വി എസിന്റെ പ്രസംഗമില്ലാതെ ഇ എം എസ് അനുസ്മരണം

Posted on: March 20, 2015 5:44 am | Last updated: March 20, 2015 at 12:44 am
SHARE

തിരുവനന്തപുരം: ഇ എം എസ് അനുസ്മരണ ചടങ്ങില്‍ പ്രസംഗിക്കാന്‍ വി എസ് അച്യുതാനന്ദന് അവസരം നല്‍കിയില്ല. നിയമസഭാമന്ദിരത്തിന് മുന്നിലെ ഇ എം എസ് പാര്‍ക്കിലായിരുന്നു പരിപാടി. പതിനാറ് വര്‍ഷമായി ഇ എം എസ് അനുസ്മരണത്തില്‍ വി എസ് പ്രസംഗിക്കാറുണ്ടായിരുന്നെങ്കിലും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാത്രമാണ് ഇന്നലെ സംസാരിച്ചത്. പാര്‍ട്ടിസെക്രട്ടറിയും പാര്‍ലിമെന്ററി പാര്‍ട്ടി നേതാവും പ്രസംഗിക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി. എന്നാല്‍, പാര്‍ട്ടി സെക്രട്ടറി മാത്രം സംസാരിച്ചാല്‍ മതിയെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു ഇന്നലെ. സമ്മേളന ബഹിഷ്‌കരണത്തിന് ശേഷം വി എസും പിണറായിയും പങ്കെടുത്ത ആദ്യപരിപാടി കൂടിയായിരുന്നു ഇന്നലെ. പി ബി അംഗങ്ങളായ പിണറായി വിജയനും എം എ ബേബിയും എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വനും പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്നും അവര്‍ക്ക് ആര്‍ക്കും പ്രസംഗിക്കാന്‍ അവസരം നല്‍കിയിട്ടില്ലെന്നും സി പി എം വൃത്തങ്ങള്‍ അറിയിച്ചു.
സ്വാഗതപ്രസംഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സംസാരിച്ചത്. തുടര്‍ന്ന് സ്വാഭാവികമായും അടുത്തത് വി എസ് എന്നു പ്രതീക്ഷിച്ചിരിക്കെ മൈക്ക് ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ കൈയിലെടുക്കുകയും പങ്കെടുത്ത പ്രമുഖരുടെ പേരുകള്‍ പറഞ്ഞ് അവരൊക്കെ ഉണ്ടെങ്കിലും ആരും സംസാരിക്കുന്നില്ല എന്നു പറയുകയുമായിരുന്നു.
എഴുതിക്കൊണ്ടുവന്നില്ലെങ്കിലും പ്രസംഗിക്കാന്‍ തയ്യാറായി തന്നെയായിരുന്നു വി എസ് എത്തിയത്. പരസ്പരം അഭിവാദ്യം ചെയ്യാതെയും മുഖത്തുനോക്കാതെയുമാണ് പിണറായി വിജയനും വി എസും ചടങ്ങിലുടനീളം പങ്കെടുത്തത്. ചടങ്ങ് സമാപിച്ചതോടെ ആരോടും മിണ്ടാതെ വി എസ് മടങ്ങി. കേന്ദ്രനേതൃയോഗങ്ങള്‍ക്കു മുന്നോടിയായി വി എസിനോടുള്ള സമീപനത്തില്‍ മാറ്റമില്ലെന്ന പ്രഖ്യാപനമായാണ് നേതൃത്വത്തിന്റെ തീരുമാനം വിലയിരുത്തപ്പെടുന്നത്.