Connect with us

National

നാഗാലാന്‍ഡില്‍ യുവാവിനെ മര്‍ദിച്ച് കൊന്ന സംഭവം; സി ബി ഐ അന്വേഷണത്തിന് ശിപാര്‍ശ

Published

|

Last Updated

കോഹിമ: നാഗാലാന്‍ഡിലെ ദിമാപൂരില്‍ ബലാത്സംഗ കേസിലെ കുറ്റാരോപിതനെ ജയില്‍ തകര്‍ത്ത് മര്‍ദിച്ച കോന്ന കേസ് സി ബി ഐ അന്വേഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തു. കഴിഞ്ഞ അഞ്ചാം തീയതിയാണ് ആയിരത്തോളം പേര്‍ ജയില്‍ തകര്‍ത്ത് സയ്യിദ് ഫരീദ് ഖാന്‍ എന്നയാളെ പിടിച്ചുകൊണ്ടുപോയി മര്‍ദിച്ച് കൊന്നത്.
ഫരീദ് ഖാനെതിരായ ബലാത്സംഗ കുറ്റം പൂര്‍ണമായി സ്ഥാപിക്കാന്‍ ആയിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറിയത്. ബലാത്സംഗം നടന്നതായാണ് പരാതിക്കാരിയുടെ പ്രാഥമിക മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട്. കുറ്റാരോപിതനെ മര്‍ദിച്ച് ക്ലോക്ക് ടവറില്‍ കെട്ടിത്തൂക്കിയതിനെ തുടര്‍ന്ന് ദിമാപൂരില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ എസ് എം എസും എം എം എസും തടഞ്ഞു. ഖാന്‍ നിയമവിരുദ്ധ ബംഗ്ലാദേശി കുടിയേറ്റക്കാരനാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കാര്യങ്ങല്‍ കൂടുതല്‍ വഷളാക്കി. എന്നാല്‍, അസമിലെ കരിംഗഞ്ച് ജില്ലയിലെ പദര്‍പൂര്‍ നഗരത്തിലാണ് ഖാന്റെ കുടുംബമെന്ന് തെളിഞ്ഞു. പിതാവും സഹോദരന്‍മാരും സൈനികരാണ്. ഒരു സഹോദരന്‍ കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ചിരുന്നു. കേസില്‍ നാഗാലാന്‍ഡ് പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ വെച്ചിരുന്നു. സംഘര്‍ഷത്തില്‍ പങ്കെടുത്ത നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു.