അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വഴി രക്തചന്ദനക്കടത്ത്: മൂന്ന് പേര്‍ കൂടി പിടിയില്‍

Posted on: March 20, 2015 5:44 am | Last updated: March 20, 2015 at 12:44 am
SHARE

കൊച്ചി: വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വഴി 13 ടണ്‍ രക്തചന്ദനം ഷാര്‍ജയിലേക്ക് കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ കൂടി ഡി ആര്‍ ഐയുടെ പിടിയിലായി. തൃപ്പൂണിത്തുറ ഏരൂര്‍ സ്വദേശി കെ എന്‍ വേണുഗോപാല്‍(40), ആലുവ എടത്തല സ്വദേശി രാജേഷ്(38), പള്ളുരുത്തി സ്വദേശി ഷിബു(40) എന്നിവരാണ് പിടിയിലായത്. ഷിബു കോടതിയില്‍ കീഴടങ്ങുകയും മറ്റ് രണ്ടു പേരെ ഇന്നലെ രാവിലെ ഡി ആര്‍ ഐ അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയുമായിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള അഡീഷനല്‍ സി ജെ എം കോടതിയില്‍ ഹാജരാക്കിയ മൂവരെയും റിമാന്‍ഡ് ചെയ്തു.
ദുബൈയിലുള്ള അശ്‌റഫ് എന്നയാള്‍ക്ക് വേണ്ടിയാണ് രക്തചന്ദനം കടത്താന്‍ ശ്രമിച്ചതെന്ന് മുഖ്യപ്രതിയായ വേണുഗോപാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ആന്ധ്രയില്‍ നിന്ന്് ഇവര്‍ക്ക് രക്തചന്ദനം എത്തിക്കാനും കൊച്ചിയില്‍ നിന്ന് കയറ്റുമതി ചെയ്യാനുമുള്ള എല്ലാ സഹായവും നല്‍കിയിരുന്നത് അഷ്‌റഫായിരുന്നു. വേണുഗോപാലാണ് കൊച്ചി വഴിയുള്ള കള്ളക്കടത്തിന് ചുക്കാന്‍ പിടിച്ചത്. പരസ്യമായി രംഗത്തു വരാതെ സുഹൃത്തായ രാജേഷിനെ ഉപയോഗിച്ചായിരുന്നു ഇയാളുടെ ഓപറേഷന്‍. നേരത്തെ കൊച്ചി വഴി രക്തചന്ദന കള്ളക്കടത്ത് നടത്തിയ കേസില്‍ അറസ്റ്റിലായിട്ടുള്ള ഷിബുവാണ് കസ്റ്റംസ് ക്ലിയറന്‍സിന് ആവശ്യമായ നടപടികള്‍ക്ക് മുന്നില്‍ നിന്നത്. വ്യാജരേഖകളുണ്ടാക്കി കസ്റ്റംസ് ക്ലിയറന്‍സ് നേടിയെടുക്കാന്‍ കള്ളക്കടത്ത് സംഘത്തെ സഹായിച്ച ഫോര്‍ട്ടുകൊച്ചി പനയപ്പിള്ളി സ്വദേശി സുനോജിനെ നേരത്തെ ഡി ആര്‍ ഐ അറസ്റ്റ് ചെയ്തിരുന്നു.
സനോജില്‍ നിന്ന് ഷിബുവിന്റെ പങ്ക് സംബന്ധിച്ച് വിവരം ലഭിച്ച ഡി ആര്‍ ഐ ഇയാളെ കേസില്‍ പ്രതി ചേര്‍ത്തിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ ഷിബു കഴിഞ്ഞ ആഴ്ചയാണ് കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുഖ്യകണ്ണികളെ ഇന്നലെ പിടികൂടിയത്.
പ്ലൈവുഡ് എന്ന വ്യാജേന ഷാര്‍ജയിലേക്ക് കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച 12 ടണ്‍ രക്തചന്ദനം ജനുവരി എട്ടിനാണ് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ നിന്ന് ഡി ആര്‍ ഐ പിടികൂടിയത്.
ആലുവ എടയാറിലെ ഒരു ഗോഡൗണില്‍ നിന്ന് തൊട്ടടുത്ത ദിവസം ഒരു ടണ്‍ രക്തചന്ദനം കൂടി പിടികൂടുകയുണ്ടായി. ആന്ധ്രയില്‍ നിന്ന് റോഡ് മാര്‍ഗം പലപ്പോഴായി എത്തിച്ച രക്തചന്ദനം എടയാറിലെ ഗോഡൗണിലാണ് പ്രതികള്‍ സൂക്ഷിച്ചിരുന്നത്.
കളമശ്ശേരിയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെ എസ് ഐ ഇ എല്‍ ഫ്രൈറ്റ് സ്റ്റേഷനില്‍ കസ്റ്റംസ് പരിശോധന നടത്തി സീല്‍ ചെയ്ത പ്ലൈവുഡ് കയറ്റിയ കണ്ടെയ്‌നര്‍ അവിടെ നിന്ന് എടയാറിലെ ഗോഡൗണിലെത്തിച്ച് സീല്‍ ഇളക്കാതെ ലോക്ക് പൊളിച്ചുമാറ്റുകയും പ്ലൈവുഡ് ഇറക്കിയ ശേഷം രക്തചന്ദനം കയറ്റി വീണ്ടും ലോക്ക് ഘടിപ്പിച്ച് തുറമുഖത്ത് എത്തിക്കുകയുമായിരുന്നു. ഇതിന് ഒരാഴ്ച മുമ്പ് പരീക്ഷണാടിസ്ഥാനത്തില്‍ ഇവര്‍ ഷാര്‍ജയിലേക്ക് പ്ലൈവുഡ് മാത്രമായി കയറ്റിയയച്ചിരുന്നു.
ദുബൈയില്‍ എത്തുന്ന രക്തചന്ദനം അവിടെ നിന്ന് ചൈനയിലേക്കും ഹോങ്കോങ്ങിലേക്കുമാണ് കയറ്റിപ്പോകുന്നത്. ശരാശരി 150-200 രൂപക്ക് ആന്ധ്രയില്‍ നിന്ന് വാങ്ങുന്ന രക്തചന്ദനത്തിന് ചൈനയില്‍ എത്തുമ്പോള്‍ 1,500 മുതല്‍ 2,000 രൂപ വരെ ലഭിക്കും. വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഇതാദ്യമായാണ് കൊച്ചി വഴി രക്തചന്ദനം കടത്താന്‍ ശ്രമിക്കുന്നത്. കള്ളക്കടത്തിന് സഹായം നല്‍കിയ മൂന്ന് പേരെ കൂടി ഇനിയും പിടികൂടാനുണ്ടെന്ന് ഡി ആര്‍ ഐ വൃത്തങ്ങള്‍ പറഞ്ഞു.