Connect with us

Kasargod

നികുതി ഭാരം: ദിനേശ് ബീഡി നിര്‍മാണം നിര്‍ത്തിവെക്കുന്നു

Published

|

Last Updated

കാസര്‍കോട്: ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച സംസ്ഥാന ബജറ്റിലൂടെ ഏര്‍പ്പെടുത്തിയ അമിത നികുതിഭാരം ദിനേശ് ബീഡി വ്യവസായത്തിന്റെ കഴുത്തു ഞെരിക്കുന്നു. കേരളത്തില്‍ ദിനേശ് ബീഡി നിര്‍മാണം തന്നെ നിര്‍ത്തിവെക്കേണ്ടിവരുന്ന സാഹചര്യമാണ് ഇതോടെ സംജാതമായിരിക്കുന്നത്. ബീഡിക്ക് പതിനാലര ശതമാനം നികുതി വര്‍ധിപ്പിക്കാനുള്ള ബജറ്റ് നിര്‍ദേശമാണ് ദിനേശ് ബീഡിക്ക് തിരിച്ചടിയായിരിക്കുന്നത്. കമ്പനി പൂട്ടുന്നതടക്കമുള്ള തീരുമാനങ്ങളെ കുറിച്ച് ആലോചിക്കാന്‍ ഇന്ന് മാനേജ്‌മെന്റിന്റെ അടിയന്തര യോഗം ചേരുന്നുണ്ട്. പൊതുവെ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ദിനേശ് ബീഡി വ്യവസായത്തിന് അമിത നികുതിഭാരം താങ്ങാനാകാത്ത ആഘാതമായിരിക്കയാണ്. ഈ മേഖലയെ ആശ്രയിച്ച് ഇപ്പോഴും ലക്ഷക്കണക്കിനാളുകള്‍ ഉപജീവനമാര്‍ഗം കണ്ടെത്തുന്നുണ്ട്. ഇവരെല്ലാം പെരുവഴിയിലാകുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉടലെടുത്തിരിക്കുന്നത്. പൊതുസ്ഥലങ്ങളിലെയും ജയിലുകളിലെയും പുകവലി നിരോധത്തോടെ ഏറെക്കുറെ തളര്‍ന്ന ബീഡി വ്യവസായത്തിന് ഉത്തേജനമേകാന്‍ വിതരണമേഖല ശക്തിപ്പെടുത്തി പദ്ധതി തയ്യാറാക്കുമ്പോഴാണ് ഭീമമായ നികുതി ചുമത്താനുള്ള തീരുമാനമുണ്ടായത്. പ്രതിവര്‍ഷം അഞ്ച് കോടിയുടെ ബീഡി വില്‍പ്പനയുള്ള ദിനേശ് ബീഡി കമ്പനി പുതിയ നിര്‍ദേശത്തോടെ 60 ലക്ഷം രൂപ വരെ നികുതി നല്‍കേണ്ടിവരുമെന്നാണ് അറിയുന്നത്. ഇതോടെ ബീഡി വില്‍പ്പനയില്‍നിന്നുള്ള വരുമാനം കമ്പനി ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും തികയാതെ വരുമെന്നാണ് മാനേജ്‌മെന്റ് ചൂണ്ടിക്കാണിക്കുന്നത്.

ബീഡിക്ക് വില കൂട്ടി അധികവരുമാനം കണ്ടെത്താന്‍ ശ്രമിച്ചാല്‍ വില്‍പ്പന വലിയ തോതില്‍ കുറയാനിടയാക്കുമെന്ന ആശങ്കയും മാനേജ്‌മെന്റ് പുലര്‍ത്തുന്നുണ്ട്. സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നിസാമിന്റെ കിംഗ് ബീഡിയടക്കം അന്യസംസ്ഥാനത്ത് നിര്‍മിക്കുന്ന ഒട്ടേറെ കമ്പനികളുടെ ബീഡികള്‍ കേരളത്തിലേക്ക് ഒഴുകിയെത്തുന്നുണ്ട്. വലിയ തോതിലുള്ള നികുതി ചുമത്തിയതോടെ ഇവയുടെ കള്ളക്കടത്തിനും വഴിയൊരുങ്ങും. അടുത്തിടെ ജയിലുകളില്‍ പുകവലി നിരോധം ഏര്‍പ്പെടുത്തിയതോടെ ജയിലുകളില്‍ ദിനേശ് ബീഡിയുടെ ഉപയോഗത്തിനും വിലങ്ങുതടി വന്നു. ഇതോടെ ദിനേശിന് പ്രതിമാസം അഞ്ച് ലക്ഷത്തോളം രൂപയുടെ കുറവാണുണ്ടായത്. ഈ പ്രതിസന്ധിയെ മറികടക്കാന്‍ നാട്ടിന്‍പുറങ്ങളില്‍ കൂടുതല്‍ വില്‍പ്പന കേന്ദ്രങ്ങള്‍ കണ്ടെത്തി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി വരുമ്പോഴാണ് നികുതി നിര്‍ദേശം വന്നതെന്നും ഈ സാഹചര്യത്തില്‍ കമ്പനി പൂട്ടുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്നും ചെയര്‍മാന്‍ സി രാജന്‍ പറയുന്നു.
അതേസമയം മാനേജ്‌മെന്റ് ദിനേശ് ബീഡിക്കമ്പനി പൂട്ടുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോയാല്‍ തൊഴിലാളി സംഘടനകള്‍ സമര രംഗത്തിറങ്ങാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ സി ഐ ടി യു നേതൃത്വത്തിന്റെ നിലപാട് നിര്‍ണായകമാകും.

Latest