Connect with us

Gulf

ഒമാനിലും കൃത്രിമം: പാചകം ചെയ്ത അരിയില്‍ പ്ലാസ്റ്റികിന്റെ അംശം കണ്ടെത്തി

Published

|

Last Updated

മസ്‌കത്ത്: കേരളത്തില്‍ പ്ലാസ്റ്റിക് അരി വിവാദം കത്തിപ്പടരുന്നതിനിടെ മസ്‌കത്തിലും അരിയില്‍ പ്ലാസ്റ്റിക് അംശങ്ങള്‍ കണ്ടെത്തി. തായ്‌ലാന്‍ഡില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പ്രമുഖ കമ്പനിയുടെ അരിയിലാണ് പ്ലാസ്റ്റിക് അംശം കണ്ടെത്തിയത്. അരിയിട്ട വെള്ളം തിളപ്പിച്ച് കഴിയുമ്പോള്‍ പാട പോലെ പൊങ്ങിവരികയും ഇത് നീക്കിയെടുത്ത് പരിശോധിക്കുമ്പോള്‍ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തുകയും ചെയ്യുന്നുണ്ട്. പ്ലാസ്റ്റിക് കവറിന് സമാനമായ ഈ പാടകള്‍ കത്തിക്കുമ്പോള്‍ പ്ലാസ്റ്റിക് കത്തിക്കുമ്പോഴുണ്ടാകുന്ന മണമാണ് അനുഭവപ്പെടുന്നത്. റൂവിയില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി അബ്ദുര്‍റശീദ് വാങ്ങിയ അരിയില്‍ നിന്ന് പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്.

റൂവിയിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ അരി തിളപ്പിച്ചപ്പോള്‍ അസ്വാഭാവികത തിരിച്ചറിഞ്ഞതോടെയാണ് ഇതിന്റെ പാട എടുത്തുവെക്കുകയും മണിക്കൂറുകള്‍ക്ക് ശേഷം കത്തിച്ച് നോക്കുകയും ചെയ്തത്. അരി തിളപ്പിച്ചപ്പോള്‍ കിട്ടിയ പാട തനി പ്ലാസ്റ്റിക്കിന്റെ സ്വഭാവമാണുള്ളതെന്നും കത്തിച്ചപ്പോള്‍ പ്ലാസ്റ്റിക്ക് കത്തുന്നത് പോലെയാണ് കത്തി തീര്‍ന്നതെന്നും സമാനമായ അനുഭവമുള്ള കണ്ണൂര്‍ സ്വദേശി ശംസീര്‍ പറഞ്ഞു.
തായ്‌ലാന്‍ഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പേരിലാണ് അരി ഒമാനില്‍ വില്‍പന നടത്തുന്നതെന്നും മലയാളികള്‍ക്കിടയില്‍ ഏറെ ആവശ്യക്കാരുള്ള അരിയാണിതെന്നും വ്യാപാരികള്‍ പറയുന്നു. മലയാളികള്‍ കൂടുതലായി വാങ്ങുന്നതും ഈ അരിയാണ്. ഇത്തരം അരികള്‍ വേവിച്ച് കഴിച്ചാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമോയെന്ന കാര്യത്തിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്.
ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അരിയില്‍ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് മലബാര്‍ ഭാഗങ്ങളില്‍ ഉപഭോക്താക്കള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. വ്യാപകമായ തോതില്‍ സംസ്ഥാനത്ത് പ്ലാസ്റ്റിക് അരി വില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. ആരോഗ്യത്തിന് ഏറെ ഹാനികരമായ ചൈനീസ് പോളിമര്‍ വന്‍ തോതില്‍ കലര്‍ന്ന അരിയാണ് കേരളത്തില്‍ വില്‍പനക്ക് എത്തുന്നത്. കോഴിക്കോട് കണ്ണൂര്‍ ഭാഗങ്ങളില്‍ വ്യാപകമായ തോതില്‍ വില്‍ക്കപ്പെടുന്ന “പ്ലാസ്റ്റിക്” അരിക്ക് സമാനമായ തിളങ്ങുന്ന തരത്തിലുള്ള അരിയണ് റൂവിയിലും കണ്ടെത്തിയിരിക്കുന്നത്.

Latest