Connect with us

National

സോണിയയെയും ഹസാരെയെയും തുറന്ന സംവാദത്തിന് ക്ഷണിച്ച് ഗാഡ്കരി

Published

|

Last Updated

ന്യൂഡല്‍ഹി: ഭൂമിയേറ്റെടുക്കല്‍ ബില്ലില്‍ തുറന്ന സംവാദത്തിന് തയ്യാറാണോയെന്ന് കാണിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, അന്നാ ഹസാരെ അടക്കമുള്ള രാഷ്ട്രീയക്കാര്‍ക്കും സാമൂഹിക പ്രവര്‍ത്തകര്‍ക്കും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗാഡ്കരി കത്തയച്ചു. ബില്ലിനെതിരെ പ്രതിപക്ഷം പാര്‍ലിമെന്റിലും തെരുവില്‍ കര്‍ഷകരും ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണിത്. സോണിയ കഴിഞ്ഞ ദിവസം രാഷ്ട്രപതി ഭവനിലേക്ക് പ്രതിപക്ഷ നേതാക്കളുടെ മാര്‍ച്ചിന് നേതൃത്വം നല്‍കിയിരുന്നു. അന്നാ ഹസാരെയുടെ നേതൃത്വത്തിലാണ് കര്‍ഷക പ്രക്ഷോഭം.
തുറന്ന ചര്‍ച്ചക്ക് ക്ഷണിച്ച് സോണിയക്കും ഹസാരെക്കും കത്ത് നല്‍കിയതായി ഗാഡ്കരി അറിയിച്ചു. ഇലക്‌ട്രോണിക്, അച്ചടി മാധ്യമങ്ങളിലോ ചര്‍ച്ചക്ക് വരാന്‍ രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും തയ്യാറാകണം. തുറന്ന ചര്‍ച്ചയാകാം. എന്‍ ജി ഒകളെയും ക്ഷണിച്ചിട്ടുണ്ട്. ഗാഡ്കരി പറഞ്ഞു.
എന്‍ ഡി എ സര്‍ക്കാറിന്റെ ഭൂമിയേറ്റെടുക്കല്‍ ബില്ലിനെ എല്ലാ രീതിയിലും എതിര്‍ക്കുമെന്ന് കാണിച്ച് സോണിയ കഴിഞ്ഞ ദിവസം ഹസാരെക്ക് കത്തയച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഗാഡ്കരിയുടെ കത്ത്. നേരത്തെ ഹസാരെ നല്‍കിയ കത്തിന്റെ മറുപടിയായിരുന്നു സോണിയയുടെ കത്ത്. മാത്രമല്ല, 14 രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായി രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് ചെയ്തതും ഇതിന് കാരണമായി. ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ ഭേദഗതി ബില്ലിനെതിരെ പാര്‍ലിമെന്റില്‍ നിന്നാണ് സോണിയയുടെ നേതൃത്വത്തില്‍ രാഷ്ട്രപതിഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് 14ന് അയച്ച കത്ത് ലഭിച്ചു. ഭൂമിയേറ്റെടുക്കലില്‍ സ്വതന്ത്രവും സുതാര്യവുമായ നഷ്ടപരിഹാരത്തിനുള്ള അവകാശം (ഭേദഗതി), പുനരധിവാസം (ഭേദഗതി) ബില്‍ 2015ലെ സംശയങ്ങളും താങ്കള്‍ ഉന്നയിച്ചിട്ടുണ്ട്. എന്‍ ഡി എ സര്‍ക്കാറിന്റെ ഓര്‍ഡിനന്‍സും ഭേദഗതി ബില്ലും കര്‍ഷകര്‍ക്ക് ഒരിക്കലും അനുഗുണമല്ല എന്ന താങ്കളുടെ നിലപാടിനോട് യോജിക്കുന്നു. ഹസാരെക്ക് സോണിയ അയച്ച കത്തില്‍ പറയുന്നു.
ഈ കത്തിടപാടിനെ ഹസാരെയും കോണ്‍ഗ്രസും തമ്മില്‍ യോജിക്കുന്നുവെന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. ലോക്പാല്‍ ബില്‍ പാര്‍ലിമെന്റ് പാസ്സാക്കിയപ്പോള്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ ഹസാരെ അഭിനന്ദിച്ചിരുന്നു. മന്‍മോഹന്‍ സിംഗിന്റെ ഭരണകാലത്ത്, ലോക്പാല്‍ ബില്ലിന് വേണ്ടി ഹസാരെ നടത്തിയ പ്രക്ഷോഭം ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇത് യു പി എ സര്‍ക്കാറിന് വലിയ ക്ഷീണമാണുണ്ടാക്കിയത്.

Latest