സി ബി ഐ അന്വേഷണമില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍

Posted on: March 20, 2015 4:57 am | Last updated: March 20, 2015 at 12:57 am
SHARE

ബെംഗളൂരു/ ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഐ എ എസ് ഉദ്യോഗസ്ഥനായിരുന്ന ഡി കെ രവിയുടെ ദുരൂഹ മരണം സംബന്ധിച്ച് സി ബി ഐ അന്വേഷണം ഇപ്പോഴില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ ചെയ്യുന്ന പക്ഷം സി ബി ഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് കേന്ദ്രം ലോക്‌സഭയില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ കോണ്‍ഗ്രസ്, ബി ജെ പി അംഗങ്ങള്‍ തമ്മില്‍ ചൂടുപിടിച്ച വാഗ്വാദം നടന്നു. അതേസമയം, സി ഐ ഡിയുടെ അന്വേഷണ സംഘത്തിന് മൊഴി നല്‍കാന്‍ രവിയുടെ കുടുംബം തയ്യാറായില്ല. സി ബി ഐ അന്വേഷണ സംഘത്തിന് മാത്രമേ മൊഴി നല്‍കൂവെന്ന നിലപാടിലാണ് കുടുംബം
മന്ത്രിസഭാ യോഗത്തിന് ശേഷം ആഭ്യന്തര മന്ത്രി കെ ജെ ജോര്‍ജ് ആണ് സി ബി ഐ അന്വേഷണത്തിന് ആവശ്യപ്പെടില്ലെന്ന് അറിയിച്ചത്. ഇത് നിയമസഭയില്‍ എടുത്ത തീരുമാനമാണെന്നും അതില്‍ മാറ്റമില്ലെന്നും അദ്ദേഹം അറിയിച്ചു. ഈ വിഷയത്തില്‍ കര്‍ണാടക നിയമസഭയിലും ചൂടുപിടിച്ച രംഗങ്ങള്‍ ഉണ്ടായി. ബജറ്റ് സമ്മേളനം ആരംഭിച്ച വ്യാഴാഴ്ച തന്നെ പ്രതിപക്ഷമായ ബി ജെ പി, ജെ ഡി എസ് അംഗങ്ങള്‍ പ്രശ്‌നം ഉന്നയിച്ചതോടെ സഭയില്‍ ബഹളമായി. ഒടുവില്‍ സഭ തിങ്കളാഴ്ച ചേരാന്‍ തീരുമാനിച്ച് പിരിഞ്ഞു. തുടര്‍ച്ചയായ മൂന്നാം ദിവസാണ് നിയമസഭ ഈ വിഷയത്തെ തുടര്‍ന്ന് തടസ്സപ്പെടുന്നത്. തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ക്രമസമാധാനനിലയെ കുറിച്ച് അംഗങ്ങള്‍ക്കിടയില്‍ ചൂടുപിടിച്ച ചര്‍ച്ച നടന്നു. ഒരു ഘട്ടത്തില്‍ 15 മിനുട്ട് നേരം സഭ നിര്‍ത്തിവെക്കേണ്ടിയും വന്നു.
ബി ജെ പിയിലെ പ്രഹഌദ് ജോഷിയാണ് പ്രശ്‌നം ശൂന്യവേളയില്‍ ലോക്‌സഭയില്‍ ഉന്നയിച്ചത്. ധീരനും സത്യസന്ധനുമായ ഐ എ എസ് ഓഫീസറായ ഡി കെ രവി (35)യുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിട്ടുപോലും കര്‍ണാടക സര്‍ക്കാര്‍ സി ബി ഐ അന്വേഷണത്തിന് വിസമ്മതിക്കുകയാണെന്ന് ജോഷി ആരോപിച്ചപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ആ വാദത്തെ എതിര്‍ത്തു. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ട സി ഐ ഡി അന്വേഷണം പൂര്‍ത്തിയായ ശേഷം ആവശ്യമായ നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചാല്‍ കേന്ദ്രം സി ബി ഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് സഭക്ക് ഉറപ്പ് നല്‍കി.
സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം കര്‍ണാടക നിയമസഭക്ക് മുമ്പില്‍ കഴിഞ്ഞ ദിവസം ധര്‍ണ നടത്തിയിരുന്നു. ആവശ്യം പരിഗണിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു. ഈ അടുത്തകാലത്ത് കര്‍ണാടക കൊമേഴ്‌സ്യല്‍ ടാക്‌സസ് വകുപ്പില്‍ ജോയന്റ് കമ്മീഷണറായി നിയമിതനായ രവി, വന്‍കിട ബില്‍ഡര്‍മാരുടെ നികുതി വെട്ടിപ്പ് തുറന്നുകാണിക്കാന്‍ റെയ്ഡുകള്‍ക്ക് ലക്ഷ്യമിട്ടിരുന്നു. കര്‍ണാടകയിലെ കോലാറില്‍ ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ അനധികൃത ഭൂമികൈയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊണ്ടതിലൂടെ രവി ഏറെ ജനപ്രിയനായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ദക്ഷിണ ബെംഗളൂരുവിലെ താമസസ്ഥലത്ത് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കോലാര്‍ ജില്ലയില്‍ ചൊവ്വാഴ്ച രവിയുടെ മരണത്തില്‍ അനുശോചിച്ചും അദ്ദേഹത്തോട് ആദരവ് പ്രകടിപ്പിച്ചും പൊതുജനങ്ങള്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.