യാം. അത് മുഖവിലക്കെടുക്കാന്‍ കോടതികള്‍ തയ്യാറായാലും ജനം തയ്യാറാകുമെന്ന് തോന്നുന്നില്ല.
അങ്ങനെ നോക്കുമ്പോള്‍, മറ്റ് ചില പ്രശ്‌നങ്ങള്‍ കൂടി ഉയര്‍ന്നുവരും. ഒന്നും രണ്ടും യു പി എ സര്‍ക്കാറുകളുടെ കാലത്തുള്ളത് മാത്രമല്ല, 1993 മുതലിങ്ങോട്ട് 2010 വരെ നടന്ന കല്‍ക്കരിപ്പാടം വിതരണങ്ങളെല്ലാം നിയമവിരുദ്ധമായിരുന്നുവെന്നാണ് സുപ്രീം കോടതി കണ്ടെത്തിയത്. അതെല്ലാം റദ്ദ് ചെയ്യാന്‍ കോടതി നിര്‍ദേശിച്ചതിനാലാണ് പാടങ്ങള്‍ ലേലം ചെയ്യാന്‍ രണ്ടാം യു പി എ സര്‍ക്കാറിന്റെ കാലത്ത് തീരുമാനമെടുക്കുകയും അത് നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കുകയും ചെയ്യുന്നത്. 1993 മുതല്‍ 2010 വരെയുള്ള വിവിധ സര്‍ക്കാറുകളുടെ കാലത്ത് കല്‍ക്കരി വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിമാരും അവരുടെ കീഴിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുമൊക്കെ നിയമവിരുദ്ധ നടപടികള്‍ക്ക് കൂട്ടുനിന്നുവെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവിന്റെ നേരര്‍ഥം. അങ്ങനെയെങ്കില്‍ ഡോ. മന്‍മോഹന്‍ സിംഗ് മാത്രമല്ല, മറ്റ് പലരും പ്രതിപ്പട്ടികയിലേക്ക് വരേണ്ടതുണ്ട്. 1999 മുതല്‍ 2004 വരെ രാജ്യം ഭരിച്ച എ ബി വാജ്പയി സര്‍ക്കാറിന്റെ കാലത്ത് 39 പാടങ്ങള്‍ അനുവദിക്കപ്പെട്ടു. നിയമവിരുദ്ധമാകയാല്‍ റദ്ദാക്കപ്പെട്ട ഈ ഇടപാടുകളിലും അഴിമതിയുടെ സാധ്യത തിരയേണ്ടതുണ്ട്.
കല്‍ക്കരി വകുപ്പ് മന്‍മോഹന്റെ കീഴിലിരിക്കെ അനുവദിക്കപ്പെട്ട പാടങ്ങളുടെ കാര്യത്തില്‍ മാത്രമാണോ അദ്ദേഹത്തിന് ഉത്തരവാദിത്വമെന്നതും പരിശോധിക്കപ്പെടണം. മന്ത്രിസഭയിലെ അംഗങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്കെല്ലാം പരോക്ഷ ഉത്തരവാദിത്വമുണ്ട് പ്രധാനമന്ത്രിക്ക്. അതുമാത്രമല്ല, സര്‍ക്കാറിന്റെ നയങ്ങള്‍ക്കനുസരിച്ച് തീരുമാനങ്ങളെടുത്ത് നടപ്പാക്കുമ്പോള്‍ മന്ത്രിസഭയിലെ അംഗങ്ങള്‍ ചുരുങ്ങിയത് പ്രധാനമന്ത്രിയുമായും ധനമന്ത്രിയുമായും ആശയവിനിമയം നടത്തുന്നുണ്ടാകണം. സ്‌പെക്ട്രം ഇടപാടില്‍ പ്രധാനമന്ത്രി, എ രാജക്ക് അയച്ച കത്തുകളും അദ്ദേഹം അതിന് നല്‍കിയ മറുപടികളും ഇത്തരമൊരു ആശയവിനിയമം നടക്കുന്നുവെന്നതിന് തെളിവാണ്. ഇത്തരം ഇടപാടുകളുടെ സാമ്പത്തിക നേട്ടകോട്ടങ്ങള്‍ പരിശോധിക്കേണ്ട ചുമതല ധനമന്ത്രിക്കാണ്. അതുകൊണ്ട് ആ സ്ഥാനം വഹിക്കുന്നയാളും ഉത്തരവാദിയാണ്. കല്‍ക്കരിപ്പാടം ലേലം ചെയ്ത് നല്‍കുകയാണ് വേണ്ടതെന്ന അഭിപ്രായം ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്ത് തന്നെ ശക്തമായിരുന്നതിനാല്‍ ധനമന്ത്രി പദം അലങ്കരിച്ചവരൊക്കെ, ലേലം കൂടാതെയുള്ള അനുമതികളില്‍ എന്ത് നിലപാട് സ്വീകരിച്ചുവെന്ന് പരിശോധിക്കേണ്ടതാണ്. പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഖനനം പോലുള്ളവക്ക് അനിവാര്യം. അപ്പോള്‍ ആ മന്ത്രാലയത്തിന്റെ ചുമതല വഹിച്ചവരുടെ പങ്കും പരിശോധിക്കേണ്ടതായി വരും. കല്‍ക്കരിപ്പാടങ്ങള്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാന സര്‍ക്കാറുകളും അതിന്റെ ചുമതലവഹിച്ചവരും അഴിമതി സാധ്യതയുടെ നിഴലില്‍ വരികയും ചെയ്യും. അങ്ങനെ കണക്കെടുത്താല്‍ അടല്‍ ബിഹാരി വാജ്പയ് മുതലിങ്ങോട്ട് പലരും മന്‍മോഹന്‍ സിംഗിന്റെ ഇപ്പോഴത്തെ സ്ഥാനത്തു വന്ന് നില്‍ക്കേണ്ടിവരുമെന്ന് ചുരുക്കം.
ഊര്‍ജോത്പാദനം ചെലവ് കുറഞ്ഞതാകുമെന്നും അതിലൂടെ വ്യവസായ വികസനത്തിന്റെ വേഗം കൂട്ടാമെന്നുമുള്ള കണക്കുകൂട്ടലില്‍ ലേലമൊഴിവാക്കി കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കാമെന്നും അവിടേക്ക് സ്വകാര്യ മേഖലയെ കടത്തിവിടാമെന്നും തീരുമാനിച്ച നയമാണ് യഥാര്‍ഥത്തില്‍ പാളിയത്. കല്‍ക്കരിയുടെ ഖനന മേഖലയില്‍ സ്വകാര്യ മേഖലയുടെ സാന്നിധ്യം അവസാനിപ്പിച്ച് ദേശസാത്കരണം നടപ്പാക്കിയത് കോണ്‍ഗ്രസ് നേതാവായ ഇന്ദിരാ ഗാന്ധിയാണ് – 1973ല്‍. 20 വര്‍ഷത്തിന് ശേഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ കുത്തക ഈ മേഖലയില്‍ വേണ്ടെന്ന് തീരുമാനിക്കുമ്പോള്‍ ഡോ. മന്‍മോഹന്‍ സിംഗായിരുന്നു ധനമന്ത്രി. പ്രധാനമന്ത്രി പദത്തില്‍ നരസിംഹ റാവുവും. അന്നുമുതല്‍ അഴിമതി ആരോപണമുയരും വരെ അനുവദിച്ച പാടങ്ങളുടെ എണ്ണം 208. അതില്‍ തന്നെ 113 എണ്ണം സ്വകാര്യ കമ്പനികള്‍ക്കായിരുന്നു. വെറും സ്വകാര്യ കമ്പനികളല്ല. ടാറ്റ, ജിണ്ടാല്‍, മിത്തല്‍ തുടങ്ങിയ ആഭ്യന്തര, ആഗോള വന്‍കിടക്കാര്‍. ലേലമൊഴിവാക്കി കല്‍ക്കരിപ്പാടം അനുവദിക്കപ്പെട്ടപ്പോള്‍ ഈ കമ്പനികള്‍ കൊള്ളലാഭമെടുക്കുക മാത്രമാണ് സംഭവിച്ചത്. ഉത്പാദനത്തിന് വേണ്ടിവരുന്ന ചെലവ് പെരുപ്പിച്ച് കാണിച്ച് കല്‍ക്കരിയുടെ കൈമാറ്റവില ഉയര്‍ത്തിവെക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. കൃഷ്ണ – ഗോദാവരി ബേസിനിലെ പ്രകൃതി വാതക ഖനനത്തിന് വേണ്ടിവന്ന ചെലവ് റിലയന്‍സ് പെരുപ്പിച്ച് കാട്ടിയത് ഉദാഹരണം.
ഈ നയം പ്രകൃതി വിഭവങ്ങളെ സ്വകാര്യ മേഖലക്ക് അടിയറവെക്കുന്നതിനാണ് സഹായിക്കുക എന്ന വിമര്‍ശം, ദേശസാത്കരണം ഒഴിവാക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ഉയര്‍ന്നിരുന്നു. നയം ആവിഷ്‌കരിച്ചവരോ അത് നടപ്പാക്കാന്‍ മുന്നില്‍ നിന്ന ഉദ്യോഗസ്ഥരോ അത് ചെവിക്കൊണ്ടില്ല. പിന്നീട് വന്ന സര്‍ക്കാറുകള്‍ക്കൊന്നും നയം തെറ്റിപ്പോയെന്നോ പ്രകൃതി വിഭവങ്ങള്‍ അനുവദിക്കുമ്പോള്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുകൂലമായ നിലപാടല്ല സ്വീകരിക്കേണ്ടതെന്നോ തോന്നിയില്ല. ഇതേ അവസ്ഥ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള ലൈസന്‍സും സ്‌പെക്ട്രവും അനുവദിച്ചതിലും കാണാനാകും. സ്വകാര്യ കമ്പനികള്‍ക്ക്, ഈ മേഖലയിലേക്ക് പ്രവേശിക്കുന്നതിനുള്ള പ്രോത്സാഹനമെന്ന നിലക്ക് ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യമെന്ന നിലയില്‍ ലൈസന്‍സും സ്‌പെക്ട്രവും അനുവദിക്കുക എന്ന നയമാണ് സ്വീകരിച്ചത്. ലൈസന്‍സ് ഫീസ് ഒഴിവാക്കി, വരുമാനം പങ്കിടല്‍ എന്ന പദ്ധതി ആവിഷ്‌കരിച്ചത് എ ബി വാജ്പയി ടെലികോം മന്ത്രാലയത്തിന്റെ ചുമതല കൈകാര്യം ചെയ്തിരുന്ന കാലത്താണ്. അതു തന്നെ വലിയ നഷ്ടം സര്‍ക്കാറിന് വരുത്തിവെച്ചുവെന്ന ആക്ഷേപത്തിന് കാരണമായി. പിന്നീടാണ് ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നയം ആവിഷ്‌കരിച്ചത്. ഇതിന്റെ തുടര്‍ച്ചയാണ് ദയാനിധി മാരന്റെയും എ രാജയുടെയും കാലത്ത് മന്‍മോഹന്‍ സിംഗിന്റെയും പ്രണാബ് മുഖര്‍ജിയുടെയും പി ചിദംബരത്തിന്റെയും മേല്‍നോട്ടത്തില്‍ നടപ്പാക്കപ്പെട്ടത്. അതുണ്ടാക്കിയ നഷ്ടക്കണക്കുകളാണ് പിന്നീട് സി എ ജി പുറത്തുവിട്ടത്.
1993 മുതല്‍ കല്‍ക്കരിപ്പാടവും 1998 മുതല്‍ ടെലികോം ലൈസന്‍സുകളും സ്‌പെക്ട്രവും ഇവ്വിധം വിതരണം ചെയ്യപ്പെട്ടിട്ടും അതുണ്ടാക്കുന്ന ഭീമമായ നഷ്ടത്തിന്റെ കണക്ക് പുറത്തുവരാന്‍ വര്‍ഷങ്ങളെടുത്തു. ഇക്കാലയളവില്‍ കണക്കുകള്‍ പരിശോധിച്ച്, തൃപ്തിപ്പെട്ടവരൊന്നും നഷ്ടത്തിന്റെ കണക്കിലേക്ക് ശ്രദ്ധതിരിക്കാതിരുന്നത് എന്തുകൊണ്ടാണ്? കല്‍ക്കരിയും സ്‌പെക്ട്രവുമൊക്കെ ലേലത്തില്‍ നല്‍കിയാലുണ്ടാകുന്ന ലാഭത്തെക്കുറിച്ച് അക്കാലത്തു തന്നെ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നുവെന്നത് കണക്കിലെടുക്കുമ്പോള്‍, ശ്രദ്ധിക്കാതെ പോയതാണെന്ന് കരുതുക വയ്യ. തീരുമാനങ്ങളെടുക്കുന്നവരെയും നടപ്പാക്കുന്നവരെയും പരിശോധനകള്‍ നടത്തുന്നവരെയും ഒരുപോലെ സ്വാധീനിക്കുകയോ അഴിമതിയുടെ വലയത്തില്‍പ്പെടുത്തുകയോ ചെയ്യാന്‍ ശേഷിയുള്ള വന്‍കിടക്കാരും അവരുടെ ഇംഗിതങ്ങള്‍ക്കൊപ്പിച്ച് നില്‍ക്കാന്‍ പാകത്തില്‍ സൃഷ്ടിക്കപ്പെട്ട സംവിധാനവും കൈകോര്‍ത്ത് പ്രവര്‍ത്തിച്ചതിന്റെ ഫലമായിരുന്നു ഈ അഴിമതികളൊക്കെ എന്ന് കരുതേണ്ടിവരും. അതിലൊന്നില്‍ മന്‍മോഹന്‍ സിംഗിനെ പ്രതിസ്ഥാനത്തു നിര്‍ത്തിയെന്നത് കൊണ്ടുമാത്രം പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല.
അഴിമതിക്ക് കളമൊരുക്കുകയും അതിന് അരുനില്‍ക്കുന്നവരെ സംരക്ഷിക്കുകയും ചെയ്യുന്ന നയങ്ങള്‍ തന്നെയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പിന്തുടരുന്നത്. കല്‍ക്കരിപ്പാടങ്ങള്‍ ലേലം ചെയ്‌തേ മതിയാകൂ എന്ന അവസ്ഥ വന്നതുകൊണ്ടുമാത്രമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അതിന് തയ്യാറാകുന്നത്. അല്ലെങ്കില്‍ ബിര്‍ളയുടെയും ടാറ്റയുടെയും റിലയന്‍സിന്റെയും അദാനിയുടെയുമൊക്കെ സംഭാവന, കണക്കിലുള്‍പ്പെടുത്തിയും അല്ലാതെയും സ്വീകരിച്ച പാര്‍ട്ടിയും അതിന്റെ നേതാക്കളും ഈ കമ്പനികള്‍ക്ക് നഷ്ടം വരുത്തുന്ന തീരുമാനം എടുക്കുമായിരുന്നോ? ഈ നഷ്ടം മറ്റെന്തെങ്കിലും വിധത്തില്‍ നികത്തിക്കൊടുക്കും മോദി സര്‍ക്കാര്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് അദാനിക്ക് സഹസ്ര കോടികളുടെ വായ്പ തരമാക്കിക്കൊടുക്കുന്നത് പോലുള്ള മറ്റെന്തെങ്കിലും വഴികള്‍ കണ്ടെത്തും. ടാറ്റക്കും അദാനിക്കും റിലയന്‍സിനുമൊക്കെ കുറഞ്ഞ നിരക്കില്‍ ഭൂമി പാട്ടത്തിന് കൊടുക്കുക വഴി 25,000 കോടി രൂപയുടെ ക്രമക്കേട് നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ നടന്നുവെന്ന് സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അത്തരത്തില്‍ ഭൂമി കൈമാറാനുള്ള നിര്‍ദേശങ്ങള്‍ റെയില്‍വേ, പൊതു ബജറ്റുകളില്‍ ഉള്‍പ്പെടുത്തിയതും പരിഹാരക്രിയയുടെ ഭാഗമാകണം.